ഗന്ധദ്വീപുകളുടെ പാറാവുകാരി” ഡോ: സെബാസ്റ്റ്യൻ പോൾ പ്രകാശനം ചെയ്തു.

ഗന്ധദ്വീപുകളുടെ പാറാവുകാരി” ഡോ: സെബാസ്റ്റ്യൻ പോൾ പ്രകാശനം ചെയ്തു.

0
457
ജയന്‍ കൊടുങ്ങല്ലൂര്‍.
റിയാദ്: സബീന എം സാലിയുടെ നാലാമത്തെ പുസ്തകം “ഗന്ധദ്വീപുകളുടെ പാറാവുകാരി” നവോദയ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ, റിയാദ് ബത്‌ഹയിലെ ക്ലാസ്സിക് ഓഡിറ്റൊറിയത്തിൽ വച്ച് പ്രകാശനം നടത്തി. പ്രശസ്ത മാധ്യമപ്രവർത്തകനും നിയമജ്ഞനും, എം പി, എം എൽ എ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഡോക്ടർ സെബാസ്റ്റ്യൻ പോൾ, പുസ്തകത്തിന്റെ പ്രതി നവോദയ സാരഥിയും, സാമൂഹികപ്രവർത്തകനുമായ സുധീർ കുമ്മിളിന്‌ നൽകിക്കൊണ്ട് ചടങ്ങ് നിർവ്വഹിച്ചു.
പല ആനുകാലികങ്ങളിൽ പലപ്പോഴായി വെളിച്ചം കണ്ട ജീവിതസ്പർശിയായ, ഓർമ്മകളുടേയും അനുഭവങ്ങളുടേയും 15 കുറിപ്പുകളാണ്‌ പുസ്തകത്തിലുള്ളത്. ഗൾഫിൽ നിന്ന് ബെന്യാമിനെപ്പോലെ അനുഭവസമ്പത്തും ഭാഷാപാടവവുമുള്ള ഒരെഴുത്തുകാരി ഉയർന്നു വരുന്നത് മലയാളിക്ക് അഭിമാനമാണെന്ന് സെബാസ്റ്റ്യൻ പോൾ അഭിപ്രായപ്പെട്ടു. കാവ്യഭാഷയുടെ കാൽപനിക സൗന്ദര്യം പേറുന്ന ഈ കുറിപ്പുകൾ, വിഷയങ്ങളുടെ സൂക്ഷ്മാംശങ്ങളിലേക്ക് ഇറങ്ങിച്ചെന്ന്, അതിന്റെ ഭാവുകത്വം വായനക്കാരെ അനുഭവിപ്പിക്കുന്നതിനാൽ, ഏതൊരാൾക്കും ക്ലിഷ്ഠതയില്ലാതെ വായിച്ചാസ്വദിക്കാൻ പറ്റുമെന്നും, ഉത്തരാധുനികതയുടെ കാലത്തും കാല്പനികതയിൽ നിന്നുകൊണ്ട്, ദാർശനിക തലത്തിലുള്ള സംവാദങ്ങൾ ഈ കൃതി നടത്തുന്നുണ്ടെന്നും പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട്, നിരൂപകനായ ശ്രീ ജയചന്ദ്രൻ നെരുവമ്പ്രം പറഞ്ഞു.
ഭാഷയുടെ സൗന്ദര്യവും അത് ഉപയോഗിച്ചിരിക്കുന്ന രീതിയും കൊണ്ട് സ്വന്തം ജീവിതാനുഭവങ്ങളുടെ വീക്ഷണങ്ങൾ വായനക്കാരിലെത്തിക്കാൻ സബീന വിജയിച്ചിരിക്കുന്നുവെന്ന്, പുസ്തകാവലോകനം നടത്തിയ റസൂൽ സലാം അഭിപ്രായപ്പെട്ടു. സബീന എം സാലി മറുപടിപ്രസംഗം നടത്തി. നവോദയ പ്രസിഡന്റ് ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി, രവീന്ദ്രൻ പയ്യന്നൂർ സ്വാഗതവും, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്, ശിഹാബ് കൊട്ടുകാട്,, ഷംനാദ് കരുനാഗപ്പള്ളി, സത്താർ കായംകുളം, അബ്ദുള്ള വല്ലാഞ്ചിറ, നാസർ കാരന്തൂർ, വിനോദ് മഞ്ചേരി, അഡ്വ. അനീർ ബാബു, നിബു വർഗീസ്, എന്നിവർ ആശംസകളും ബാബുജി നന്ദിയും രേഖപ്പെടുത്തി.

Share This:

Comments

comments