Thursday, June 20, 2024
HomeNew Yorkമിസ് ഒട്ടവ ആയി മലയാളി പെൺകുട്ടി ലെനോർ സൈനബ്.

മിസ് ഒട്ടവ ആയി മലയാളി പെൺകുട്ടി ലെനോർ സൈനബ്.

ജോയിച്ചന്‍ പുതുക്കുളം.

ഒട്ടാവ, കാനഡ: മിസ് ഒട്ടവ ആയി മലയാളി പെൺകുട്ടി ലെനോർ സൈനബ്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ പെൺകുട്ടി ഈ നേട്ടം കരസ്ഥമാക്കുന്നത്.

ടൊറോന്റോയിൽ ആയിരുന്നു മത്സരം. ടൊറോന്റോയിലുള്ള പാജന്റ് ഗ്രൂപ്പ് കാനഡ  എന്ന സംഘടനയാണ്  എല്ലാ കൊല്ലവും ഈ മത്സരം നടത്തി വരുന്നത്. കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി എത്തിയ മുപ്പത്തഞ്ചോളം  മത്സരാർത്ഥികളെ പിന്തള്ളിയാണ് ക്രിമിനോളജിയിലും നിയമത്തിലും പഠനം തുടരുന്ന ഈ പത്തൊമ്പതുകാരി   മലയാളികളുടെ അഭിമാനമായത്.

‘ഇത്  ആദ്യ സൗന്ദര്യമത്സരത്തിൽ വിജയിക്കുന്നതിനുള്ള  എന്റെ യാത്രയുടെ കഥയാണ്.  രസകരമായ ഒരു വസ്തുത, 1998 ലെ മിസ് വേൾഡ് വിജയി  ലിനർ അബർഗിലിന്റെ  പേരിൽ  നിന്നാണ്  എൻ്റെ അമ്മ  ഫാത്തിമ റഹ്മാൻ എനിക്ക് ഈ പേരിട്ടത്.  അത് മത്സരങ്ങളോടുള്ള എൻ്റെ അഭിനിവേശത്തിൽ വലിയ പങ്കുവഹിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നു.

‘എൻ്റെ കംഫർട്ട് സോണിൽ നിന്ന് പുറത്തുകടക്കാനും മത്സരങ്ങൾ പരീക്ഷിക്കാനും  ധൈര്യം നേടിയതിൻ്റെ ഒന്നാമത്തെ കാരണവും  അമ്മയാണ്. എൻ്റെ യാത്രയിലുടനീളം അമ്മ  പൂർണ്ണ പിന്തുണ നൽകി,’ ലെനോർ സൈനബ് പറഞ്ഞു.

മൈസൂരിൽ ജനിച്ചു, ഇന്ത്യ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, കാനഡ എന്നിങ്ങനെ നാല് വ്യത്യസ്ത രാജ്യങ്ങളിൽ വളർന്ന ലെനോർ സൈനബ് ഇപ്പോൾ കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിൽ  കുടുംബസമേതം താമസിക്കുന്നു. കാൽഗറി ഫുട് ഹിൽസ് ഹോസ്പിറ്റലിലെ പീഡിയാട്രിക് വിഭാഗം ഡോക്ടർ മുഹമ്മദ് ലിബാബിന്റെയും ഫാത്തിമാ റഹ്‌മാന്റേയും മൂത്ത മകളാണ് ലിനോർ.   മുഹമ്മദ് ഇമ്രാൻ, ഡന്നിയാൽ  എന്നിവർ ആണ്  സഹോദരന്മാർ. നാട്ടിൽ ആലുവ സ്വദേശിയാണ് ഡോ. മുഹമ്മദ് ലിബാബ്.  കറുപ്പംവീട്ടിൽ കുടുംബാംഗം. എ.കെ.എം.ജിയിലും സജീവമാണ്.

