നിനവോളങ്ങളിലെ ഒരമ്മത്തോണി…

0
1048

കഞ്ഞിമുക്കി വടിവാക്കിയ സാരി ഒതുക്കിയുടുത്തു നീണ്ട സമൃദ്ധമായ മുടി കുളികഴിഞ്ഞു തുമ്പിൽ ഒരു കെട്ടുമിട്ടു പൂമുഖത്തു അക്ഷമയായി.. ഹോസ്റ്റലിൽ നിന്നും പപ്പയോടൊത്തു വരുന്ന മകളെ കാത്തുനിൽക്കും അമ്മ … ഏറെ ഏറെ വിരഹവും തീരാ നഷ്ടവും നൽകുന്നൊരോർമ്മ. അമ്മയുടെ മണം ഒരിക്കലും മറക്കാത്ത നാസാരന്ദ്രങ്ങൾ… വൃദ്ധമന്ദിരത്തിലെ ഓരോ ആലിംഗനങ്ങളിലും തേടിയത് അതൊന്നു മാത്രമായിരുന്നു. അതിന്‍റെ വകഭേദങ്ങൾ ആശ്വാസം ആയെങ്കിലും  ആത്മാവിൽ മുറിഞ്ഞ തേങ്ങൽ ആയുണ്ട്. ആ ചിരി, ആ മണം…  അമ്മ.

ഈ പ്രായത്തിലും ഏറെ ചാപല്യത്തോടെ ചിന്തിക്കുക ആ മടിയിൽ ഉറങ്ങുന്ന മകളിലേക്കൊന്ന്‌ തിരിച്ചുപോകാനാണ്. എന്നിൽ പ്രായം വലിയ സ്വാധീനമൊന്നും ആന്തരികമായി വരുത്താത്തതും ശൈശവ സ്മരണകളിൽ ആമഗ്നയായിരിക്കുന്നതിനാൽ ആകാം ഇത്രയേറെ നഷ്ടബോധം നൽകിയ നഷ്ടങ്ങൾ മാറ്റൊന്നുമുണ്ടായിട്ടില്ല. പോയവർക്ക് ഒരിക്കൽ കൂടി തിരിച്ചു വരാൻ ആയെങ്കിൽ?  നാമെത്ര നന്നായി പെരുമാറും ഓരോ ധന്യ നിമിഷങ്ങളും…

അമ്മയോളം നിസ്വാർത്ഥ സ്നേഹം എന്നിൽ മറ്റൊന്നിനുമില്ല. പെയ്തൊഴിയുന്നില്ല ഓർമ്മകളിൽ അമ്മയിനിയും. പശ്ചാതാപങ്ങളുടെ പഞ്ചാഗ്നി മധ്യത്തിൽ ജന്മാന്തരങ്ങൾ നീറി തീർന്നാലും പെയ്തൊഴിയില്ല.. അന്നെന്തേ എനിക്ക് ഒന്നുകൂടി മുറുകെ കെട്ടിപ്പിടിക്കാൻ തോന്നാതിരുന്നത് .. കവിളിൽ തരുന്ന ഉമ്മകൾ തിടുക്കത്തിൽ മായിച്ചു കളയാൻ തോന്നിയിരുന്നത്. മറുപടികളിൽ വാചാലയാകാൻ തോന്നാതിരുന്നത്.

അമ്മ അമർത്യയാണെന്നും അവകാശമാണെന്നും മാത്രം തെറ്റിദ്ധരിച്ചത്. തീവ്രമായ് സ്നേഹിക്കേണ്ടത് അനിവാര്യതയല്ലെന്നു കരുതിയത്. എല്ലാം അറിഞ്ഞു വന്നപ്പോഴേയ്കും അമ്മ പുണരാനാകാത്ത അകലത്തേയ്ക് അനാദിയിലേക്കു പോയ്മറഞ്ഞു. വിരഹം അത് ഉണ്മയെ തളർത്തുന്നത് അമ്മയെ ഓർത്തു മാത്രം… എന്നമ്മയെ ഓർത്തു മാത്രം…

Share This:

Comments

comments