വെട്ടിപ്പുറം മുരളി .
നിരന്തരമായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ ഗതാഗത പരിഷ്കാരങ്ങളുടെ പാതയിലാണു കേരളത്തിലെ ഗതാഗതവകുപ്പ്. തുടരെയുണ്ടായ ദുരന്തങ്ങളും കൂട്ടമരണങ്ങളും ഒട്ടേറെ വിമർശനങ്ങളും പരാതികളും ഉയർത്തിയ സാഹചര്യത്തിലാണ് നടപടികൾ സ്വികരിക്കാൻ അധികൃതർ തയ്യാറായത്. ഇതിന്റെ ഭാഗമായി വകുപ്പു മന്ത്രി ചില പ്രഖ്യപനങ്ങൾ നടത്തുകയും ചെയ്തു. ദുരന്തങ്ങൾ കുറയ്ക്കാൻ നടപടികൾ ആവശ്യമാണെങ്കിലും എങ്ങനെയുള്ള പരിഷ്കാരങ്ങളാണു വേണ്ടതെന്നു കരുതലോടെ കണ്ടെത്തേണ്ടതാണ്.
നടപടികളിൽ മുഖ്യം സ്വകാര്യ ബസ് മൂലമുള്ള അപകടങ്ങളിൽ മരണം സംഭവിച്ചാൽ ബസിന്റെ പെർമിറ്റ് 6 മാസത്തേക്ക് സസ്പെൻഡ് ചെയ്യും എന്നുള്ളതാണ്. ഗുരുതരമായ പരുക്ക് ഉണ്ടായാൽ സസ്പെൻഷൻ 3 മാസത്തേക്ക് ആയിരിക്കും. മറ്റു നിർദ്ദേശങ്ങളിൽ
പലതും ആവശ്യമുള്ളതും സ്വാഗതാർഹവും ആണ്. എന്നാൽ അപകടത്തിന്റെ സ്വഭാവം പരിഗണിക്കാതെ ബസിന്റെ പെർമിറ്റ് സസ്‌പെൻഡ് ചെയ്യുന്നതിലെ യുക്തി എന്താണ്? ബസ് എന്തു പിഴച്ചു? ബസിന്റെ ഉടമ എന്തു പിഴച്ചു? ആ ബസിൽ യാത്ര ചെയ്യുന്ന യാത്രക്കാർ എന്തു തെറ്റ് ചെയ്തു.
മറ്റൊരു കാര്യം കെ എസ് ആർ ടി സി ബസ് മൂലമുള്ള അപകടങ്ങളിൽ മരണം സംഭവിച്ചാൽ നടപടി ഒന്നുമില്ലേ? അത്തരം സംഭവങ്ങളിൽ നടപടി വേണ്ട എന്നുള്ളത് എന്തു സന്ദേശമാണു നൽകുന്നത്? കെ എസ് ആർ ടി സി യിലെയും സ്വകാര്യ ബസുകളിലെയും ഡ്രൈവർമാർ ഒരേ കുറ്റകൃത്യം ചെയ്താൽ എന്താണ് നടപടിയെന്നും വ്യക്തമല്ല. ബസിന്റെയോ ഡ്രൈവറുടെയോ പിഴ കൊണ്ടല്ലാതെ അപകടവും മരണവും സംഭവിച്ചാൽ സ്വികരിക്കേണ്ട നടപടി എന്താണ്? ഇത്തരം നിരവധി ചോദ്യങ്ങൾക്കു മറുപടി ഉണ്ടാകേണ്ടതാണ്.
എന്തായാലും ഡ്രൈവർമാരും യാത്രികരും മറ്റു നാട്ടുകാരും നിയമവും മര്യാദയും പാലിക്കണമല്ലോ. ചിന്തകളുടെ പരി ധിക്കപ്പുറം തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങളും, മൊബൈൽ ഫോണിൽ സംസാരിച്ചു മതിമറന്ന് ഇടംവലം നോക്കാതെ നടക്കുന്ന ചില യാത്രക്കാരും, സീബ്രാ ക്രോസിൽ പോലും വേഗം നിയന്ത്രിക്കാതെ പായുന്ന വാഹനങ്ങളും, ഗ്രീൻ സിഗ്നൽ കാണുന്നതിനു മുമ്പേ നിരത്തു മുറിച്ചു കടക്കാൻ ശ്രമിക്കുന്ന കാൽനടക്കാരും നമ്മുടെ വഴിയോരക്കാഴ്ചകളിൽ പെടുന്നു. മുമ്പിലോ പിമ്പിലോ കെ എസ് ആർ ടി സി ബസ് കാണുമ്പോൾ സ്വകാര്യ ബസിന്റെ ഡ്രൈവർ വാഹനം പറത്താനുള്ള മന്ത്രം സ്മരിക്കുന്നു. പിന്നീടു നാട്ടുകാരുടെ യാത്ര പുഷ്പകവിമാനത്തിലാണ്. ബസിന്റെ നിലയും യാത്രക്കാരുടെ വിലയും ഈ യാത്രയിൽ അപ്രസക്തമാകുന്നു. യാത്രീകരിൽ മിക്കവരും പ്രാണനിൽ പ്രിയമുള്ളവരാകയാൽ പ്രാർത്ഥനയിൽ മുഴുകുന്നു.
