Thursday, January 16, 2025
HomeKeralaസുജിത് ദാസിന്റെ നടപടികൾ; സർക്കാർ സമഗ്ര ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടണം.

സുജിത് ദാസിന്റെ നടപടികൾ; സർക്കാർ സമഗ്ര ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടണം.

വെൽഫെയർ പാർട്ടി.

  • മുഴുവൻ കേസുകളും പുനരന്വേഷിക്കുക.
  • സംഘ്പരിവാറിന് വേണ്ടി നടത്തിയ ഇടപെടലുകളുടെ വിശദാംശങ്ങൾ പുറത്ത് വിടുക.
  • മാഫിയ ബന്ധവും അനധികൃത സ്വത്ത്  സമ്പാദനവും അന്വേഷിക്കുക.

ആർഎസ്എസ്‌കേരള പോലീസ്-മുഖ്യമന്ത്രിയുടെ ഓഫീസ് അവിശുദ്ധ കൂട്ടുകെട്ടിന്റെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് നാം കേട്ട് കൊണ്ടിരിക്കുന്നത്.

വെൽഫെയർ പാർട്ടി അടക്കമുള്ള സാമൂഹ്യ രാഷ്ട്രീയ രംഗത്തുള്ളവർ നേരത്തെ ഉന്നയിച്ച വാദങ്ങൾ ശരിവെച്ചുകൊണ്ട് മുൻ എസ്പി സുജിത് ദാസിന്റെ, കൊലപാതകമടക്കമുള്ള ക്രിമിനൽ കേസുകളിലെ പങ്കാളിത്തം, സ്വർണ്ണക്കടത്തു മാഫിയ സംഘങ്ങളുമായുള്ള ബന്ധം, സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കുന്ന നടപടികൾ എന്നിവ പുറത്തുവന്ന് കൊണ്ടിരിക്കുകയാണ്. ഈ ഉയർന്ന പോലീസ് ഉദ്യോഗസ്ഥന്റെ ദുരൂഹവും നിഗൂഢവുമായ വ്യക്തിത്വത്തെകുറിച്ചും ആസൂത്രിതമായ നടപടികളെകുറിച്ചും സമഗ്ര ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ ഉത്തരവിടണം.  മലപ്പുറം ജില്ലയിലെ ഇദ്ദേഹത്തിന്റെ പ്രവർത്തന കാലയളവിനെകുറിച്ച് സവിശേഷ അന്വേഷണം നടത്തണം.

മലപ്പുറം ജില്ലയിൽ പോലീസ് മേധാവിയായിരുന്ന കാലത്ത് സുജിത് ദാസ് ചാർജ് ചെയ്ത മുഴുവൻ കേസുകളിൽ കൂടിയാണ് ഇപ്പോൾ സംശയത്തിന്റെ കരിനിഴൽ വീണിരിക്കുന്നത്. അതിനാൽ സുജിത് ദാസ് മലപ്പുറം എസ്പിയായ കാലത്തെ മുഴുവൻ കേസുകളും ജുഡീഷ്യൽ അന്വേഷണത്തിന് വിധേയമാക്കാൻ സംസ്ഥാന സർക്കാർ തയാറാകണം.

എസ്പി സുജിത് ദാസ് നേതൃത്വം നൽകിയ ഡാൻസാഫ് സംഘമാണ് താനൂരിലെ താമ്രി ജിഫ്രിയെ കസ്റ്റഡിൽ കൊലപ്പെടുത്തിയത്.  ഇതേ സംഘത്തെ ഉപയോഗപ്പെടുത്തിയാണ് എടവണ്ണയിലെ റിദാൻ ബാസിലിനെ കൊന്നതെന്ന സംശയവും ഇപ്പോൾ ഉയർന്നിട്ടുണ്ട്. ഡാൻസാഫ് ടീമിലെ എഎസ്‌ഐ ആയിരുന്ന എടവണ്ണ സ്വദേശി ശ്രീകുമാറിന്റെ ആത്മഹത്യയും ദുരൂഹമാണ്.  ലഹരി മരുന്നുക്കടത്ത് തടയുന്നതിനായി എസ്പി നിയമിച്ച ഡാൻസാഫ് എന്ന ഈ രഹസ്യ സംഘം എന്തെല്ലാം ക്രൈമുകളാണ് ചെയ്തുകൂട്ടിയതെന്നത് ജുഡീഷ്യൽ അന്വേഷണത്തിലൂടെ മാത്രമേ പുറത്തു വരൂ.

