Wednesday, January 15, 2025
HomeKeralaപ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രവാസി മന്ത്രാലയം രൂപീകരിക്കണം .

പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രവാസി മന്ത്രാലയം രൂപീകരിക്കണം .

 വെൽഫെയർ ഫോറം.

രാജ്യത്തിന്റെ വികസനത്തിൽ വലിയ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന പ്രവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രവാസി മന്ത്രാലയം രൂപീകരിക്കണമെന്ന് പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡണ്ട് അസ്്‌ലം ചെറുവാടി ആവശ്യപ്പെട്ടു. കേരളത്തിൽ ഒരു പ്രവാസി മന്ത്രാലയം സ്ഥാപിച്ചുകൊണ്ട് കേരള സർക്കാർ ഇതിന് മാതൃക കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിന് വലിയ സംഭാവനകൾ നൽകിയ പ്രവാസികൾക്ക്, അവർ ഏത് രാജ്യത്ത് ജീവിക്കുന്നവരാണെങ്കിലും വോട്ടവകാശം ഉറപ്പുവരുത്താൻ ആവശ്യമായ നിയമനിർമാണം നടത്താൻ സർക്കാറുകൾ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസി പ്രശ്‌നങ്ങൾ പരിഹാരമെന്ത്? എന്ന ശീർഷകത്തിൽ പ്രവാസി വെൽഫെയർ ഫോറം മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചർച്ചാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടി.എച്ച് കുഞ്ഞാലി ഹാജി (ജില്ലാ പസിഡണ്ട്, പ്രവാസി ലീഗ്), വി.കെ. അബ്ദുൽ റഊഫ് (ജില്ലാ സെക്രട്ടറി, കേരള പ്രവാസി സംഘം), പി.കെ. കുഞ്ഞുഹാജി (ജില്ലാ പ്രസിഡണ്ട്, കേരള പ്രദേശ് പ്രവാസി കോൺഗ്രസ്), നാസർ ഡെബോണ (ജില്ലാ സെക്രട്ടറി, പ്രവാസി ഫെഡറേഷൻ), ഷാഹിർ മൊറയൂർ
(ചെയർമാൻ, പിസിഎഫ് ജില്ലാ വെൽഫെയർ ബോർഡ്), ഉമ്മർ കോയ എം
(പ്രവാസി എഴുത്തുകാരൻ), ഉസ്മാൻ ഇരുമ്പുഴി (പ്രവാസി ആർട്ടിസ്റ്റ്) തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
അംശാദായം വർധിപ്പിക്കാതെത്തന്നെ പ്രവാസി ക്ഷേമ പെൻഷൻ 5000 രൂപ ആയി വർധിപ്പിക്കണം, സീസണുകളിൽ വിമാനക്കമ്പനികൾ നടത്തുന്ന ടിക്കറ്റ് കൊള്ള അവസാനിക്കാൻ നടപടികളെടുക്കണം എന്നീ ആവശ്യങ്ങളും സംഗമത്തിൽ ഉന്നയിക്കപ്പെട്ടു.
വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് സമാപന പ്രഭാഷണം നടത്തി. പ്രവാസി വെൽഫെയർ ഫോറം ജില്ലാ സെക്രട്ടറി എ.കെ. സൈദലവി സ്വാഗതവും ജില്ലാ ട്രഷറർ മുഹമ്മദലി മങ്കട നന്ദിയും പറഞ്ഞു.
പ്രവാസി വെൽഫെയർ ഫോറം ജില്ലാ പ്രസിഡണ്ട് ഹസനുൽ ബന്ന അധ്യക്ഷനായിരുന്നു.
പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന സെക്രട്ടറി ജാബിർ വടക്കാങ്ങര പ്രമേയാവതരണം നടത്തി. (പ്രമേയം താഴെ കൊടുക്കുന്നു.)

ഫോട്ടോ:
പ്രവാസി പ്രശ്‌നങ്ങൾ, പരിഹാരമെന്ത്? എന്ന ശീർഷകത്തിൽ പ്രവാസി വെൽഫെയർ ഫോറം മലപ്പുറത്ത് സംഘടിപ്പിച്ച ചർച്ചാസംഗമം സംസ്ഥാന പ്രസിഡണ്ട് അസ്്‌ലം ചെറുവാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.


പ്രമേയം:
ഇന്ത്യാ രാജ്യത്തിന് പൊതുവിലും കേരള സംസ്ഥാനത്തിന് വിശേഷിച്ചും സാമ്പത്തിക സുസ്ഥിതി നേടികൊടുക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ച പ്രവാസി സമൂഹത്തെ നിരന്തരമായി ദ്രോഹിച്ചുകൊണ്ടിരിക്കുന്ന സമീപനമാണ് കേന്ദ്ര സംസ്ഥാന സർക്കാറുകളും വിമാന കമ്പനികളും വിമാനത്താവള അതോറിറ്റുകളും സ്വീകരിച്ചു പോരുന്നത്.
കറവപ്പശുക്കളപ്പോലെ ഏറ്റവും കൂടുതൽ ചൂഷണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നവരാണ് പ്രവാസികൾ. എല്ലാ വർഷങ്ങളിലും സീസൺ സമയങ്ങളിൽ ടിക്കറ്റുകൾക്ക് അമിതമായ വില വർധിപ്പിച്ച് പ്രവാസികളെ വിമാന കമ്പനികൾ ദ്രോഹിച്ചു കൊണ്ടിരിക്കുമ്പോൾ അതിന് മൗനാനുവാദം നൽകുന്ന സമീപനമാണ് സർക്കാറുകളുടെ ഭാഗത്ത് നിന്നും എന്നും സ്വീകരിച്ചു പോന്നിട്ടുള്ളത്.
ഈ വർഷവും ലീവ് കഴിഞ്ഞ് തിരിച്ചു പോകുന്ന പ്രവാസികൾ നാലിരട്ടി വില കൊടുത്താണ് ടിക്കറ്റുകൾ വാങ്ങേണ്ടി വന്നത്. ഗൾഫിലെ സ്‌കൂൾ അവധി കഴിഞ്ഞ് തിരിച്ചു പോകുന്ന പ്രവാസി കുടുംബങ്ങൾക്ക് ഇത്രയും വലിയ സംഖ്യ കൊടുത്ത് ടിക്കറ്റ് വാങ്ങുക എന്നത് വളരെ ദുഷ്‌കരമാണ്.
രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ കേന്ദ്ര സർക്കാർ കോർപറേറ്റുകൾക്ക് വിൽപനയാക്കിയതിന്റെ ദുരിതങ്ങൾ അനുഭവിക്കുന്നതും പ്രവാസികളാണ്. കരിപ്പൂർ വിമാനത്താവളത്തിൽ ഈയിടെ പാർക്കിംഗ് ഫീസ് വർധിപ്പിച്ചതും പ്രവാസികൾ നേരിടേണ്ടി വരുന്ന മറ്റൊരു ദുരന്തമാണ്.
വിദ്യഭ്യാസ സ്ഥാപനങ്ങളിൽ പ്രവാസികളുടെ മക്കളിൽ നിന്നും അമിതമായ ഫീസുകൾ ഈടാക്കുക, വോട്ടവകാശം നിഷേധിക്കുക തുടങ്ങിയ പല പ്രശ്‌നങ്ങളും ഇന്നും പരിഹരിക്കപ്പെടാതെ തുടർന്നുകൊണ്ടിരിക്കുന്നു.
പ്രവാസികൾക്കെതിരെ തുടർന്നുകൊണ്ടിരിക്കുന്ന ദ്രോഹ നടപടികൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുകയും സർക്കാറുകൾ ഇനിയും അമാന്തിച്ച് നിൽക്കാതെ പ്രവാസി പ്രശ്‌നങ്ങൾക്ക് സമുചിതമായ പരിഹാരങ്ങൾ കണ്ടെത്തി നടപ്പിലാക്കണമെന്നും ഈ പ്രമേയത്തിലൂടെ ശക്തമായി ആവശ്യപ്പെടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments