ഷാജി രാമപുരം.
ന്യൂയോർക്ക് : മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനാധിപനായി പുതിയതായി ചുമതല ഏറ്റെടുത്ത ബിഷപ് ഡോ.എബ്രഹാം മാർ പൗലോസിന് ന്യൂയോർക്ക് ജോൺ എഫ് കെന്നഡി രാജ്യാന്തര വിമാനത്താവളത്തിൽ വൻ വരവേൽപ്പ് നൽകി.
ഭദ്രാസന സെക്രട്ടറി റവ.ജോർജ് എബ്രഹാം, ട്രഷറാർ ജോർജ് പി. ബാബു എന്നിവരുടെ നേതൃത്വത്തിൽ അനേക വൈദീകർ, ആത്മായ നേതാക്കൾ കൂടാതെ സഭാ കൗൺസിൽ അംഗങ്ങളായ റവ.ജെയ്സൺ എ. തോമസ് , വർഗീസ് പി.വർഗീസ് ഭദ്രാസന കൗൺസിൽ അംഗങ്ങളായ റവ. ക്രിസ്റ്റഫർ ഫിൽ ഡാനിയേൽ, റോയ് സി. തോമസ്, ബൈജു വർഗീസ്, കോരുത് മാത്യു, ഷേർലി തോമസ് എന്നിവരും എയർപോർട്ടിൽ സ്വീകരിക്കുവാൻ എത്തിയിരുന്നു.
ക്രിസ്തിയ സഭകളുടെ ലോക കൗൺസിലിൽ (WCC) ഇന്ത്യയിൽ നിന്നുള്ള ഏക എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായ ബിഷപ് ഡോ. മാർ പൗലോസ് നിലവിൽ മാർത്തോമ്മ സഭയുടെ കോട്ടയം – കൊച്ചി, അടൂർ ഭദ്രാസനങ്ങളുടെ അധിപൻ ആയിരുന്നു.
2005 ൽ മാർത്തോമ്മ സഭയിൽ എപ്പിസ്കോപ്പയായി അഭിഷിക്തനായ ബിഷപ് ഡോ. മാർ പൗലോസ് മികച്ച വാഗ്മിയും, പണ്ഡിതനും കോട്ടയം മാങ്ങാനം സെന്റ് പീറ്റേഴ്സ് മാർത്തോമ്മ ഇടവകാംഗവുമാണ്. അഖില കേരള ബാലജന സഖ്യത്തിലൂടെ ചെറുപ്പത്തിൽ തന്നെ പൊതുരംഗത്ത് സജീവമായിരുന്നു. അമേരിക്കയിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഡോക്ടറേറ്റ് നേടിയത്.
മാർത്തോമ്മ സണ്ടേസ്കൂൾ സമാജം ജനറൽ സെക്രട്ടറി ആയിരുന്നപ്പോൾ സമാജത്തിന്റെ ശതാബ്‌ദിയോടനുബന്ധിച്ച് സംഘടിപ്പിച്ച കുട്ടികളുടെ മാരാമൺ ഇന്നും സഭയുടെ ചരിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു.
ജനുവരി 7 ഞായറാഴ്ച (നാളെ ) രാവിലെ 9 മണിക്ക് ന്യൂയോർക്ക് എപ്പിഫനി മാർത്തോമ്മാ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്ന ആരാധനയ്ക്കും വിശുദ്ധ കുർബ്ബാന ശുശ്രുഷയ്ക്കും ശേഷം പുതിയ ഭദ്രസനാധിപനായി ചുമതലയേറ്റ റൈറ്റ്. റവ. ഡോ.എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പായെ നോര്‍ത്ത് അമേരിക്ക ഭദ്രാസന കൗണ്‍സിലിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ചടങ്ങിൽ ആദരിക്കും.