സുജിത് ദാസിനെതിരെ തന്നെ പലതരം കേസുകൾ ഇപ്പോൾ ദിനംപ്രതി ഉയർന്നുകൊണ്ടിരിക്കുകയാണ്. എസ്പി ഓഫീസ് കോമ്പൗണ്ടിലെ മരം മുറിയോടെയാണിത് തുടങ്ങിയത്. അത് അട്ടിമറിക്കാൻ നടത്തിയ ശ്രമങ്ങളും ഇപ്പോൾ പുറത്തുവന്നു. കരിപ്പൂർ എയർപോർട്ടിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ച് സ്വർണ്ണ വേട്ട നടത്തിയതാണ് മറ്റൊരു കേസ്. ഇതിൽ 60 ശതമാനം സ്വർണം എസ്പിയും സംഘവും സ്വന്തമാക്കിയെന്ന ആരോപണം ഉയർത്തിയത് ഭരണപക്ഷ എംഎൽഎ പിവി അൻവറാണ്.  അത് ശരിവെക്കുന്ന പല തെളിവുകളും ഇപ്പോൾ പുറത്തുവരുന്നു. ഏറ്റവുമൊടുവിൽ എംഎസ്പി സ്‌കൂളിലെ നിയമനവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ ഉത്തരവ് ലംഘിച്ച് സുജിത് ദാസ് ആറ് നിയമനങ്ങൾ അനധികൃതമായി നടത്തിയെന്ന വിവരവും പുറത്തുവന്നു. എയ്ഡഡ് സ്വഭാവത്തിലുള്ള ഈ സ്‌കൂളിൽ നിയമനത്തിനായി എസ്പി ലക്ഷങ്ങൾ കൈപ്പറ്റി എന്ന ആരോപണം കൂടിയാണ് ഉയർന്നിരിക്കുന്നത്.

സുജിത്ത് ദാസ് എസ്പിയായ കാലത്ത് മലപ്പുറത്ത് സ്വമേധയാ പോലീസ് എടുക്കുന്ന കേസുകൾ മുൻവർഷത്തേക്കാൾ 350 മടങ്ങ് വരെ വർദ്ധിച്ചിരുന്നു. മലപ്പുറം ക്രിമിനൽ കേന്ദ്രമാണെന്ന് വരുത്തി തീർക്കാൻ എസ്പി നടത്തിയ ശ്രമമാണ് ഇതെന്ന് സംശയിക്കേണ്ടതാണ്. പത്തു പേരടങ്ങിയ ഒരു സംഘം ഒരു കേസിൽ ഉൾപ്പെട്ടാൽ രണ്ടു വീതം ആളുകൾക്ക് അഞ്ച് എഫ്‌ഐആർ ഇട്ട് കേസ് വർദ്ധിപ്പിക്കുന്ന രീതിയാണ് സുജിത് ദാസ് സ്വീകരിച്ചിരുന്നത്.  മറ്റെല്ലാ ജില്ലകളിലും പെറ്റി കേസ് മാത്രമായി ചാർജ് ചെയ്യുന്ന കുറ്റങ്ങൾ മലപ്പുറം ജില്ലയിൽ മാത്രം ഐപിഎസ് നിയമപ്രകാരം ഗുരുതര കുറ്റങ്ങൾ ചുമത്തുന്ന കേസുകളാക്കുന്ന രീതിയും എസ്പി പയറ്റി. ഇവയെല്ലാം മുൻനിർത്തിയാണ് സുജിത് ദാസ് ദുരൂഹ വ്യക്തിത്വമാണെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി പറയുന്നത്. ഇനിയും പുറത്ത് വരാത്ത പല ക്രൈമുകൾക്കും സുജിത് ദാസും ഡാൻസാഫും നേതൃത്വം നൽകിയിട്ടുണ്ടാവും. ഇവയെല്ലാം സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കാൻ പോലീസ് ബാഹ്യമായ ജുഡീഷ്യൽ അന്വേഷണത്തിനേ സാധിക്കൂ. അതിന് സംസ്ഥാന സർക്കാർ തയ്യാറായേ പറ്റൂ.

മലപ്പുറം പോലുള്ള ജില്ലയിൽ സംഘ്പരിവാറിന് വേണ്ടി നടത്തിയ ഇടപെടലുകളുടെ വിശദാംശങ്ങൾ പുറത്ത് വിടണം. ഈ ജില്ലയിൽ ജനങ്ങളെ വംശീയ മുൻവിധിയോടെ സമീപിക്കാനുള്ള അവസരം നൽകുന്ന, സങ്കേതികമായി മാത്രം ശരിയായ കള്ളക്കഥകൾ ഔദ്യോഗിക രേഖകളിൽ വരുത്താനാണ് ഇദ്ദേഹം അധികാര ദുർവിനിയോഗം നടത്തിയത്. ഈ ജില്ലയുടെ സഹോദര്യത്തേയും സമാധാന അന്തരീക്ഷത്തേയും തകർക്കാൻ എന്തെല്ലാം കെണികളാണ് ഇദ്ദേഹവും സംഘവും ഒരുക്കി കൊടുത്തിട്ടുള്ളതെന്ന് മലപ്പുറം ജില്ലയിലെ ജനങ്ങൾക്ക് അറിയേണ്ടതുണ്ട്.

മാഫിയ സംഘങ്ങളോടുള്ള ബന്ധങ്ങൾക്ക് പിന്നിലെ താൽപര്യവും അനധികൃത സ്വത്ത് സമ്പാദനവും അന്വേഷണ വിധേയമാക്കണം.

പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നവർ:

നാസർ കീഴ്പറമ്പ് (ജില്ലാ പ്രസിഡണ്ട്)

മുനീബ് കാരകുന്ന് (ജില്ലാ ട്രഷറർ)

ആരിഫ് ചുണ്ടയിൽ (ജില്ലാ സെക്രട്ടറി)

നൗഷാദ് ചുള്ളിയൻ (ജില്ലാ സെക്രട്ടറി).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments