സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ദിലീപിന്റെ ഹര്‍ജി.

0
879
ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദീലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നിരപരാധിയായ തന്നെ കേസില്‍ കുടുക്കിയതാണെന്ന് ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ നീതിയുക്തമായ അന്വേഷണം വേണമെന്നാണ് ആവശ്യം.
കേസിന്റെ വിചാരണ നടപടികള്‍ കോടതി തുടങ്ങാനിരിക്കെയാണ് നീക്കം. നേരത്തെ ഈ ആവശ്യമുന്നയിച്ച്‌ ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാരില്‍നിന്ന് അനുകൂല സമീപനം ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബര്‍ 18 നാണ് ദിലീപ് 12 പേജുള്ള കത്ത് അഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് അയച്ചത്. കത്ത് കിട്ടിയതായി ആഭ്യന്തര വകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു.
കേസ് സി.ബി.ഐക്ക് വിടാത്തപക്ഷം പുതിയ അന്വേഷണസംഘം രൂപവത്കരിക്കണമെന്നും ദീലീപ് കത്തില്‍ ആവശ്യപ്പെട്ടിരുന്നു. അന്വേഷണ സംഘത്തെ മാറ്റിയാല്‍ യഥാര്‍ഥ പ്രതികള്‍ കുടുങ്ങുമെന്നും കത്തില്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഏതുതരം അന്വേഷണം വേണമെന്ന് പ്രതിക്ക് ആവശ്യപ്പെടാനാകില്ല എന്ന സാഹചര്യം നിലനില്‍ക്കെ അന്വേഷണ സംഘത്തെ ആശയക്കുഴപ്പത്തിലാക്കാനാണ് കത്തയച്ചത്തിലൂടെ ദിലീപ് ശ്രമിക്കുന്നതെന്ന് പോലീസ് കേന്ദ്രങ്ങള്‍ വിലയിരുത്തിയിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് നടക്കുന്നത്. അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍നിന്നും കേസ് വിചാരണയ്ക്കായി സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.

Share This:

Comments

comments