
Home America ദൈവത്തിനായി വേദനിച്ച പൗരോഹിത്യം ഫാദർ ജോൺ തോമസ് ആലുംമൂട്ടിൽ സപ്തതി നിറവിൽ
കോരസൺ.
ദൈവവിളികേട്ടു, സൗഭാഗ്യങ്ങൾ ത്യജിച്ചു മലങ്കര ഓർത്തഡോൿസ് സഭയുടെ ആരാമത്തിൽ പുഷ്പങ്ങൾ കൊണ്ട് മേച്ചിൽ സ്ഥലം സൃഷ്ട്ടിച്ച പുരോഹിതനാണ് ഫാദർ ജോൺ തോമസ് ആലുംമൂട്ടിൽ. ഗൾഫിൽ ബാങ്ക് ഉദ്യോഗസ്ഥനായി കുടുംബജീവിതം സുഗമമായി കൊണ്ടുപോകവേ ഉൾവിളി ശ്രദ്ധിച്ചു;തന്റെ നിയോഗം എന്താണെന്നു തിരിച്ചറികയും ചെയ്തു. കുടുംബ ഉത്തരവാദിത്തങ്ങൾ ഇരുകൈകളിലും മുറുകെ പിടിച്ചുനിൽക്കുമ്പോൾ ഒക്കെ ഉപേക്ഷിച്ചു ചിരപരിചതമല്ലാത്ത ഒരു മേഖലയിൽ പ്രവർത്തിക്കാനാവുക, അത് ഒരു സാഹസം തന്നെയായിരുന്നു.
മലങ്കര ഓർത്തഡോൿസ് സഭയുടെ അലമാരയുടെ മേൽതട്ടിലെ ഉൽപ്പന്നമായ വിദ്യാര്ത്ഥി പ്രസ്ഥാനത്തിന്റെ സമ്മേളങ്ങളിൽ പങ്കെടുക്കവേ വൈദികനാകാനുള്ള ഉൾവിളി ഉണ്ടായി. സഭ ഒന്നായിരുന്നകാലത്തു കോലഞ്ചേരിയിൽ വച്ച് ചേർന്ന സമ്മേളനത്തിലെ പ്രഭാഷകൻ എം. തൊമ്മനായിരുന്നു. അന്ന് തന്റെ മുറിയിൽ ഇന്നത്തെ സഭയുടെ കാതോലിക്കാ ബാവ ഒരു സെമിനാരി വിദ്യാർഥിയായി കൂടെ ഉണ്ടായിരുന്നു എന്ന് ഓർക്കുന്നു. ഒരു അവൈദികൻ ദൈവിക പ്രഭചൊരിഞ്ഞ ആ സമ്മേളനത്തിൽ വച്ച് ചെറുപ്പക്കാരനായ ജോൺ ഉറച്ച ഒരു തീരുമാനം എടുത്തു, തന്റെ ജീവിതം സഭയുടെ സേവനത്തിനായി സമർപ്പിക്കുക. സമ്മേളനം കഴിഞ്ഞു വീട്ടിൽ എത്തിയ ജോൺ അമ്മയെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി.
അക്കാലത്തു തുച്ഛമായ വേതനത്തിൽ കഠിനമായി അദ്ധ്വാനിക്കേണ്ട ഒരു നിയോഗമാണ് വൈദികവൃത്തി, അതുകൊണ്ടുതന്നെ കടുത്ത നിരാശയായിരുന്നു പ്രതികരണം. പിതാവിന്റെ ജോലി നഷ്ട്ടപ്പെട്ടു, കുട്ടികളിൽ മൂത്തവനായ തനിക്കു കുടുംബത്തിന്റെ ഭാരിച്ച ഉത്തരവാദിത്തങ്ങൾ നിഷ്കാസനം തള്ളി സ്വയമായ ഒരു സ്വപ്നലോകത്തേയ്ക്കു പറക്കാൻ സാധിക്കില്ല എന്നു ‘അമ്മ വ്യക്തമാക്കി തന്നു. ഒരു കുടുംബം മുഴുവൻ തന്നിലേക്ക് നോക്കി നിൽക്കുമ്പോൾ ആ ചെറു മനസ്സിൽ അറിയാതെ കടന്നു വന്ന ആഗ്രഹം മുളയിലേ പിച്ചി ചീന്തപ്പെട്ടു.