ഗതാഗത തടസം ഉണ്ടായാൽ ഡ്രൈവർമാർ തമ്മിൽ തെറി വിളിച്ചു തടസം മാറ്റുന്ന പ്രവണത യാത്രകൾക്കിടയിലെ ചില ഓർമ്മകൾ മാത്രം. ചില ഭാഷാ പ്രയോഗങ്ങൾ മായാതെയും മറക്കാതെയും നിലനിൽക്കുന്നത് ഇത്തരം സന്ദർഭ ങ്ങളിലൂടെയാണ്. കേരളത്തിനു പുറത്തു പലേടത്തും ഡ്രൈവർമാർ മാന്യമായി സഹകരിച്ചു ഗതാഗത തടസം മാറ്റുന്നതായി കണ്ടിട്ടുണ്ട്. അത്തരം ശീലങ്ങൾ കേരളത്തിലെ വീര്യമേറിയ കഥാപാത്രങ്ങളിൽ കാണാനാകില്ല. കൈയ്യൂക്കും മസിൽപ്പെരുപ്പും തെറിബലവും രാഷ്ട്രീയക്കരുത്തും ഇവിടെ പതിവായിരിക്കുന്നു. ആരെങ്കിലും ഇതിനെതിരെ അഭിപ്രായം പറഞ്ഞാൽ അവരെ ഒറ്റപ്പെടുത്താനും ‘ഇവിടെ ഇങ്ങനെ യൊക്കെയേ പറ്റൂ…’ എന്നു പറയാനും അവഗണിക്കാനും ജിവനക്കാരും ചില യാത്രക്കാരും തുനിയുന്നു. ഇതോടെ പലരും സ്വന്തം വാഹനം വാങ്ങാൻ പ്രേരിപ്പിക്കപ്പെടുന്നതായി കാണാം. ഇത്തരം അവസ്ഥകൾ പൊതുഗതാഗതത്തിന് യാത്രക്കാർ കുറയാൻ ഒരു കാരണമാകുന്നു.
നിയമം പാലിക്കുന്നതിനായി വാഹനം ഓടിക്കുന്നവർക്ക് ക്ലാസ്സ് കൊടുക്കുമെന്നു കേൾക്കുന്നു പ്രശ്നപരിഹാരത്തിന് ഇത് എത്രമാത്രം ഉതകുമെന്നു കണ്ടറിയണം. പിന്നെന്താണു പോംവഴിയെന്നു ബന്ധപ്പെട്ടവരും വേണ്ടപ്പെട്ടവരും ചിന്തിക്കണം.
നമുക്കൊരു പേരുമാറ്റ രീതി ഉണ്ടാകേണ്ടിയിരിക്കുന്നു പെരുമാറ്റശാസ്ത്രവും, ഇടപെടൽ രീതിയും ആവശ്യമാണ്. ഡ്രൈവർമാർക്കു മാത്രമല്ല, കുട്ടികൾ ഉൾപ്പെടെ സകലമാന പൗരജനങ്ങൾക്കും പെരുമാറ്റത്തെപ്പറ്റി അവബോധം നൽകുന്ന പദ്ധതി നടപ്പാക്കണം. അതിനായി പ്രൈമറി ക്ലാസ്സ് മുതൽ പെരുമാറ്റശാസ്ത്രം പഠിപ്പിക്കണം. വീട്ടിലും, നാട്ടിലും, പള്ളിക്കൂടത്തിലും, കലാശാലയിലും, പൊതുസ്ഥലത്തും എങ്ങനെ ഇടപെടണമെന്ന്, പെരുമാറണമെന്ന്, സംസാരിക്കണമെന്ന് പഠിപ്പിക്കേണ്ടത് അനിവാര്യമാകുന്നു. ഇതോടൊപ്പം നിരത്തിലെ നിയമങ്ങളും മര്യാദകളും പകർന്നു നൽകണം. പരസ്പരം മാനി ക്കാനുള്ള ചിട്ടകളും ചിന്തകളും എല്ലാവരിലും സംജാതമാകണം.. ഏതാനും അപകടങ്ങളെ തുടർന്നു ബസ് ജിവനക്കാർക്കു മാത്രം നൽകേണ്ടതോ അവർ മാത്രം അറിയേണ്ടതോ ആയ കാര്യമല്ലിത്. സർവ്വ ജനവും ഹൃദിസ്ഥമാക്കേണ്ട വസ്തുത കളാണിത്. എങ്കിലേ വിപത്തുക്കളെ ദൂരീകരിക്കാനും ദുരന്തങ്ങളെ നേരിടാനും കഴിയുകയുള്ളൂ.
ഇതൊക്കെ യാഥാർഥ്യമാകണമെങ്കിൽ ഭരണതലത്തിൽ നടപടികളും നയരൂപീകരണവും രൂപപ്പെടണം. ഒരു ജനതയെ സന്മാർഗത്തിലേക്കു നയിക്കാൻ തക്ക കാര്യശേഷിയും കർമ്മ കുശലതയും ഉള്ള ഭരണകർത്താക്കളും അതിന് അനുയോജ്യമായ ഭരണസംവിധാനവും ഉണ്ടാകേണ്ടിയിരിക്കുന്നു.