കൃഷി പഠിപ്പിക്കും കിറ്റുമായി പ്ലസ് വൺ വിദ്യാർത്ഥി രംഗത്ത് .

0
663
സോണി കെ ജോസഫ്‌.
വിദ്യാർത്ഥികൾക്ക് കൃഷി സംബന്ധമായ കാര്യങ്ങൾ സൌകര്യപ്രദവും വേഗത്തിലും പഠിക്കാൻ സഹായിക്കുന്ന  കൃഷി പഠനോപകരണ കിറ്റ് സ്വയം തയാറാക്കി പ്ലസ് വൺ വിദ്യാർത്ഥി ആദിത്യ ജിനോ ശ്രദ്ധയാകർഷിക്കുകയാണ്. ‘ബോട്ടണി ലാബ് ഫോർ കിഡ്സ്‘ എന്നാണ് കിറ്റിന്റെ പേര്. മാന്നാനം കെ.ഇ സ്ക്കുളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ആദിത്യ ജിനോ. എങ്ങനെയാണ് വിത്ത് കിളിർത്തു വരുന്നത്, വളരാനായി ചെടികൾക്ക് എന്തെല്ലാം വേണം, വിത്ത് പാകുന്നത്, ചെടികളുടെ നന, ചെടിയുടെ വേരുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്, ചെടികൾ വെളിച്ചം കിട്ടുന്ന ഭാഗത്തേക്കു വളരുന്നതെന്തുകൊണ്ട്, ചെടിയുടെ വേരും തൈയും കാഴ്ചയിൽ എങ്ങനെയിരിക്കും തുടങ്ങിയവ പരീക്ഷണത്തിലൂടെ കുട്ടികൾക്കു
സ്വയം പഠിക്കാനാവുന്ന രീതിയിലാണ് കിറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെ മണ്ണിനങ്ങൾ, കൃഷികൾ ഏതെല്ലാം, കൃഷിക്കനുകൂലമായ കാലാവസ്ഥ, ഫലങ്ങൾ ഉണ്ടാകുന്ന സമയം തുടങ്ങിയ വിവരങ്ങളും പരീക്ഷണങ്ങൾ ചെയ്യേണ്ട രീതികൾ അടങ്ങിയ പുസ്തകവും ഏഴ് തരം വിത്തിനങ്ങളും, പരീക്ഷണങ്ങൾക്കായുള്ള ചെറിയ പാത്രങ്ങൾ, ഡ്രോപ്പർ, മരത്തവി, മൺകുട്ട, മോണാ ബോക്സ് എന്നിവയും കിറ്റിലുണ്ടാകും. ഈ ആശയം ആദിത്യ തന്റെ പിതാവ് ഡോ. ജിനോ ശ്രീനിവാസയുമായി പങ്കുവെച്ചപ്പോൾ ഡോ.ജിനോ ആദിത്യയ്ക്ക് എല്ലാ പിന്തുണയും പ്രോത്സാഹനവും നൽകി കൂടെ നിൽക്കുകയായിരുന്നു. തുടർന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കൃഷിയും അവയുടെ വിവരങ്ങളും ചേർത്ത് കുട്ടികൾക്ക് പഠനോപകരണ കിറ്റ് തയാറാക്കാമെന്ന് ഇരുവരും ചേർന്ന് തീരുമാനിക്കുകയും ‘ബോട്ടണി ലാബ് ഫോർ കിഡ്സ്‘ എന്ന ആശയം വിദഗ്ധരുമായി ചർച്ച ചെയ്തു നടപ്പാക്കുകയുമായിരുന്നു. പിരമൽ ഹെൽത്ത്
സെന്ററുമായി ചേർന്നാണ് ഇപ്പോൾ കിറ്റിന് രൂപം നൽകിയിരിക്കുന്നത്.
അബുദാബിയിലെ സ്ക്കുളിൽ പഠിക്കുമ്പോൾ ജൂനിയർ സയന്റിസ്റ്റ് എന്ന നിലയിൽ ആദിത്യയ്ക്ക് യുഎസിലെ നാസയിൽ പോകാൻ അവസരം കിട്ടിയിട്ടുണ്ട്. ആദിത്യ ജിനോയുടെ കൃഷിയെക്കുറിച്ച് കുട്ടികൾക്ക് അറിവ് പകരുന്ന ഈ പഠനോപകരണ കിറ്റ് കേന്ദ്രമന്ത്രി കൃഷ്ണ രാജയ്ക്ക്കൈമാറി. മന്ത്രി കൃഷി വിജ്ഞാന കേന്ദ്രത്തിലെത്തിയപ്പോഴാണ് കിറ്റ് നൽകിയത്. മന്ത്രി എല്ലാ പിന്തുണയും ആദിത്യയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരളത്തിലെ സ്കുളുകളിൽ കൃഷിയുമായി ബന്ധപ്പെട്ട ഈ കിറ്റ് കുട്ടികളുടെ പ്രോജക്ടായി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാണ് ജിനോ ശ്രിനിവാസയുടെയും മകൻ ആദിത്യയുടെയും ആഗ്രഹം…67

Share This:

Comments

comments