Monday, October 2, 2023
HomeKeralaകൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു.

കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു.

ജോൺസൺ ചെറിയാൻ.

സിനിമാ നടനും ഫ്ളവേഴ്‌സ് ടിവി താരവുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ കയ്പമംഗലം പനമ്പിക്കുന്നില്‍ വച്ചാണ് അപകടമുണ്ടായത്. താരം സഞ്ചരിച്ച വാഹനം പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. തൊടുപുഴ സ്വദേശിയുടെ പിക്കപ്പ് വാനാണ് താരം സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ചത്.നിരവധി വര്‍ഷങ്ങളായി ഹാസ്യ രംഗത്ത് സുധി കൊല്ലം സജീവ സാന്നിധ്യമായിരുന്നു. 2015ല്‍ കാന്താരി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിലെത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പ്പാപ്പ, തീറ്റ റപ്പായി, കേശു ഈ വീടിന്റെ നാഥന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഫ്ളവേഴ്‌സ് ടിവിയിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ സുധി കുടുംബപ്രേക്ഷകരുടെ പ്രിയ താരമായി. കരിയറിലെ ഒരു സുവര്‍ണകാലഘട്ടത്തില്‍ നില്‍ക്കുമ്പോഴാണ് സുധിയുടെ അപ്രതീക്ഷിത വിയോഗം.

വളവ് കടന്നുവന്ന പിക്കപ്പ് വാനാണ് താരം സഞ്ചരിച്ച വാഹനത്തിലിടിച്ചത്. ഗുരുതരമായി പരുക്കേറ്റ സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നുപോകുകയായിരുന്നു.

വടകരയില്‍ ട്വന്റിഫോര്‍ കണക്ട് സമാപന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേയായിരുന്നു താരത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ടത്. ഒപ്പമുണ്ടായിരുന്ന താരങ്ങളായ ബിനു അടിമാലി, ഉല്ലാസ്, മഹേഷ് എന്നിവര്‍ക്കും അപകടത്തില്‍ പരുക്കേറ്റു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

RELATED ARTICLES

Most Popular

Recent Comments