
Home Education വിദ്യാർത്ഥി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക: ഫ്രറ്റേണിറ്റി മൂവ്മെന്റ് കാലിക്കറ്റ് സർവകലാശാല മാർച്ചിൽ പ്രതിഷേധമിരമ്പി.
റബീ ഹുസൈന്‍ തങ്ങള്‍.
തേഞ്ഞിപ്പലം : വിദ്യാർത്ഥി ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് കാലിക്കറ്റ് സർവകലാശാലയിലേക്ക് നടത്തിയ വിദ്യാർത്ഥി മാർച്ചിൽ പ്രതിഷേധമിരമ്പി. സർവകലാശാല പരിസരത്തു നിന്ന് ആരംഭിച്ച മാർച്ച് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ സി.ഐ ജനാർദനന്റെയും എസ്.ഐ ഹനീഫയുടെയും നേതൃത്വത്തിൽ പോലീസ് തടഞ്ഞു. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
സർവീസ് ആക്ട് നടപ്പാക്കുന്നതു പോലും അട്ടിമറിച്ച് തോന്നും പോലെ പ്രവർത്തിച്ച് വിദ്യാർത്ഥികളുടെ ഭാവി കൊണ്ട് സർവകലാശാല അധികൃതർ പന്താടുകയാണെന്ന് ഉദ്ഘാടനം നിർവഹിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് ഷംസീർ ഇബ്രാഹീം പറഞ്ഞു. പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും സമയബന്ധിതമായി നടക്കുന്നില്ല. പ്രൈവറ്റ് വിദ്യാർത്ഥികളോട് തികഞ്ഞ വിവേചനം പുലർത്തുന്നു. മലബാറിന്റെ വിദ്യാഭ്യാസ ഉന്നമനത്തിനായി 50 വർഷം മുമ്പ് സ്ഥാപിച്ച സർവകലാശ ഇപ്പോഴും തുടങ്ങിയിടത്തു തന്നെ നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സെക്രട്ടറി ജംഷീൽ അബൂബക്കർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അജീഷ് കിളിക്കോട്ട്, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ അഷ്റഫ് കെ.കെ, എസ്.മുജീബുറഹ്മാൻ, റഹീം ചേന്ദമംഗല്ലൂർ, നഈം ഗഫൂർ, ബഷീർ തൃപ്പനച്ചി, ഷബീൽ എന്നിവർ സംസാരിച്ചു.
പ്രോ വി.സി നേതാക്കളെ ചർച്ചക്ക് ക്ഷണിച്ചു. ഫ്രറ്റേണിറ്റി മുന്നോട്ടുവെച്ച ആവശ്യങ്ങൾ ചർച്ചയിൽ പ്രൊ വി.സി അംഗീകരിച്ചതായി നേതാക്കൾ അറിയിച്ചു. ജംഷീൽ അബൂബക്കർ, അഷ്റഫ് കെ.കെ, റഹീം ചേന്ദമംഗല്ലൂർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അഫിലിയേറ്റഡ് കോളേജുകൾക്ക് സ്റ്റാറ്റ്യൂട്ടി പരിധി വരെ പ്രവേശനം നൽകാനുള്ള അധികാരം പുനസ്ഥാപിക്കണമെന്ന ആവശ്യം അടുത്ത കൗൺസിൽ യോഗത്തിന്റെ മുന്നിൽ വെക്കുമെന്ന് പ്രൊ വി.സി ഉറപ്പുനൽകി.
യു.ജി.സി വിദൂര വിദ്യാഭ്യാസം നിർത്തലാക്കുകയാണെങ്കിൽ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ പുനസ്ഥാപിക്കും, ഇടവേളകളില്ലാതെ നടത്തുന്ന എം.എസ്.എസി സുവോളജി, കെമിസ്ട്രി പരീക്ഷകൾ പുനക്രമീകരിക്കും, എം.എസ്.സി ബയോടെക്നോളജി, ഫുഡ് ടെക്നോളജി, എം.സി.ജെ കോഴ്സുകളുടെ മാനേജ്മെൻറ് ക്വാട്ടയിലേക്കുള്ള പ്രവേശന പരീക്ഷ ആഗസ്റ്റ് 16, 17 തീയതികളിൽ നടത്തും, ഇതിന്റെ നോട്ടിഫിക്കേഷൻ ജൂലൈ 30ന് പുറപ്പെടുവിക്കും തുടങ്ങിയ കാര്യങ്ങളും ചർച്ചയിൽ തീരുമാനമായി.
പരിപാടിക്ക് ഫയാസ് മലപ്പുറം, സുഹൈന, ആസിഫ് മലപ്പുറം, ലബീബ് കായക്കൊടി, അഷ്ഫാഖ് കൊടുങ്ങല്ലൂർ എന്നിവർ നേതൃത്വം നൽകി.
—–
ഫോട്ടോ കാപ്ഷൻ:
1. വിദ്യാർഥി ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലേക്ക് നടത്തിയ മാർച്ച്.
2. ഫ്രറ്റേണിറ്റി മൂവ്മെന്റ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് ശംസീർ ഇബ്രാഹിം ഉദ്ഘാടനം ചെയ്യുന്നു.
Comments
comments