രക്ഷാപ്രവർത്തകർ. (കവിത)

0
450

ഗീതാഞ്ജലി.

ദുരിതാശ്വാസപ്രവർത്തകർ.
”””””””””””””””””””””””””””
പ്രളയദുരിതത്തിലാണ്ടോർക്കു തൻജീവൻ
പണയംവച്ചുരക്ഷിപ്പാനായണഞ്ഞോർ

അവരല്ലോ അഭിനവമാവേലിയായവർ
അവരല്ലോ ദൈവത്തിൻ മാനുഷരൂപങ്ങൾ!

കടലിൻറെ മക്കളും പട്ടാളവുമായഴലിൻ-
കടലിരമ്പുന്നോർക്കാശ്വാസമേകാൻ വന്നു

ഭാഷയും ജാതിയുമറിയാത്ത സൈനികർ
ഭാഷയറിയുന്നു നിലവിളിതൻ

വെള്ളത്താലൊറ്റപ്പെട്ടവർക്കാദിക്കിൽ
വള്ളവുമായി തുഴഞ്ഞെത്തിയോർ

രക്ഷത്തുരുത്തായി പൈദാഹമറിയാത്ത
രക്ഷാപ്രവർത്തകർ കടലിൻമക്കൾ

ആഴിയോടു പടവെട്ടിജീവിക്കുന്നവരുടെ
ആധികളറിഞ്ഞീലാരും, ജീവിതവും!

അവരെക്കുറിച്ചോർത്തതില്ല ഈനാൾവരെ
അവരെത്തിയെങ്കിലും പ്രളയത്തിൻനാളിൽ

തേടിയണഞ്ഞല്ലോ വഞ്ചികളുമായി
തേടിയ വള്ളിയായാശ്വാസമായ്

പേരറിയാത്തോരും നാടറിയാത്തോരും
പലദിക്കിൽനിന്നുള്ള യുവാക്കളും

ജാതിമതവർഗ്ഗീയഭേദങ്ങളില്ലാതെ
ജനസമൂഹത്തിൻരക്ഷയ്ക്കായി

സ്വജീവനെക്കൂസാതെയാബാലവൃദ്ധർക്ക്
സ്നേഹത്തിൻകാവല്ക്കാരായണഞ്ഞു

സന്താപത്തിരമാലയിലാഴ്ന്നോർക്കു ചുറ്റിലും
സമാശ്വാസനിറദീപം തെളിച്ചുവച്ചു

ഇല്ലില്ല മറക്കില്ല നിങ്ങളെയൊരുനാളും
ഈ ജന്മം ജീവൻ വെടിയുംവരെ!

Share This:

Comments

comments