ബാബു പി സൈമൺ.
ഡാളസ് : അനേകം ഹൃദയസ്പർശിയായ സ്മരണകൾ ഉണർത്തിക്കൊണ്ട്, നാല് വർഷത്തെ കോളേജ് പഠനത്തിനും, പന്ത്രണ്ട് വർഷത്തെ സ്കൂൾ ജീവിതത്തിനും ശേഷം, പ്രിയപ്പെട്ട കാമ്പസുകളിൽ നിന്ന് കുഞ്ഞുങ്ങൾ പടിയിറങ്ങി ജീവിതത്തിന്റെ പുതിയ അധ്യായത്തിലേക്ക് പ്രതീക്ഷയോടെ കടന്നു പോകുകയാണ്. ഓരോ രക്ഷിതാവിൻ്റെയും ഹൃദയത്തിൽ തങ്ങളുടെ മക്കളുടെ വളർച്ചയുടെ ഓരോ ഘട്ടവും ഒരു മധുര നൊമ്പരമായി അവശേഷിപ്പിക്കുന്നു. മകളുടെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങളിൽ നിന്ന്, അവൾ തൻറെ കാമ്പസിനെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. കൂട്ടുകാരുമൊത്തുള്ള നല്ല ദിനങ്ങളെ അവൾ ഇപ്പോൾ ഓർത്തെടുക്കുകയാണ്.ക്ലാസ്സ് മുറിയിൽ സംസാരിച്ചതിന് അദ്ധ്യാപിക നൽകിയ കുഞ്ഞു ശിക്ഷയെക്കുറിച്ച് പറയുമ്പോൾ മകളുടെ മുഖത്ത് നേരിയ പരിഭവത്തിന്റെ ലാഞ്ചന കാണാം. അവളുടെ സന്തോഷത്തിൽ പങ്കുചേരുമ്പോൾ അറിയാതെ ഓർമ്മകൾ പഴയ സ്കൂൾ, കലാലയ കാലഘട്ടങ്ങളിലേക്ക് ഒരു നിമിഷം എത്തിനോക്കി.
കാലം എത്ര വേഗമാണ് മാറിയത്. സ്കൂൾ മുറ്റം വരെ എയർ കണ്ടീഷൻ ചെയ്ത കാറിൽ കുട്ടികൾ വന്നിറങ്ങുന്ന ഇന്നത്തെ സുന്ദരമായ കാഴ്ചകൾ കാണുമ്പോൾ, പത്തു പൈസ കൊടുത്ത് ബസ്സിന്റെ പിൻവശത്തെ ചവിട്ടുപടിയിലും, കോണിപ്പടിയിലും, തൂങ്ങിക്കിടന്ന് കൃത്യസമയത്ത് സ്കൂളിലെത്തുന്ന സാഹസികമായ യാത്ര ഓർത്തുപോയി. മഴയും ഇടിമിന്നലും അരങ്ങു തകർക്കുമ്പോൾ സ്കൂളിന്റെ നാല് ചുവരുകൾക്കുള്ളിൽ പുറംലോകം കാണാതെ ഒതുങ്ങിക്കൂടുന്ന ഇന്നത്തെ കുട്ടികളെ കണ്ടപ്പോൾ, മേൽക്കൂരയും, അരമതിലുകളുള്ളതുമായ ക്ലാസ്സ് മുറികളിലിരുന്ന് ആകാശത്തിലെ മാറിമറയുന്ന വർണ്ണങ്ങൾ ആസ്വദിച്ചിരുന്ന കുട്ടി കാലം മനസ്സിൽ തെളിഞ്ഞു. വിശുദ്ധ സ്തേഫാനോസ് പുണ്യാളൻ രൂപത്തിന് താഴെ നിർമ്മിച്ചിട്ടുള്ള മതിലി
സ്കൂളിനോട് യാത്ര പറയുന്ന അവസാന ദിനത്തിൽ കൂട്ടുകാർ പരസ്പരം സ്നേഹത്തിന്റെ സന്ദേശങ്ങൾ കൈമാറിയിരുന്നു. “ഒരിക്കലും പിരിയില്ല എന്ന്” അന്ന് ദൃഢമായി പറഞ്ഞവർ എവിടെയാണെന്ന് അറിയാതെ ഇന്നും കാത്തിരിപ്പ് തുടരുന്നു. ശബ്ദഘോഷം നിറഞ്ഞ മുറിയിലേക്ക് പ്രധാന അദ്ധ്യാപകന്റ പ്രവേശനം ഏവരെയും നിശ്ശബ്ദരാക്കി.അദ്ധ്യാപകന്റെ ആ അവസാന ഉപദേശം ഇന്നും മനസ്സിൽ മായാതെ പതിഞ്ഞു കിടക്കുന്നു: “ഇന്നുമുതൽ നിങ്ങൾക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങളാൽ നിങ്ങളുടെ നിദ്ര നഷ്ടപ്പെട്ടേക്കാം. മാതാപിതാക്കളെയും അധ്യാപകരെയും വിശ്വസിച്ചുകൊണ്ട്, ഭാവിയെക്കുറിച്ചുള്ള സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുക.” ആ ഉപദേശത്തെ ഹൃദയത്തിലേറ്റിയ ഏവരേയും ഇന്ന് സന്തോഷത്തോടെ കാണാൻ സാധിക്കുന്നു.
പ്രിയ ബിരുദധാരികളെ, നിങ്ങളോടൊരൊറ്റ വാക്ക്: നല്ലൊരു നാളെയെ സ്വപ്നം കാണാൻ നിങ്ങൾക്ക് സാധിക്കട്ടെ. അവസരങ്ങളുടെ വാതിലുകൾ നിങ്ങൾക്കായി തുറന്നിട്ടിരിക്കുന്നു. വിജയത്തിന്റെ പടവുകൾ ചവിട്ടിക്കയറാൻ, ഭാവിയെക്കുറിച്ചുള്ള ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ , ഈശ്വരൻ നിങ്ങളെ സഹായിക്കട്ടെ. നിങ്ങൾക്ക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ!