നീനു വീണ്ടും കോളേജിലേയ്ക്ക് ‘ഇവളുടെ എല്ലാ ഉത്തരവാദിത്തവും എനിക്കാണ്’; രക്ഷിതാവിന്റെ കോളത്തില്‍ ഒപ്പുവെച്ച്‌ ജോസഫ്.

0
1903
ജോണ്‍സണ്‍ ചെറിയാന്‍.
കോട്ടയം: കെവിന്റെ പിതാവ് ജോസഫ് കോളേജ് അധികൃതര്‍ നല്‍കിയ രേഖയില്‍ രക്ഷിതാവിന്റെ കോളത്തില്‍ ഒപ്പുവെച്ചതോടെ നീനു ചാക്കോയുടെ പഠനത്തിന് വീണ്ടും ഹരിശ്രീ കുറിച്ചു. ‘ഇവളുടെ എല്ലാ ഉത്തരവാദിത്തവും എനിക്കാണ്. പഠനം തുടരാനാണ് തീരുമാനം’. ജോസഫ് അറിയിച്ചു. വിഷാദം ഇനിയും മായാത്ത മുഖം കുനിച്ച്‌ ചിരിക്കാന്‍ ശ്രമിച്ച്‌ പരമാവധി നീനു ജോസഫിനോട് ചേര്‍ന്നിരിപ്പുണ്ടായിരുന്നു.
അമലഗിരി ബികെ കോളേജിന്റെ ക്യാമ്ബസിലേക്ക് ഇന്നലെയാണ് ഒരിക്കല്‍കൂടി നീനുവെത്തിയത്. തുടര്‍പഠനത്തിന്റെ എല്ലാ ചെലവുകളും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തെന്ന പ്രഖ്യാപനമൊന്നും അപ്പോള്‍ നീനു അറിഞ്ഞിരുന്നില്ല. പഠിക്കാന്‍ മിടുക്കിയായിരുന്ന നീനുവിനെ വല്ലാതെ തകര്‍ത്തതായിരുന്നു ഭര്‍ത്താവ് കെവിന്റെ മരണം. ‘ഇവളിനി ഞങ്ങളുടെ കുടുംബത്തിലൊരാളാ’ണെന്ന് പറഞ്ഞ ജോസഫ് ഇപ്പോള്‍ എല്ലാ അര്‍ഥത്തിലും അവള്‍ക്ക് രക്ഷിതാവായി. കോളേജില്‍ ബിഎസ്‌സി ജിയോളജി മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ് നീനു.
ബുധനാഴ്ച രാവിലെ നീനു കോളേജില്‍ എത്തിയപ്പോള്‍ കൂട്ടുകാരികള്‍ക്ക് കണ്ണീരിന്റെ നനവുള്ള ആഹ്ലാദം. അല്‍പസമയം അവരോടൊപ്പം ചെലവഴിച്ച ശേഷം പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക്. കോളേജ് അധികൃതരുമായി അച്ഛന്റെ സ്ഥാനത്തുനിന്ന് ജോസഫ് സംസാരിച്ചു. സഹപാഠികള്‍ വീട്ടിലെത്തി നീനുവിനെ ആശ്വസിപ്പിക്കാറുണ്ടായിരുന്നു. പഠനം തുടരാനും നിരന്തരം നിര്‍ബന്ധിച്ചു. അധ്യാപകര്‍ക്കും നീനുവിനെ കണ്ടപ്പോള്‍ ആഹ്ലാദം. ക്ലാസ് തുടങ്ങിയിട്ട് ഏതാനും ദിവസമായിരുന്നു. ബുധനാഴ്ച ഉച്ചവരെ പഴയ നോട്ടുകള്‍ കൂട്ടുകാരുടെ സഹായത്തോടെ കുറിച്ചെടുത്തു. ജീവിതത്തിന്റെ പുതിയ അധ്യായം അവിടെ ആരംഭിച്ചു.
അവള്‍ക്ക് സ്വപ്‌നങ്ങള്‍ ഏറെയുണ്ട്. അതിനുള്ള എല്ലാ സഹായവുമായി സര്‍ക്കാരും. വൈകിട്ട് കോളേജില്‍നിന്ന് തിരികെ കൂട്ടിക്കൊണ്ടു പോകാനും അച്ഛനെത്തി. കെവിന്റെ മരണത്തിനു ശേഷം ഇപ്പോഴാണ് കോട്ടയം ചവിട്ടുവരി ജങ്ഷനിലെ തന്റെ വര്‍ക്‌ഷോപ്പിലേക്ക് ജോസഫ് പോയി തുടങ്ങിയത്.

Share This:

Comments

comments