പി പി ചെറിയാൻ.
ഫോർട്ട് ഹൂഡു (ടെക്സാസ് ):ഫോർട്ട് ഹൂഡിലെ 20 വയസ്സുള്ള യുഎസ് ആർമി അംഗത്തെ ഈ ആഴ്ച മരിച്ച നിലയിൽ കണ്ടെത്തി. മരിക്കുന്നതിന് മുൻപ് താൻ ലൈംഗികമായി പീഡിപ്പിക്ക പ്പെടുന്നുവെന്ന് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു.
കാലിഫോർണിയയിലെ ലോംഗ് ബീച്ചിൽ നിന്നുള്ള അന ബസൽദുവ റൂയിസ് 2021-ൽ ആർമിയിൽ ചേർന്ന ശേഷം 1st കാവൽറി ഡിവിഷനിൽ ഒരു കോംബാറ്റ് എഞ്ചിനീയറായി കഴിഞ്ഞ 15 മാസമായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു . മാർച്ച് 13-ന് ബസൽദുവ മരിച്ചുവെന്ന് ഫോർട്ട് ഹുഡ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു . മരണകാരണത്തെക്കുറിച്ചോ മരിച്ചത് എങ്ങനെയെന്നതിനെക്കുറിച്ചോ ഒരു വിവരവും ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല.
മരണത്തെകുറിച്ചു സംശയിക്കാൻ കാരണമൊന്നും കാണുന്നില്ലെന്ന് ആർമി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ ഡിപ്പാർട്ട്‌മെന്റ് വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
“ആർമി സി.ഐ.ഡി. സമഗ്രമായ അന്വേഷണം തുടരുമെന്നും എല്ലാ തെളിവുകളും വസ്തുതകളും ശേഖരിക്കുകയും എന്താണ് സംഭവിച്ചതെന്ന് കൃത്യമായി കണ്ടെത്തുമെന്ന് ഉറപ്പാക്കുകയും ചെയ്യും,” പ്രസ്താവനയിൽ തുടർന്നു പറയുന്നു.
2020 ഏപ്രിലിൽ ടെക്‌സാസിലെ കില്ലീനിലെ താവളത്തിൽ നിന്ന് കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ട 20 കാരി ആർമി സ്‌പെഷ്യലിസ്റ്റ് വനേസ ഗില്ലെൻ കൊല്ലപ്പെട്ടത് മുതൽ ഫോർട്ട് ഹുഡ് തീവ്രമായ നിരീക്ഷണത്തിലാണ്, താൻ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടുവെന്ന് സുഹൃത്തുക്കളോട് പറഞ്ഞതിന് ശേഷമാണ് ഇവർ കൊല്ലപ്പെട്ടത് . 2020 ൽ പിസ്റ്റൾ ഉപയോഗിച്ച് സ്വയം ആത്മഹത്യ ചെയ്ത മറ്റൊരു സൈനികനാണ് വനേസയെ കൊലപ്പെടുത്തിയതെന്ന് ഫെഡറൽ പ്രോസിക്യൂട്ടർമാർ പറഞ്ഞിരുന്നു.