പ്ലാസ്റ്റിക്‌ നിര്‍മ്മാണവും അതിന്‍റെ നിരോധനവും.(അനുഭവ കഥ)

0
631
മിലാല്‍ കൊല്ലം.
നമ്മുടെ പൂർവ്വികന്മാർ പറഞ്ഞിട്ടുണ്ട്‌. അവനവൻ കുഴിയ്ക്കുന്ന കുഴിയിൽ അവനവൻ തന്നെ വീഴും എന്ന്.
പ്ലാസ്റ്റിക്കിന്റെ കാര്യം തന്നെയാ പറയുന്നത്‌. ഏതാണ്ട്‌ ആയിരത്തി തൊള്ളായിരത്തി എൺപത്‌ വരെ ഒന്നും ഈ പ്ലാസ്റ്റിക്കിന്റെ കടന്ന് കയറ്റം ഇല്ലായിരുന്നു.
കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ അത്‌ കടലാസിൽ പൊതിഞ്ഞ്‌ ചണം കൊണ്ട്‌ കെട്ടി തരുമായിരുന്നു.
എനിയ്ക്ക്‌ അറിയാവുന്ന ഒന്ന്. മയ്യനാട്ട്‌ മഞ്ഞകുഞ്ഞ്‌ മുതലാളിയുടെ കടയിൽ ഉച്ചയ്ക്ക്‌ ഭക്ഷണം കഴിഞ്ഞാൽ ഉടൻ തുടങ്ങും കടലാസ്‌ കൊണ്ട്‌ കവർ ഉണ്ടാക്കാൻ. അത്‌ വൈകുന്നേരം വരേ നീളും. അതിങ്ങനെ ഒരു കിലോ കവർ രണ്ട്‌ കിലോ കവർ അങ്ങനെ ഉണ്ടാക്കി വയ്ക്കും.
കവറല്ലാതെ കടലാസിൽ പൊതിഞ്ഞ്‌ കൊടുക്കുന്ന സാധനം കെട്ടുവാൻ ചണം വേണം. അതിനു എന്ത്‌ ചെയ്യുമെന്ന് വച്ചാൽ അരി വരുന്ന ചാക്ക്‌ എടുത്തിട്ട്‌ കൊടുത്തിട്ട്‌ ഒരാളിനെ കൊണ്ട്‌ അതിൽ നിന്ന് ചണം ഊരി എടുപ്പിയ്ക്കും.
അതുപോലെ ഏത്‌ തുണിക്കടയിൽ ചെന്നാലും കിട്ടുന്ന കവർ കടലാസ്‌ കവർ ആണു. അന്ന് പരീക്ഷ എഴുതുമ്പോൾ തട വയ്ക്കുന്നത്‌ തുണിക്കടയിൽ നിന്ന് കിട്ടുന്ന കട്ടി ബൈന്റാണു. അതും വിലയില്ലാതെ. അത്‌ വെറുതെ കിട്ടുന്നത്‌ കൊണ്ട്‌ അതിനു വിലയില്ലാതായി. ആൾക്കാർ പൈസാ കൊടുത്ത്‌ പ്ലാസ്റ്റിക്കിന്റെ തട വച്ച്‌ എഴുതുന്നത്‌ വാങ്ങാൻ തുടങ്ങി.
ഇരുമ്പ്‌ പെട്ടികൾ എല്ലാം ഉപേക്ഷിച്ച്‌ പ്ലാസ്റ്റിക്കിലേയ്ക്ക്‌ കടന്നു. ഇതൊന്നും മറ്റൊരു ജീവിയും കൊണ്ട്‌ വന്ന് നമ്മളെ അടിച്ച്‌ ഏൽപ്പിച്ചതല്ല.
മുൻ കാലത്ത്‌ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങുന്നെങ്കിൽ കറിവാങ്ങുവാൻ നമ്മൾ വേറേ പാത്രം കൊണ്ട്‌ ചെല്ലണം. എനിയ്ക്ക്‌ അറിയാം മയ്യനാട്ട്‌ കൊറുക്കേമ്മാച്ചന്റെ കടയിലെ സാംബാർ വളരെ നല്ലതായിരുന്നു. അതുകൊണ്ട്‌ ദോശ വാങ്ങാൻ പോയാൽ സാംബാറിനു പ്രത്യേകം പാത്രം കൈയിൽ കാണും.
കൊറുക്കേമ്മാച്ചന്റെ കടയിലെ ഗുണ്ടും വളരെ പ്രധാനം ആയിരുന്നു. ഗുണ്ട്‌ ഉണ്ടാക്കുന്നത്‌ രാവിലെ പത്ത്‌ മണിക്കാണു. അപ്പോൾ വാങ്ങി തിന്നാൻ നല്ലതാണു. വൈകിട്ട്‌ ചെന്ന് വാങ്ങി കഴിച്ചിട്ട്‌ നൂലുവലിയുന്നു എന്ന് പറഞ്ഞാൽ കൊറുക്കേമ്മാച്ചൻ ചീത്ത വിളിയ്ക്കും. നീ ഇത്‌ ഉണ്ടാക്കിയപ്പോൾ എവിടെ പോയിരുന്നു. ഇപ്പോൾ വന്നിട്ട്‌ നൂലു വലിയുന്നെന്നോ?
