താരസംഘടന അമ്മയില്‍ നിന്നും ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാല് നടിമാര്‍ രാജി വെച്ചു.

0
1063
ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി ; താരസംഘടന അമ്മയില്‍ നിന്നും ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാല് നടിമാര്‍ രാജി വെച്ചു. ലൈഗീംകാതിക്രമത്തെ അതിജീവിച്ച നടി,രമ്യാ നമ്ബീശന്‍, റിമാ കല്ലിങ്കല്‍, ഗീതുമോഹന്‍ദാസ് എന്നിവരാണ് രാജി വെച്ചത്.
തനിക്ക് നേരെ നടന്ന ആക്രമണത്തില്‍ കുറ്റാരോപിതനായ നടനെ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ല രാജിയെന്ന് ലൈഗീംകാതിക്രമത്തെ അതിജീവിച്ച നടി പറഞ്ഞു. ”ഈ നടന്‍ തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയപ്പോള്‍ പരാതിപ്പെട്ടിട്ടും സംഘടന നടപടി സ്വീകരിച്ചിരുന്നില്ല, ഇത്രയും മോശപ്പെട്ട അനുഭവം എന്റെ ജീവിതത്തില്‍ ഈയിടെ ഉണ്ടായപ്പോള്‍, ഞാന്‍ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതല്‍ ശ്രമിച്ചത്. ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് മനസ്സിലാക്കി ഞാന്‍ രാജി വെക്കുന്നു”. ലൈഗീംകാതിക്രമത്തെ അതിജീവിച്ച നടി ഫേസ്ബുക്കില്‍ കുറിച്ചു. രാജിവിവരം ഫേസ്‌ബുക്കിലൂടെയാണ് നടിമാര്‍ അറിയിച്ചത്.
അമ്മയില്‍ നിന്നും നിന്നും രാജി വെച്ചവരുടെ പ്രതികരണങ്ങള്‍
”അമ്മ’ യില്‍ നിന്നും രാജി വെക്കുകയാണ് . ഇപ്പോഴത്തെ സാഹചര്യങ്ങളോടുള്ള അങ്ങേയറ്റം നിരുത്തരവാദപരമായ നിലപാടില്‍ പ്രതിഷേധിച്ചാണ് എന്റെ രാജി . ഹീനമായ ആക്രമണം നേരിട്ട ,ഞങ്ങളുടെ സഹപ്രവര്‍ത്തകയോട് തികച്ചും വഞ്ചനാപരവും മനുഷ്യത്വഹീനവുമായ നിലപാടാണ് സംഘടന സ്വീകരിച്ചത് . ഞാന്‍ പ്രാഥമികമായി മനുഷ്യനായിരിക്കുന്നതില്‍ വിശ്വസിക്കുന്നു . നീതി പുലരട്ടെ .
– രമ്യാ നമ്ബീശന്‍
”അമ്മ’യില്‍ നിന്ന് ഞാന്‍ രാജി വെക്കുകയാണ് . വളരെ നേരത്തെ എടുക്കേണ്ട തീരുമാനമായിരുന്നു ഇത്. അമ്മയക്കകത്തു നിന്നു കൊണ്ട് അവരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നത് ഏറെ പ്രയാസമാണ് എന്ന് മുന്‍ നിര്‍വ്വാഹക സമിതി അംഗം എന്ന നിലയില്‍ ഞാന്‍ മനസ്സിലാക്കിയിട്ടുള്ളതാണ്. നേതൃത്വത്തിന്റെ അഭിപ്രായങ്ങളെ ചോദ്യം ചെയ്യാതെ അനുസരിക്കുന്ന അംഗങ്ങളെയാണ് ഈ സംഘടനക്ക് വേണ്ടത് . ഞങ്ങളുടെയെല്ലാം ശബ്ദം അവിടെ മുങ്ങിപ്പോകുകയാണ് . ഇനിയും അതനുവദിക്കാന്‍ കഴിയില്ല . എന്റെ കൂട്ടുകാരിക്കൊപ്പം നിന്നുകൊണ്ട് അമ്മ എന്ന സംഘടനയുടെ തീര്‍ത്തും ഉത്തരവാദിത്വമില്ലാത്ത ഇത്തരം നിലപാടുകള്‍ക്കെതിരെ ഞാന്‍ പുറത്തു നിന്നു പോരാടും.
-ഗീതു മോഹന്‍ ദാസ്
ഇപ്പോള്‍ സംഭവിച്ചത് ഒരാളിലോ ഒരു സംഘടനയിലോ ഒതുങ്ങുന്ന ഒരു പ്രശ്‌നമാണെന്ന് ഞാന്‍ കരുതുന്നില്ല. ഈ ഒരൊറ്റ പ്രശ്‌നത്തിന്റെ പേരിലല്ല ഞാന്‍ ‘അമ്മ’ വിടുന്നത്.അടുത്ത തലമുറയ്ക്ക് സ്വന്തം തൊഴിലിടത്തില്‍ ഒത്തുതീര്‍പ്പുകളില്ലാതെ , ആത്മാഭിനത്തോടെ തുടരാനുള്ള കരുത്തുണ്ടാവണമെന്ന ആഗ്രഹം കൊണ്ട് കൂടിയാണ്.
-റീമ കല്ലിങ്കല്‍

Share This:

Comments

comments