വായനയും സഭാപ്രവർത്തങ്ങളിലെ തീവ്രതയും ഒട്ടും നഷ്ട്ടപ്പെടുത്താതെ സ്വപ്ങ്ങളെ തൽക്കാലം അറയിൽ വച്ച് പൂട്ടി, ‘അമ്മ പറഞ്ഞ കുടുംബ ജീവിതത്തിന്റെ പ്രായോഗികതയിൽ അറിയാതെ മുന്നോട്ടു തന്നെ സഞ്ചരിച്ചുകൊണ്ടിരുന്നു. തിരുവല്ല മാർത്തോമാ കോളേജിൽ നിന്നും കണക്കിൽ ബിരുദം നേടിയശേഷം ബാംഗ്ലൂരിലുള്ള ഗ്രിൻഡ്‌ലെയ്‌സ് ബാങ്കിൽ 1971 ഇൽ ഉദ്യോഗസ്ഥനായി. പെട്ടന്നാണ് സുൽത്താനേറ്റ് ഓഫ് ഒമാനിലെ സലാലയിൽ സ്ഥാനക്കയറ്റത്തോടെ ബാങ്ക് ഉദ്യോഗസ്ഥനായി നിയമിതനായി. ബാങ്കിൽ പടി പടിയായി ഉയർന്നു ബാങ്കിന്റെ ഔദ്യോഗിക ഇടപാടുകളിലെ മുഖ്യ കൈയൊപ്പുകാരന്‍ എന്ന സ്ഥാനത്തു എത്തിച്ചേർന്നു.
ശ്രീ. കെ . വി. മാമ്മൻ എഴുതിയ സി. പി . ജോർജ് അച്ചന്റെന്റെയും , കത്തോലിക്കാ സഭയുടെ ബിഷപ്പ് ആയിരുന്ന സക്കറിയ മാർ അത്താനാസിയോസ് തിരുമേനിയുടെയും ജീവിത കഥകൾ വല്ലാതെ മനസ്സിൽ മുറിപ്പാടുകൾ ഉണ്ടാക്കി കൊണ്ടിരുന്നു. അവർ ഇരുവരും സാമ്പത്തീകമായി മെച്ചമായിരുന്ന ബാങ്ക് ജോലി ഉപേക്ഷിച്ചു വൈദിക വൃത്തിയിൽ പ്രവേശിച്ചവരായിരുന്നു.
തനിക്കും അത്തരം ഒരു നിയോഗമല്ലേ ദൈവം തന്നിൽ നിന്ന് പ്രതീക്ഷിക്കുന്നത് എന്ന് തോന്നിത്തുടങ്ങി. 7 കൊല്ലം കുടുംബത്തിനുവേണ്ടി മാത്രം എന്ന് മനസ്സിൽ കുറിച്ചിട്ടു, പിന്നെ ആകാം സ്വയം കണ്ടെത്തൽ. അക്കാലത്തു ഒമാനിലെ സലാലയിൽ ക്രിസ്തീയ ദേവാലയങ്ങൾ ഇല്ലായിരുന്നു , എല്ലാ ക്രിസ്തിയ വിശ്വാസികളും ചേർന്നു ഒന്നായി ആരാധിക്കുന്ന പതിവായിരുന്നു. ആ പ്രാർഥനാ കൂട്ടത്തിലെ പ്രധാന ഒരു ചുമതലക്കാരനായി അറിയാതെ മാറി.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഭാ വിശ്വാസികൾ ഉത്തരവാദിത്തം ഏറ്റെടുത്തു പ്രവർത്തിച്ച കൂട്ടത്തിൽ ക്രിസ്തീയതയുടെ വിശാലതയും ദൈവ സ്നേഹത്തിനു അതിരുകൾ ഇല്ല എന്ന ബോദ്ധ്യവും തളിരിട്ടു വന്നു. സലാലയിലെ കോൺഗ്രിഗേഷനു അംഗീകാരവും സ്വന്തമായ ഇടവും ഇതിനിടെ ഉണ്ടാക്കി, അതാണ് ഇപ്പോഴത്തെ അവിടുത്തെ മലങ്കര സഭയുടെ ആദ്യ ദേവാലയത്തിന്റെ തുടക്കവും.
അമേരിക്കക്കാരനായ റോഡിനി കൂപ്പുമാൻ ആ വർഷത്തെ ക്രിസ്മസ് സന്ദേശം നൽകി തിരികെ അമേരിക്കയിലേക്ക് മടങ്ങുകയായിരുന്നു. അപ്പോഴേക്കും ആത്മീക വഴിയിലേക്കുള്ള തീവ്രമായ ചുവടുമാറ്റം അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ജോലി രാജി വയ്‌ക്കുന്നു, ഇനി നാട്ടിലെ പഴയ സെമിനാരിയിൽ പോയി ദൈവശാസ്ത്രം പഠിക്കണം, വീട്ടിലെ ഉത്തരവാദിത്തങ്ങൾ ഏറെക്കുറെ നേരെ ആക്കി.
