ഹമീദ് വാണിയമ്പലം.
മലപ്പുറം : ന്യൂനപക്ഷങ്ങളെയും ദലിത്-പിന്നാക്ക വിഭാഗങ്ങളെയും ഇല്ലായ്മ ചെയ്യുക എന്നത് സംഘപരിവാറിന്റെ പ്രഖ്യാപിത അജണ്ടയാണ്, അതിന്റെ ഭാഗമായുള്ള ക്രിസ്തീയ ഉൽമൂലനമാണ് മണിപ്പൂരിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഹമീദ് വാണിയമ്പലം പറഞ്ഞു. കലാപങ്ങളിലൂടെ സമൂഹത്തിൽ വർഗീയ ധ്രുവീകരണം നടത്തി അധികാരത്തിലേറുക എന്ന കുതന്ത്രം കാലങ്ങളായി പ്രയോഗിച്ചു വരികയാണവർ. ഒരേ സമയം ആദിവാസി ജനസമൂഹത്തിൽ നിന്നുള്ള വ്യക്തിയെ രാജ്യത്തിന്റെ പ്രസിഡന്റ് പദവിയിലിരുത്തുകയും അതേസമയം തന്നെ പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക നീതി ഉറപ്പുവരുത്തുന്നതിനായി ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണം പോലുള്ള ടൂളുകൾ ഉപയോഗപ്പെടുത്തി അവർക്കിടയിൽ ഭിന്നതയുണ്ടാക്കി അത് മുതലെടുക്കുകയുമാണ് സംഘ് പരിവാർ ചെയ്യുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി യെ പിന്തുണച്ച കുക്കി വിഭാഗത്തെയാണ് ഇപ്പോൾ ഭരണ പിന്തുണയോടെ ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി മലപ്പുറത്ത് എ ഫാറൂഖ് ഹാളിൽ സംഘടിപ്പിച്ച ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അഡ്വക്കറ്റ് കെഎം നിസാർ, ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ പ്രസിഡണ്ട് ജംഷില്‍ അബൂബക്കർ, മുനീബ് കാരക്കുന്ന്, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂർ, ആരിഫ് ചുണ്ടയിൽ, ജാഫർ സി സി, ഇബ്രാഹിം കുട്ടി മംഗലം, നൗഷാദ് ചുള്ളിയൻ, ബിന്ദു പരമേശ്വരൻ, അഷ്റഫ്അലി കട്ടുപ്പാറ എന്നിവർ സംസാരിച്ചു.