ഫാ.ജോൺസൺ പുഞ്ചക്കോണം.
ഹൂസ്റ്റൺ : മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്തായായി നിയമിതനായ അഭിവന്ദ്യ ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്തക്ക് ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തോഡോക്സ് ഇടവക സ്വീകരണം ഒരുക്കുന്നു. 2023 ജനുവരി 15 ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് സെന്റ് മേരീസ് മലങ്കര ഓർത്തോഡോക്സ് ദേവാലയത്തിന്റെ പ്രധാന കവാടത്തിൽ വികാരി ഫാ.ജോൺസൺ പുഞ്ചക്കോണവും ഇടവക മാനേജിങ് കമ്മറ്റി അംഗങ്ങളും ചേർന്ന് കത്തിച്ച മെഴുകുതിരി നൽകി അഭിവന്ദ്യ ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്തയേയും വിശിഷ്ട അതിഥികളെയും ദേവാലയത്തിലേക്ക് ആനയിക്കും. ദേവാലയത്തിന്റെ നടുത്തളത്തിൽ ക്രമീകരിച്ചിരിക്കുന്ന നിലവിളക്കിൽ തിരി തെളിയിക്കുന്നതോടുകൂടി സ്വീകരണസമ്മേളനത്തിന് തുടക്കമാകും. തുടർന്ന് നടക്കുന്ന അനുമോധനസമ്മേളനത്തിൽ അമേരിക്കൻ മലയാളി സമൂഹത്തിന് അഭിമാനമായി തെരെഞ്ഞെടുക്കപ്പെട്ട ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി മിസ്റ്റർ. കെ.പി. ജോർജ്ജിനും 240ാം ഡിസ്ട്രിക് കോര്‍ട്ട് ജഡ്ജായി അധികാരമേറ്റ മിസ്റ്റർ.സുരേന്ദ്രന്‍ കെ. പട്ടേലിനും , ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി കോടതി ജഡ്ജായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മലയാളി ജൂലി എ. മാത്യുവിനും സ്വീകരണം നൽകും.
ടെക്സസ് ഹൗസ് ഓഫ് റെപ്രസെന്ററ്റീവ് മിസ്റ്റർ. റോൺ റെയ്നോൾഡ്, സ്റ്റാഫോർഡ് പ്പ്രോ–ടെം മേയർ മിസ്റ്റർ.കെൻ മാത്യു എന്നിവർ വിശിഷ്ട അതിഥികൾ ആയിരിക്കും. ഹൂസ്റ്റൺ സിറ്റിയിലെ വിവിധ ഓർത്തോഡോക്സ് ദേവാലയങ്ങളിലെ വൈദീകരും ഇടവക ജനങ്ങളും സ്വീകരണസമ്മേളനത്തിൽ പങ്കെടുക്കും.
14 –ന് ശനിയാഴ്ച്ച വൈകിട്ട് 5- മണിക്ക് സന്ധ്യ നമസ്കാരത്തിന് ശേഷം നടക്കുന്ന ഫാമിലി നൈറ്റ് അഭിവന്ദ്യ ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപ്പൊലീത്ത ഉത്ഘാടനം നിർവ്വഹിക്കും ഞായറാഴ്ച രാവിലെ 8.30- ന് പ്രഭാത നമസ്കാരത്തോടെ ആരംഭിക്കുന്ന വിശുദ്ധ കുർബാനക്ക് അഭിവന്ദ്യ ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപ്പൊലീത്ത മുഖ്യ കാർമ്മികത്വം വഹിക്കും
ഏവരുടെയും പ്രാർത്ഥനാപൂർവ്വമായ സാന്നിധ്യം സാദരം ക്ഷണിക്കുന്നതായി വികാരി ഫാ.ജോൺസൺ പുഞ്ചക്കോണം, ട്രസ്റ്റീ ശ്രീ. തോമസ് വറുഗ്ഗീസ്, സെക്രട്ടറി ശ്രീ . ബ്ലസൺ വർഗ്ഗീസ് എന്നിവർ അറിയിച്ചു