അമേരിക്കയിലേക്ക് തിരിച്ചു പോയ റോഡിനി കൂപ്പുമാൻ, ന്യൂ ജേർസിയിലെ റാട്ട്ഗേർസ് യുണിവേഴ്സിറ്റിൽ തീയോളജിയുടെ മാസ്റ്റർ ബിരുദത്തിനുള്ള പ്രവേശനം തരപ്പെടുത്തിക്കൊടുത്തു. ഒന്നും പിന്നെ ആലോചിക്കേണ്ടി വന്നില്ല, 1984 ഇൽ ദൈവശാത്രത്തിൽ ബിരുദാനന്ത ബിരുദം നേടി നാട്ടിൽ പഴയ സെമിനാരിയിൽ ചേർന്നു വൈദീക പരിശീലനം നേടി. ഇതിനിടെ അമേരിക്കയിലെ ബെർഗെൻഫീൽഡിൽ മലങ്കര സഭക്ക് ഒരു ദേവാലയത്തിനുള്ള ചുറ്റുവട്ടങ്ങൾ കോർത്തിണക്കി.
1984 ൽ , നിരണം ഭദ്രാസനത്തിലെ ഡോ . ഗീവർഗീസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയിൽ നിന്നും, മാതൃ ഇടവകയായ പുളിക്കീഴു സെന്റ് മേരീസ് ഓർത്തഡോൿസ് പള്ളിയിൽ വച്ച് കശീശയായി പട്ടം സ്വീകരിച്ചു. കാലം ചെയ്ത യൂഹാനോൻ മാർ സേവേറിയോസ് മെത്രാപ്പോലീത്തയും ഇപ്പോഴത്തെ കാതോലിക്ക ബാവ, പോൾ റമ്പാച്ചനും സഹ കാർമ്മികരായിരുന്നു.
നിരണം ഭദ്രാസനത്തിലെ ഇടവകളിൽ സേവനം അനുഷ്ഠിച്ച ശേഷം 1986 ൽ , സഭയുടെ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ തേരാളിയായി നിയമിതനായി. താമസിയാതെ സലാലയിൽ ജോലി ചെയ്തിരുന്ന പ്രിയതമ കുഞ്ഞമ്മ ജോലി ഉപേക്ഷിച്ചു അച്ചനോടൊപ്പം സഭാപ്രവർത്തനത്തിലെ മുഖ്യ പങ്കാളിയായി മാറി. പ്രസ്ഥാനത്തെ സംബന്ധിച്ചു അത് ഒരു പുതിയ പരീക്ഷണം തന്നെയായിരുന്നു.
കോതമംഗലത്തും ആലുവയിലും വിദ്യാർഥിപ്രസ്ഥാനത്തിനു പുതിയ കേന്ദ്രങ്ങൾ ഉണ്ടായി. പ്രൊഫ. പി . സി . ഏലിയാസിനൊപ്പം ചേർന്ന് സെക്കണ്ടറി വിദ്യാഭ്യാസത്തിനു ശേഷം ഉള്ള കുട്ടികളെ കോർത്തിണക്കി ക്യാമ്പുകൾ സംഘടിപ്പിച്ചു. ബാംഗ്ലൂരിലും ദാവങ്കരയിലും ടുംകുറിലും , സഭയുടെ കുട്ടികൾ കേന്ത്രീകരിച്ചു ഉള്ള ഇടങ്ങളിൽ സഭയുടെ സാന്നിധ്യം ശക്തമാക്കി.
വീട് വിട്ടു മാറിത്താമസിച്ച യുവതീ യുവാക്കൾക്ക് സഭയുടെ വിദ്യാർഥി പ്രസ്ഥാനം മാതൃസ്ഥാനം ഏറ്റെടുത്തു, വിശ്വാസത്തിന്റെ അടിയുറച്ച യോദ്ധാക്കളായി അവർ മാറി. ലോക യുവജന അസംബ്ലി ആയ ‘സിൻടെസ്മോസ്’ എന്ന സംഘടനയെ പ്രതിനിധീകരിക്കയും അതിന്റെ വൈസ് പ്രസിഡന്റ് എന്ന നിലയിൽ മോസ്കൊയിലും സൈപ്രസ്സിലും ഫിൻലണ്ടിലും സമ്മേളങ്ങൾ സംഘടിപ്പിക്കാൻ കൈകോർക്കുകയും ചെയ്തു.
ഗ്രീസ്, ലബനോൻ തുടങ്ങിയ രാജ്യങ്ങളിൽ നടന്ന യുവജന സമ്മേളനങ്ങൾക്കും നേതൃത്വം കൊടുത്തു. അങ്ങനെ ചെന്നൈ കത്രീഡറൽ വികാരി സ്ഥാനത്തു സേവനം അനുഷ്ഠിച്ചു കൊണ്ടിരിക്കുമ്പോൾ, 2000 ൽ അമേരിക്കയിലേക്ക് താമസം മാറ്റി. ഇപ്പോൾ ന്യൂയോർക്കിലെ ജാക്സൺ ഹെയിറ്സ് സെന്റ് മേരിസ് ഇടവക വികാരിയായി സേവനം അനുഷ്ഠിച്ചു കൊണ്ടിരിക്കുന്നു.
അമേരിക്കയിൽ മലങ്കര സഭയുടെ ഒരു അംബാസ്സഡർ എന്ന നിലയിൽ അദ്ദേഹം വിവിധ സഭാ സമുദായം എന്ന വ്യത്യാസമില്ലാതെ നിരന്തരം പ്രവർത്തിച്ചു കൊണ്ടേയിരിക്കുന്നു. ഭദ്രാസന സെക്രട്ടറി (2007 – 2012), എക്യൂമിനിക്കൽ ഫെഡറേഷൻ സെക്രട്ടറി, കൌൺസിൽ ഓഫ് ഓർത്തഡോൿസ് ചർച് പ്രസിഡന്റ് തുടങ്ങിയ മേഖലകളിൽ സജിവ സാന്നിധ്യമാണ് അദ്ദേഹം. 2007 മുതൽ ന്യൂയോർക്കിലെ കാൽവരി ഹോസ്പിറ്റൽ ചാപ്ലയിൻ ആയി സേവനം അനുഷ്ഠിക്കുന്ന അച്ചൻ, കത്തോലിക്ക ചാരിറ്റിയുമായി ബന്ധപ്പെട്ടു അശരണർക്കു സഹായ ഹസ്തവുമായി നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നു.
പിതാവ് ശ്രി.എ കെ ജോൺ , ‘അമ്മ മറിയാമ്മ ജോൺ ഇവർ വഴികാട്ടിയ ജീവിത പാതയിൽ മക്കൾ ജോയൻ , ജെനി , ജീവൻ എന്നിവർ തീഷ്ണതയോടെ പാരമ്പര്യ ചര്യകളിൽ അച്ചനു തണലായി നിൽക്കുന്നു. ജീവിതത്തിന്റെ രുദ്രഭാവങ്ങൾ അവിടവിടെയായി പ്രഹരിക്കുമ്പോഴും തുണയായി സഹധർമിണി കുഞ്ഞമ്മ നിഴലായി ഒപ്പമുണ്ട് അതാണ് എല്ലാ കോളിളക്കത്തെയും സന്തുലിതമാക്കാൻ ഉതകുന്ന ചാലക ശക്തി.
അമേരിക്കയിലെ ജീവിതരീതികളിൽ പുതിയ തലമുറയുടെ കാഴ്ചപ്പാടുകളും വീക്ഷണവും അൽപ്പം ആശങ്ക നൽകുന്നു എങ്കിലും തലമുറകളുടെ വിടവു നിമിത്തമുണ്ടാകുന്ന അനിവാര്യമായ മാറ്റങ്ങൾ ഉൾക്കൊള്ളാനാവാതെപറ്റില്ലല്ലോ. പൗരോഹിത്യത്തിലെ വർധിച്ചു വരുന്ന ജീർണതകൾ ഒക്കെ, നന്മകളിലേക്കു തിരിച്ചു പോകാനുള്ള വഴികളായിട്ടു തീരട്ടെ എന്നാണ് അച്ചൻ കാണുന്നത്.
വെടിപ്പുള്ള കുപ്പായത്തിൽ നരച്ച താടിക്കിടയിലൂടെ നിസ്സംഗതയോടെ ഉള്ള മന്ദഹാസം, അതിന്റെ ആഴം അടുത്തറിയാവിന്നവർക്കേ അനുഭവപ്പെടുകയുള്ളൂ. വിശാലമായി ചിന്തിക്കുമ്പോഴും തന്റെ വിശ്വാസത്തിൽ യാതൊരു കുറവും വരുത്താത്ത, അക്ഷരങ്ങളിലും അക്കങ്ങളിലും മാത്രമല്ല, സാധാരണ മാനുഷിക ഇടപെടലുകളിലും ദൈവസാന്നിധ്യം നിറഞ്ഞു നിൽക്കുന്ന അപൂർവം വൈദീകരിൽ ഒരാളായി അച്ചനെ കാലം അടയാളപ്പെടുത്തും. ഏഴ്, എഴുപതു ഒക്കെ അച്ചന്റെ ഇഷ്ട്ട സംഖ്യകളാണ് , ദൈവം വരച്ചിട്ട പാതകളിൽ താൻ അറിയാതെ എത്തപ്പെടുകയായിരുന്നു , ഇനിയും ഉള്ള യാത്രകൾ അങ്ങനെ തന്നെ ആകട്ടെ എന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നതും.
***********************
Comments
comments