കേരളത്തിന് അടിയന്തര ധനസഹായം അനുവദിക്കണം : മോദിക്ക് രാഹുലിന്റെ കത്ത്.

കേരളത്തിന് അടിയന്തര ധനസഹായം അനുവദിക്കണം : മോദിക്ക് രാഹുലിന്റെ കത്ത്.

0
524
ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: കാലവര്‍ഷത്തില്‍ പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് അടിയന്തരമായി സഹായം അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച്‌ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കി. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി തുടരുന്ന മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തു കഴിഞ്ഞു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ സംസ്ഥാനത്തെ ബാധിച്ച ഏറ്റവും വലിയ ദുരന്തമാണ് കേരളം ഇപ്പോള്‍ അനുഭവിക്കുന്നത്.
കഴിഞ്ഞ ഒരു മാസത്തിനിടെ പ്രകൃതി ക്ഷോഭങ്ങളില്‍ മാത്രം 150 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മാത്രം 25 പേര്‍ക്ക് ജീവഹാനിയുണ്ടായി. മലയോര, തീരദേശ ജില്ലകളായ ഇടുക്കി, വയനാട്, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് വന്‍ നാശനഷ്ടമുണ്ടായത്. കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ 24 അണക്കെട്ടുകള്‍ തുറന്നുകഴിഞ്ഞു. ഇതേതുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്ക ഭീതിയിലാണ്. ആയിരക്കണക്കിന് ഹെക്ടര്‍ കൃഷിഭൂമി വെള്ളത്തിനടിയിലാണ്.
ഇതിലൂടെ കര്‍ഷകര്‍ക്കുണ്ടായ നഷ്ടം ചില്ലറയല്ല. പൊതു ഉപയോഗ സംവിധാനങ്ങളായ റോഡുകളും വൈദ്യുതി സംവിധാനങ്ങളും തകര്‍ന്നത് പുനരധിവാസ നടപടികള്‍ അനന്തമായി നീളാന്‍ ഇടയാക്കും. അങ്ങനെയാരു സാഹചര്യത്തില്‍ കേരളം നേരിടുന്ന വലിയ പ്രതിസന്ധിയാണെന്ന വസ്തുത അംഗീകരിച്ചു കൊണ്ട് കേന്ദ്രം അനുഭാവപൂര്‍ണമായ നിലപാടുകള്‍ സ്വീകരിക്കണം. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ദുരിതത്തില്‍നിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത കേരളത്തിലെ മത്സ്യബന്ധന മേഖല അടക്കമുള്ളവയ്ക്ക് ഇപ്പോഴത്തെ പ്രകൃതിക്ഷോഭം താങ്ങാവുന്നതിനെക്കാളും വലുതാണ്.
പ്രളയക്കെടുതി നേരിടാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന ദുരിതാശ്വാസ നടപടികളിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും കേന്ദ്രത്തിന്റെ സഹകരണമുണ്ടാകണം. പ്രതിസന്ധികളെ തരണം ചെയ്യാനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനും കേരളത്തിന് അടിയന്തരമായി ധനസഹായം അനുവദിക്കണമെന്നും രാഹുല്‍ അഭ്യര്‍ത്ഥിച്ചു.

Share This:

Comments

comments