മാത്യുക്കുട്ടി ഈശോ.
ന്യൂയോർക്ക്: അമേരിക്കയിലെ സംഘടനകളുടെ സംഘടനയായ ഫോമാ (FOMAA) ന്യൂയോർക്ക് മെട്രോ റീജിയണിന്റെ 2024-2026 വർഷത്തേക്കുള്ള റീജിയണൽ വൈസ് പ്രസിഡൻറ് (RVP) സ്ഥാനത്തേക്ക് ലോങ്ങ് ഐലൻഡിൽ നിന്നും ഫിലിപ്പ് മഠത്തിൽ മത്സരിക്കുന്നു. നിലവിൽ മെട്രോ റീജിയൺ ചെയർമാൻ ആണ് മഠത്തിൽ. ദീർഘനാളുകളായി ഫോമായുടെ എല്ലാ പ്രവർത്തനങ്ങളിലും മുൻ നിരയിൽ നിൽക്കുന്ന വ്യക്തിയാണ്. ഫോമായുടെ അംഗ സംഘടനയായ കേരളാ കൾച്ചറൽ അസ്സോസ്സിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (KCANA) 2024-ലെ പ്രസിഡൻറ് ആയി തെരഞ്ഞെടുക്കപ്പെട്ട ഫിലിപ്പ് മഠത്തിൽ ന്യൂയോർക്ക് മലയാളികളുടെ ഇടയിലെ നിറസാന്നിധ്യമാണ്. KCANA യുടെ നിലവിലെ സെക്രട്ടറിയാണ്.
തികഞ്ഞ ഒരു സംഘാടകൻ കൂടിയായ മഠത്തിൽ അമേരിക്കയിലെ പുരാതനമായ മലയാളീ സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിൽ വിവിധ ഔദ്യോഗിക സ്ഥാനങ്ങൾ വിജയകരമായി കൈകാര്യം ചെയ്തിട്ടുണ്ട്. ന്യൂയോർക്ക് മലയാളീ ബോട്ട് ക്ലബ്, അമേരിക്കൻ കർഷകശ്രീ-പുഷ്പശ്രീ ക്ളബ്ബ്, ന്യൂയോർക്ക് ഫിഷിങ് ക്ലബ്ബ്, ചെണ്ട ക്ളബ്ബ് എന്നിവയുടെ രൂപീകരണത്തിൽ പങ്കു വഹിച്ച പ്രധാന സ്ഥാപക നേതാക്കളിൽ ഒരാളാണ് ഫിലിപ്പ്. മുൻപ് രണ്ട് ടേമിൽ RVP ആയി മത്സരരംഗത്ത് വന്നിരുന്ന ഫിലിപ്പ് ഇലക്ഷൻ ഒഴിവാക്കുന്നതിനായി സ്വയം പിന്മാറി നിന്ന വ്യക്തിയാണ്. ഫോമാ മെട്രോ റീജിയണിന്റെ അടുത്ത രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ ഏറ്റവും ഭംഗിയായി നടത്തുന്നതിന് തന്നെ RVP ആയി തെരഞ്ഞെടുക്കണമെന്ന് എല്ലാ ഫോമാ പ്രവർത്തകരോടും ഫിലിപ്പ് മഠത്തിൽ അഭ്യർത്ഥിക്കുന്നു.