രണ്ട് ദിവസം കൂടി ശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

0
331
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: രണ്ട് ദിവസം കൂടി ശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴയില്‍ ഇന്നലെയും ഇന്നുമായി സംസ്ഥാനത്ത് മരണം 27 ആയി.
രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം രംഗത്തുണ്ട്. മഴ തുടര്‍ന്നാല്‍ സ്ഥിതി സങ്കീര്‍ണമാകുമെന്നാണ് റവന്യു വകുപ്പിന്റെ വിലയിരുത്തല്‍. മഴയ്‌ക്കൊപ്പം ദുരിതം വിതച്ചു സംസ്ഥാനത്ത് പലയിടത്തും ഉരുള്‍പൊട്ടലുണ്ടായി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച്‌ കേന്ദ്രത്തിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. മഴ ദുരിതം വിതച്ച കേരളത്തിനായി കര്‍ണ്ണാടക സര്‍ക്കാര്‍ പത്തു കോടി നല്‍കാമെന്നും പ്രഖ്യാപിച്ചു.
ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഒരു സംഘത്തെ ഹെലികോപ്റ്റര്‍ മുഖേന വയനാട്ടില്‍ എത്തിച്ചു. 15 അംഗങ്ങളാണ് സംഘത്തില്‍ ഉള്ളത്. 48 പേരടങ്ങുന്ന മറ്റൊരു സംഘം രാവിലെയോടെ വയനാട്ടിലെത്തി. 28 പേരടങ്ങുന്ന ഒരു സംഘം മലപ്പുറത്തും 28 പേരടങ്ങുന്ന മറ്റൊരു സംഘം കോഴിക്കോടും പ്രവര്‍ത്തനം ആരംഭിച്ചു. 48 പേരടങ്ങുന്ന ഒരു സംഘം നിലവില്‍ കോഴിക്കോട് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.

Share This:

Comments

comments