ആയിടയ്ക്കാണു സത്യൻ അന്തിക്കാടിന്റെ കുറുക്കന്റെ കല്ല്യാണം സിനിമ വരുന്നത്‌. കടയുടെ മുന്നിലിരിയ്ക്കുന്ന ബോർഡ്‌ കണ്ടിട്ട്‌ ഇതെന്താ കൊറുക്കേന്റെ കല്ല്യാണമാ എന്ന് ചോദിച്ച്‌. വലിയ പ്രശ്നം ആയന്ന് മാത്രമല്ല. ആ പടം മാറുന്നത്‌ വരെ ആ ബോർഡ്‌ അവിടെ വച്ചില്ല.
ഇപ്പോൾ പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിറുത്തണം പല പല അസുഖങ്ങളും പ്ലാസ്റ്റിക്കിൽ നിന്നാണു വരുന്നത്‌ എന്ന് പറയുന്ന മാധ്യമങ്ങൾ ആയാലും. സർക്കാരായാലും ഒന്ന് മനസിലാക്കണം.
പ്ലാസ്റ്റിക്കിന്റെ ഉപയോഗം കൊണ്ട്‌ മാരകമായ അസുഖങ്ങൾ വരുമെന്ന് വർഷങ്ങൾക്ക്‌ മുൻപേ അറിവുള്ളതാണു.
വർഷങ്ങൾക്ക്‌ മുൻപ്‌ ഇത്രയും ക്യാൻസർ രോഗികൾ ഇല്ലായിരുന്നു. അതുകൊണ്ട്‌ ഒരു ശാസ്ത്രഞ്ജന്മാരും ക്യാൻസർ വരുത്തും എന്നും പറഞ്ഞിട്ടില്ലായിരുന്നു.
കല്ലുപ്പിനു പകരം പൊടിയുപ്പ്‌ എന്ന് പറഞ്ഞപോലെ സർക്കാരും മാധ്യമങ്ങളും പ്ലാസ്റ്റിക്ക്‌ കമ്പനികൾ തുടങ്ങുവാൻ അനുമതി നൽകി. മാധ്യമങ്ങൾ വഴി പരസ്യം ചെയ്തു.
അതെ സർക്കാർ പറയുന്നു പ്ലാസ്റ്റിക്‌ നിരോധിയ്ക്കാൻ. മാധ്യമങ്ങൾ പറയുന്നു ക്യാൻസർ ഉണ്ടാകും പ്ലാസ്റ്റിക്‌ ഉപയോഗിക്കരുത്‌ എന്നും. എല്ലാം ഒരു കച്ചവടം.
ആയിരത്തി തൊള്ളായിരത്തി ഏൺപത്തിമൂന്നിൽ ഞാൻ അപ്സരാ മെഡിക്കൽസിൽ ജോലി ചെയ്യുന്ന സമയം മയ്യനാട്ട്‌ കാരനായ ഡ്രഗ്‌ ഇൻസ്പെക്ടോർ കനകരാജൻ സാർ പരിശോധനയ്ക്ക്‌ കടയിൽ വന്നപ്പോൾ കണ്ടത്‌. പ്ലാസ്റ്റിക്‌ ഔൺസ്‌ ഗ്ലാസിൽ പനിയുടെ മരുന്നു ഒഴിച്ചു കൊടുക്കുന്നത്‌. അത്‌ കണ്ടിട്ട്‌ അദ്ദേഹം എന്നോട്‌ പറഞ്ഞു. പ്ലാസ്റ്റിക്‌ നിരോധിച്ചിരിയ്ക്കുന്ന സാധനമാണു അതുകൊണ്ട്‌ ഇനി പ്ലാസ്റ്റിക്‌ ഔൺസ്‌ ഗ്ലാസിൽ മരുന്ന് കൊടുക്കരുത്‌. ഔൺസ്‌ ഗ്ലാസ്‌ കുപ്പി ഗ്ലാസിൽ ഉള്ളത്‌ ഉണ്ട്‌ അത്‌ വാങ്ങി ഉപയോഗിയ്ക്കണം എന്ന്. അന്ന് ഒരു ഡ്രഗ്‌ ഇൻസ്പെക്ടോർ പറയണെമെങ്കിൽ സർക്കാർ അറിയാണ്ടിരിയ്ക്കുമോ? ഇപ്പോൾ വർഷം മുപ്പത്തിയഞ്ച്‌.
ഇപ്പോൾ ആൾക്കാർ കയ്യിൽ പാത്രമില്ലാതെ തട്ട്‌ കടയുടെ മുന്നിൽ ക്യൂവിൽ ആണു ഇറച്ചിക്കറികൾ പ്ലാസ്റ്റിക്‌ കവറിൽ ചൂടോടുകൂടി വാങ്ങി വീട്ടിൽ കൊണ്ടു പോയി കഴിയ്ക്കാൻ. ആരും പാത്രം എടുക്കരുത്‌. പ്ലാസ്റ്റിക്‌ കവറിലായാൽ ഗുണം കൂടും.

Share This:

Comments

comments