“ആത്മഗീതം”. (കവിത)

0
547
മഞ്ജുള ശിവദാസ്‌.
മാരുതൻ മെല്ലെ വീശി വന്നെത്തുവാൻ,
ജാലകങ്ങൾ തുറന്നിട്ടിടുന്നു ഞാൻ.
താതനെപ്പോലെ തലയിൽ തലോടി-
യെന്നരികിലൽപ്പമിരിക്കുമോ തെന്നലേ…
ഉടപ്പിറപ്പിൻറെ കരുതുന്ന സ്നേഹമായ്,
കരുത്തിലൊട്ടും കുറയ്ക്കാതെതന്നെ നീ-
ഒരു കൊടുങ്കാറ്റു പോലെൻ്റെ ചുറ്റിലും-
കവചമായെന്നെ കാത്തു രക്ഷിക്കുമോ?
കുസൃതികാട്ടിപ്പിണങ്ങിയും പിന്നെ-
വന്നുമ്മവച്ചും കിണുങ്ങിയും നിൽക്കുന്ന,
തനയനായി നീ മന്താനിലാ എൻറെ-
യരികിലേക്കൊന്നു വീശി വന്നെത്തുമോ..
കോപഭാവം മറയ്ക്കുന്നൊരെന്നിലെ-
സ്നേഹവാത്സല്യമെല്ലാമറിയുന്ന-
എൻറെ ചിന്തകൾക്കൊപ്പം ചരിക്കുന്ന-
നല്ല ചങ്ങാതിയായി നീയെത്തുമോ…
എൻറെയൂഷ്മള സ്നേഹം കൊതിക്കുന്ന-
മാനസത്തെ കളങ്കപ്പെടുത്തുവാൻ
എത്തിടേണ്ട നീ കാമുകവേഷത്തിൽമാത്ര-
മെന്നരികിൽ പ്രണയ കാപട്യമായ്.

Share This:

Comments

comments