വെൽഫെയർ പാർട്ടി.
മലപ്പുറം : പ്ലസ് വൺ സീറ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ച സർക്കാർ തീരുമാനം ജനകീയപോരാട്ടങ്ങളുടെ വിജയമാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് വിലയിരുത്തി. സീറ്റുകളുടെ കുറവില്ല എന്ന് നിരന്തരം പറഞ്ഞു കൊണ്ടിരുന്ന മന്ത്രിക്ക് അവസാനം യാഥാർത്ഥ്യം സമ്മതിക്കേണ്ടിവന്നിരിക്കുന്നു. 120 അധിക ബാച്ചുകളിൽ തീരുന്നതല്ല മലപ്പുറത്തിന്റെ പ്രശ്നം. ജില്ലയിലെ പത്താംക്ലാസ് വിജയിച്ച മുഴുവൻ കുട്ടികൾക്കും പഠിക്കാനുള്ള അവസരം ഒരുക്കിയാൽ മാത്രമേ ഈ പ്രശ്നം പൂർണ്ണമായി തീരുകയുള്ളൂ. അത് ഭരണകൂടത്തിന്റെ ബാധ്യതയാണ്. ജില്ലക്ക് അനുവദിച്ചതിൽ സയൻസ് ബാച്ച് ഇല്ലാത്തതും ഒരു പ്രശ്നമാണ്.
ഭരണകൂടത്തിന് തീരുമാനമെടുക്കാൻ നിർബന്ധിതമാകും വിധം ജനകീയ പ്രക്ഷോഭങ്ങളെ മുന്നോട്ടു കൊണ്ടുപോയ ഫ്രട്ടേണിറ്റി അടക്കമുള്ള മുഴുവൻ വിദ്യാർഥി സംഘടനകളെയും വെൽഫെയർ പാർട്ടി അഭിവാദ്യം ചെയ്യുകയാണ്.
ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർ ഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂർ, ജാഫർ സി സി, രജിത മഞ്ചേരി, ഇബ്രാഹിം കുട്ടി മംഗലം, ആരിഫ് ചുണ്ടയിൽ, ബിന്ദു പരമേശ്വരൻ, ഖാദർ അങ്ങാടിപ്പുറം, അഷറഫ് കെ കെ, നൗഷാദ് ചുള്ളിയൻ, അഷ്റഫലി കട്ടുപ്പാറ എന്നിവർ സംസാരിച്ചു.