ജിയോ മലപ്പുറം.
മലപ്പുറം: ഏട്ടായിരത്തോളം വിദ്യാർത്ഥിനികളും യുവതികളും പങ്കെടുക്കുന്ന ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ്റെ മലപ്പുറം ജില്ലാ സമ്മേളനം ഇന്ന്. 40 വർഷം പിന്നിടുന്ന ജി.ഐ.ഓ യുടെ സംഘടനാ ശാക്തീകരണത്തിൽ നിർണായക പങ്കുവഹിക്കുന്നതായിരിക്കും ജി.ഐ ഒ ജില്ലാ സമ്മേളനം. ‘ഇസ്ലാം: വിമോചന പോരാട്ടങ്ങളുടെ നിത്യ പ്രചോദനം’ എന്ന തലക്കെട്ടിൽ 2024 നവംബർ 9 നു ശനിയാഴ്ച മലപ്പുറത്തെ വാറങ്കോടാണ് ജില്ലാ സമ്മേളനം നടക്കുന്നത്.
ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ സെക്രട്ടറി ജനറൽ ടി. ആരിഫലി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജി ഐ ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ: തമന്ന സുൽത്താന മുഖ്യാതിഥിയായി സംസാരിക്കും.സാമൂഹ്യ പ്രവർത്തക റൈഹാന കാപ്പൻ, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, ജമാഅത്തെ ഇസ്ലാമി കൂടിയാലോചന സമിതി അംഗം പി. റുക്‌സാന , ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല പ്രസിഡന്റ് ഡോ. നഹാസ് മാള,വനിതാ വിഭാഗം ജില്ലാ പ്രസിഡൻ്റ് സാജിദ സി എച്ച്, എന്നിവർ പൊതു സമ്മേളനത്തിൽ പങ്കെടുക്കും.
ഉച്ചക്ക് ശേഷം 3 മണിക്ക് മലപ്പുറം കോട്ടപ്പടിയിൽ നിന്നാരംഭിക്കുന്ന റാലിയിൽ അയ്യായിരത്തിലധികം വിദ്യാർത്ഥിനികളും യുവതികളും അണിനിരക്കും. മലബാർ വിവേചനത്തിനെതിരെയുള്ള പ്രതിഷേധവും ഫലസ്തീൻ വിമോചന പോരാട്ടത്തോടുള്ള ഐക്യദാർഡ്യവും നവ ലിബറിസ്റ്റ് നയങ്ങൾക്കെതിരെയുള്ള വിയോജിപ്പുകളും റാലിയിൽ ഉയർത്തും .ഫലസ്തീനികൾക്കെതിരിൽ ഇസ്രായേൽ നടത്തുന്ന വംശീയ ഉന്മൂലനത്തിനെതിരെ പ്രതിഷേധ കലാവിഷ്കാരവും സമ്മേളനത്തിൻ്റെ ഭാഗമാണ്. വഖ്ഫ് ഭേദഗതി നിയമത്തിനെതിരെയും മലബാർ വിവേചനത്തിനെതിരെയും പ്രമേയങ്ങൾ അവതരിപ്പിക്കും.
മലപ്പുറം ജില്ലയുടെ സംസ്കാരവും ചരിത്രവും വിളിച്ചോതുന്ന സമ്മേളന നഗരിയിൽ ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷനെ പരിചയപ്പെടുത്തുന്ന സ്റ്റാളും ഒരുക്കിയിട്ടുണ്ട്.