ഷാജി രാമപുരം.
ന്യൂയോർക്ക്: മാർത്തോമ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ് ഭദ്രാസനത്തിൽ നിന്നും മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ ഭരണസമിതിയായ സഭാ കൗൺസിലിലേക്ക് ( 2023 – 2026 ) റവ.ജെയ്സൺ എ. തോമസ് , വർഗീസ് പി.വർഗീസ് , പ്രീതി സൂസൻ കുരുവിള, സന്തോഷ് എബ്രഹാം എന്നിവർ തെരഞ്ഞെടുക്കപ്പെട്ടതായി ഭദ്രാസനാധിപൻ ബിഷപ്പ് ഡോ.ഐസക് മാർ ഫിലക്സിനോസ് അറിയിച്ചു.
ന്യൂയോർക്കിൽ ജനിച്ചു വളരുകയും, ഹ്യുസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ്മ ഇടവകാംഗവുമായ റവ. ജെയ്സൺ എ. തോമസ് ഇപ്പോൾ റെഡിംമർ മാർത്തോമ്മാ ചർച്ച് ന്യൂജേഴ്‌സി ഇടവക വികാരിയും, യൂത്ത് ചാപ്ലയിനും, ഭദ്രാസന യൂത്ത് ഫെലോഷിപ്പ് വൈസ് പ്രസിഡന്റ്റും, കൗൺസിലറും ആണ്.
ന്യൂയോർക്ക് സ്റ്റാറ്റൻ ഐലന്റ് മാർത്തോമ്മ ഇടവകാംഗമായ വർഗീസ് പി. വർഗീസ് (സണ്ണി) മുൻ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന കൗൺസിൽ അംഗം, ഭദ്രാസന ഫാമിലി കോൺഫ്രറൻസ് കൺവീനർ തുടങ്ങി വിവിധ നിലകളിൽ ചുമതലകൾ വഹിച്ചിരുന്നു . വ്യവസായ പ്രമുഖനും, അമേരിക്കയിലെ വിവിധ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യവുമാണ്. ചെങ്ങന്നൂർ മുളക്കുഴ സ്വദേശിയാണ്.
കാനഡയിലെ ടോറോന്റോ സെന്റ്. മാത്യൂസ് ഇടവകാംഗമായ പ്രീതി സൂസൻ കുരുവിള സഭയുടെയും, ഇടവകയുടെയും വിവിധ പ്രോജക്റ്റുകളുടെ കൺവീനർ ആയിരുന്നു. തിരുവല്ല പൂതികോട് വിനോദ് വർഗീസ് കുരുവിളയുടെ സഹധർമ്മിണിയായ പ്രീതി കോട്ടയം മാങ്ങാനം സ്വദേശിയാണ്.
ഫിലാഡെൽഫിയ ക്രിസ്തോസ് മാർത്തോമ്മ ഇടവകാംഗമായ സന്തോഷ് എബ്രഹാം ഭദ്രാസന യുവജനസഖ്യം സെക്രട്ടറി, യുവധാര ചിഫ് എഡിറ്റർ, മാർത്തോമ്മ മെസഞ്ചർ എഡിറ്റോറിയൽ ബോർഡ് അംഗം, മാർത്തോമ്മ സഭാ താരക മാനേജിംഗ് കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. മാധ്യമ പ്രവർത്തകനും, അമേരിക്കയിൽ നിന്ന് തിയോളജിയിലും ബിരുദം നേടിയ സന്തോഷ് എബ്രഹാം സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, എക്യൂമെനിക്കൽ രംഗങ്ങളിൽ നോർത്ത് അമേരിക്കയിലെ സജീവ സാന്നിധ്യമാണ്. റാന്നി വെള്ളയിൽ സ്വദേശിയാണ്.
ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മാർത്തോമ്മാ സഭാ പ്രതിനിധി മണ്ഡലാംഗങ്ങൾ പോസ്റ്റൽ ബാലറ്റിലൂടെയാണ് സഭാ കൗൺസിൽ അംഗങ്ങളെ തെരഞ്ഞെടുത്തത്. ആഗസ്റ്റ് 1 ചൊവ്വാഴ്ച്ച ഉച്ചക്ക് 12.30 ന് മുൻപ് വരെ തെരഞ്ഞെടുപ്പ് സംബന്ധിച്ച വരണാധികാരിക്ക് ലഭിച്ച ബാലറ്റുകൾ എണ്ണി തിട്ടപ്പെടുത്തിയാണ് വിജയികളെ പ്രഖ്യാപിച്ചത്.