ലെനോർ സൈനബ്  തുടരുന്നു: ‘ക്രിമിനോളജിയിലും നിയമത്തിലും കരിയർ പിന്തുടരുന്ന ഞാൻ എൻ്റെ ഒരു പഴയ അഭിനിവേശം സഫലമാക്കാൻ  തീരുമാനിച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ കാനഡയിലും ലോകമെമ്പാടുമുള്ള ഏറ്റവും വലിയ  സൗന്ദര്യ മത്സരങ്ങളിലൊന്നിൽ പങ്കെടുക്കാൻ   ഓൺലൈനിൽ  അപേക്ഷിച്ചു. കമ്പനിയുടെ ഡയറക്ടർ  1996-ലെ മിസ് വേൾഡ് കാനഡ ആണ് .  വൈകാതെ അവർ അഭിമുഖത്തിനു വിളിച്ചു.  പെട്ടെന്ന് തന്നെ അവർ തന്നോട് വലിയ സ്നേഹം പ്രകടിപ്പിക്കുകയും പഴയ കാലത്തെ അവരെ എന്നിൽ  കാണുന്നുവെന്നും  പറഞ്ഞു,  ഇതുവരെ അനുഭവിച്ചതിനേക്കാൾ വലിയ സ്വപ്നങ്ങളുള്ള ഒരു പെൺകുട്ടി എന്ന് വിശേഷണത്തോടെ.’

ഇത്രയും പെട്ടെന്ന് മത്സരത്തിൽ പ്രവേശനം കിട്ടുമെന്ന് കരുതിയില്ല എന്ന് ലെനോർ പറഞ്ഞു. അങ്ങനെ അതിനായി പതുക്കെ  തയ്യാറെടുക്കാൻ തുടങ്ങി. റിഹേഴ്സലുകൾ, വസ്ത്രങ്ങൾ മാറൽ,  മത്സരത്തിൽ പങ്കെടുക്കുന്ന പെൺകുട്ടികളുമൊത്തുള്ള സ്റ്റേജിന് പിന്നിലെ ചിരികൾ എല്ലാം പുതുമയായി.

‘ഫൈനൽ ഷോ വന്നു, ഞാൻ വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ മിസ് ഒട്ടവ പട്ടം  എന്നെ തേടിയെത്തി. ആദ്യം പ്രഖ്യാപിച്ച വിജയി ഞാനായിരുന്നു, അത് അവിശ്വസനീയമായിരുന്നു. വലിയ  സന്തോഷത്തോടെയും  ആവേശത്തോടെയും ഞാൻ എൻ്റെ കിരീടവും സാഷും  സ്വീകരിച്ചു.

മിസ് വേൾഡ് കാനഡ, മിസ് എർത്ത് കാനഡ, മിസ് സുപ്രനാഷണൽ കാനഡ, മിസ് ഒൻ്റാറിയോ എന്നിവരെയും മറ്റ് നിരവധി മത്സര വിജയികളെയും അവിടെ കണ്ടുമുട്ടി. അവരുമായി പരിചയമായി. ലോകത്ത് അനുദിനം മാറ്റം വരുത്താൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നത് ജീവിത വ്രതമാക്കിയ  സുന്ദരികളായ സ്ത്രീകൾ ഇപ്പോൾ എനിക്ക് ചുറ്റും ഉണ്ട്. അവർ എന്നെ പ്രചോദിപ്പിക്കുന്നു. ലോകത്ത് നല്ല സ്വാധീനം ചെലുത്തുന്ന സ്ത്രീകളെപ്പോലെ ഞാനും പ്രവർത്തിക്കുമെന്ന്   ഉറപ്പാക്കുന്നു .

എല്ലാത്തിനുമുപരി, ഏറ്റവും മികച്ച സൗന്ദര്യം ഒരു ലക്ഷ്യബോധത്തോടെയുള്ള   സൗന്ദര്യമാണ്-ലെനോർ പറയുന്നു.

വരും വർഷങ്ങളിൽ സമാനമായ നിരവധി മത്സരങ്ങളിൽ പങ്കെടുക്കുവാൻ തയ്യാറെടുക്കുകയാണ് ലിനോർ .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments