പി.പി. ചെറിയാൻ.
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ സാമൂഹ്യപ്രവർത്തനരംഗത്തെ സജീവ സാന്നിധ്യമായ മാധ്യമ പ്രവർത്തകൻ ജീമോൻ റാന്നിയെയും സാഹിത്യകാരൻ ടി.എൻ ശാമുവേലിനെയും ആദരിച്ചു. കേരളാ സീനിയർസ് ഓഫ് ഹൂസ്റ്റന്റെ പുതുവത്സരാഘോഷവേദിയിലായിരുന്നു ഇരുവർക്കും പൊന്നാട നൽകി ആദരിച്ചത്
സെപ്റ്റമ്പർ 6 നു ശനിയാഴ്ച രാവിലെ 11 മണിക്ക് സ്റ്റാഫോർഡിലുള്ള ദേശി റെസ്റ്റോറന്റിൽ കൂടിയ സമ്മേളനത്തിൽ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി.ജോർജ്, ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ കെ. പട്ടേൽ, ജഡ്ജ് ജൂലി മാത്യു തുടങ്ങിയവർ പങ്കെടുത്ത് ആശംസകൾ അറിയിച്ചു. ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധിയാളുകളും സമ്മേളനത്തിൽ പങ്കെടുത്തു.എബ്രഹാം തോമസിന്റെ (അച്ചൻകുഞ്ഞു) ഈശ്വര പ്രാര്ഥനയോടെയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.
ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി.ജോർജ്, ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ കെ. പട്ടേൽ, ജഡ്ജ് ജൂലി മാത്യു എന്നിവരുടെ സാന്നിധ്യത്തിൽ പൊന്നു പിള്ളയും ഡോ മനു പിള്ളയും ചേർന്ന് ജീമോൻ റാന്നിയ്ക്കും പൊന്നു പിള്ളയും മാഗ് മുൻ പ്രസിഡണ്ട് ജോജി ജോസഫും ചേർന്ന് ടി.എൻ. ശാമുവേലിനും പൊന്നാടയണിയിച്ചു. .
ജീമോൻ റാന്നി – ഹൂസ്റ്റണിൽ മാത്രമല്ല അമേരിക്കയിലെങ്ങും അറിയപ്പെടുന്ന ആമുഖങ്ങളാവശ്യമില്ലാത്ത വ്യക്തിത്വത്തിനുടമയാണ്. ഓരോ ദിവസവും തന്റെ തിരക്കേറിയ ജോലിക്കിടയിലും കമ്മ്യൂണിറ്റി വാർത്തകൾ ജനങ്ങളിലെത്തിക്കാൻ ജീമോൻ നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണ്. ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഹൂസ്റ്റൺ ചാപ്റ്റർ വൈസ് പ്രസിഡണ്ടായ ജീമോൻറാന്നി മാധ്യമ രംഗത്ത് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2023 മെയ് മാസം “ഗ്ലോബൽ ഇന്ത്യൻ ന്യൂസ്” അദ്ദേഹത്തെ “ഫ്രീലാൻസ് ജേര്ണലിസ്റ്റ് ഓഫ് ദി ഇയർ” പുരസ്‌കാരം നൽകി ആദരിച്ചിരുന്നു. “നേർകാഴ്ച” പത്രത്തിന്റെ എഡിറ്റോറിയൽ അംഗമാണ്.
സാമുദായിക രംഗത്തും ശ്രദ്ധേയനായ ജീമോൻ മാർത്തോമാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിന്റെ മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് കമ്മിറ്റിയിൽ നിരവധി വർഷങ്ങളായി അംഗമാണ്. ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക സെക്ര ട്ടറിയായും (2024) പ്രവർത്തിയ്ക്കുന്നു.
മികവുറ്റ പ്രസംഗകനും സംഘാടകനുമായ ജീമോൻ റാന്നി രാഷ്ട്രീയ രംഗത്തും വ്യക്തിമുദ്ര പതിപ്പിക്കുന്നു. റാന്നി സെന്റ് തോമസ് കോളേജ് യൂണിയൻ മുൻ ചെയർമാനാണ്. ഇപ്പോൾ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി എസ്എ) നാഷനൽ ജനറൽ സെക്രെട്ടറിയായി സംഘടനയ്ക്കു കരുത്തുറ്റ നേതൃത്വം നൽകി വരുന്നു.
.
ടി.എൻ.ശാമുവേൽ – സാഹിത്യ രംഗത്തെ സജീവ സാന്നിധ്യമാണ്. മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ്) മുൻ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് മുൻ സെക്രട്ടറിയും സ്ഥാപകാംഗങ്ങളിലൊരാളുമാണ്. സാഹിത്യ നായകരുടെ വേദിയായ മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെയും കേരള റൈറ്റേർസ് ഫോറത്തിന്റെയും സജീവ പ്രവർത്തകനാണ്. നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കവിതകളും രചനകളൂം നടത്തുന്ന ടി.എൻ സാമുവേൽ
ഫൊക്കാനയുടെ ലിറ്റററി അവാർഡിനും അര്ഹനായിട്ടുണ്ട്.
ശാമുവേലിന്റെയും ജീമോന്റെയും നിസ്വാർത്ഥ പ്രവർത്തനങ്ങൾ എന്നും ശ്രദ്ധിക്കപെട്ടിണ്ടെന്ന് കൂടുതൽ ഉയരങ്ങളിലെത്താൻ അവർക്കു കഴിയട്ടെയെന്നും വിശിഷ്ടാതിഥികൾ പറഞ്ഞു.
തങ്ങൾക്കു ലഭിച്ച അപ്രതീക്ഷിത ആദരവുകളിൽ ആഴ്ച്ചര്യം പ്രകടിപ്പിക്കുയും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയും. ചെയ്തു.
തുടർന്ന് കേരളാ സീനിയർസ് ഓഫ് ഹൂസ്റ്റന്റെ കോർഡിനേറ്റർ പൊന്നു പിള്ള സംഘടനയുടെ ഹൂസ്റ്റന്റെ നാളിതുവരെയുള്ള പ്രവർത്തന ങ്ങളെയും ഭാവി പ്രവർത്തന ങ്ങളെയും പറ്റി വിവരിച്ചു. 2001 മുതൽ 22 വർഷങ്ങളായി വിവിധ മേഖലകളിൽ സജീവ സാന്നിധ്യമായി പ്രവർത്തിക്കുന്ന സംഘടനയാണ് കേരളാ സീനിയർസ് ഓഫ് ഹൂസ്റ്റൺ. കേരളത്തിലും ഹൂസ്റ്റണിലുമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. ഹൂസ്റ്റണിലെ കലാ സാംസ്‌കാരിക വേദികളിൽ എപ്പോഴും നിറ സാന്നിധ്യമായിരിയ്ക്കുന്ന പൊന്നു പിള്ള ഹൂസ്റ്റൺ കമ്മ്യൂണിറ്റി കോളേജിന്റെ ചരിത്രത്തിൽ കോളേജിൽ നിന്നും ഓണററി ഡിഗ്രി ലഭിച്ച ഏക മലയാളി വനിതയാണ്. “പൊന്നു ചേച്ചി” എന്ന പേരിൽ സമൂഹത്തിൽ അറിയപ്പെടുന്ന ഈ വ്യക്തിത്വം മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്), ഹൂസ്റ്റൺ ഗുരുവായൂർ ക്ഷേത്രം, കെ.എച്ച്.എസ്., എൻ,എസ്,എസ് തുടങ്ങിയ സംഘടനകളുടെ പ്രസിഡന്ടായും പ്രവർത്തിച്ചിട്ടുണ്ട്.
കോൺസ്റ്റബിൾ സ്ഥാനാർഥി മനു.പി, എ.സി ജോർജ്, തോമസ് എബ്രഹാം, എസ്.കെ. ചെറിയാൻ, തോമസ് ഉമ്മൻ,ലീലാമ്മ ജോൺ, തോമസ് ചെറുകര, ചാക്കോ ജോസഫ്, , ജോർജ് തോമസ്, ബാബു തെക്കേക്കര, കുര്യാക്കോസ്, ശിവ പ്രസാദ്, ബിന്ദു വർഗീസ് എ സി കുര്യാക്കോസ്, ഏലിക്കുട്ടി കുര്യാക്കോസ് തുടങ്ങിവരും ചടങ്ങിൽ സംബന്ധിച്ച് ആശംസകൾ അറിയിച്ചു.
വാവച്ചൻ മത്തായി നന്ദി പറഞ്ഞു. ചടങ്ങിന് ശേഷം വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണവും ഉണ്ടായിരുന്നു.