ഇതൾ കൊഴിഞ്ഞ ഗുൽമോഹർ. (കഥ)

0
618
സന്ധ്യ ജലേഷ്.
“ഹലോ.. രാംജി.. ഈലാബീഗം ബോൽറാ ഹും. ആബ് കഹാം ഹേ.. കേരൾ സേ ഏക് ഖൂബ് സൂരത്ത് ലഡ്കി ആയാ ഹേ…ഏക് ദം നയാ ഹേ.. (ഹലോ രാംജി ഈലാബീഗമാണ് സംസാരിക്കുന്നത്. താങ്കൾ എവിടെയാണ്. കേരളത്തിൽ നിന്നും സുന്ദരിയായ ഒരു പെൺകുട്ടി എത്തിയിട്ടുണ്ട് പുതിയതാണ്) മറുപടി കേട്ട അവർ പൊട്ടിച്ചിരിച്ചു കൊണ്ട് ഫോൺ ഓഫ് ചെയ്തു. വജ്ര വ്യാപാരിയാണ് ഗുജറാത്ത് കാരനായ രാംജി സേഠ്. ഈലാബീഗത്തിന്റെ കയ്യിൽ എത്തിപ്പെടുന്ന പുതിയ പെൺകുട്ടികളുടെ ആദ്യ അവകാശി രാംജി സേഠാണ്. അതിന് കാരണവുമുണ്ട്. അയാൾ പറയുന്നിടത്ത് ഒന്നോ രണ്ടോ ദിവസത്തേക്ക് പെൺകുട്ടിയെ എത്തിച്ചു കൊടുത്താൽ… മലയാളിയോ തമിഴനോ ഹിന്ദിക്കാരനോ എണ്ണികൊടുക്കുന്ന കാശ് പോലെയല്ല.. കയ്യിലുള്ള പെട്ടി ഈലാബീഗത്തിന്റെ മുന്നിൽ വെച്ച് തുറക്കും. ഇഷ്ടമുള്ളതെടുക്കാം. ….”
ഹുഗ്ളി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കൊൽക്കത്ത പശ്ചിമ ബംഗാൾ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്. “സോനാഗച്ചി” എന്ന ഏഷ്യയിലെ ഏറ്റവും വലിയ വേശ്യാലയം ഈ തെരുവിലാണ്. ബംഗാൾ, നേപ്പാൾ ‘ തുടങ്ങി ഒട്ടുമിക്ക ഭാഷക്കാരും ഇവിടെയുണ്ട്. എത്തിപ്പെട്ടാൽ ഒരു രക്ഷപെടൽ അസാധ്യമാണ്. അടിവില്ലിൽ വീണ എലിയുടെ അവസ്ഥ. രക്ഷപെടാൻ നോക്കിയാൽ കഴുത്ത് മുറുകും. അനങ്ങാതെ എതിർക്കാതെ അനുസരിച്ചാൽ കുറേ കാലം കൂടി ജീവിക്കാം. ഇവിടുള്ള തൊണ്ണൂറ്റി ഒൻപത് ശതമാനം സ്ത്രീകളും കാമുകനോ ഭർത്താവോ വിലപേശി വിറ്റവരാണ്.. നേപ്പാളികളിൽ ചിലർ മാത്രമാണ് എതിർപ്പില്ലാതെ ജോലി ചെയ്യുന്നത്.
പ്രേമബന്ധത്തിൽപ്പെട്ട് കാമുകന്റെ ചതിയാൽ ഇവിടെ എത്തിപ്പെട്ടതാണ് പാലക്കാട്ട്കാരിയായ ശ്രീവിദ്യയെന്ന താൻ.. ചില ദിവസം പത്തിൽ കൂടുതൽ പുരുഷൻമാർക്ക് മുൻപിൽ വസ്ത്രമഴിക്കേണ്ടി വരും.” ഇന്നിനി വയ്യാ ” എന്ന് പറഞ്ഞാൽ ഈലാ ബീഗത്തിന്റെ തടിച്ച കൈപ്പത്തി കവിളിൽ പോറൽ വീഴ്ത്തും.കൂടെ പൂരത്തെറിയും. അഴകും ആരോഗ്യവും നശിച്ച് രഹസ്യ രോഗങ്ങൾക്ക് അടിമയാകുമ്പോൾ ഇവിടെ നിന്നും പുറത്താക്കും. വയറ് കത്തുമ്പോൾ തെരുവ് വേശ്യയുടെ പുതിയ കുപ്പായമണിയും..
അവിടെ കാമ ദാഹം തീർക്കാനെത്തുന്നവരിൽ ഏറിയ പങ്കും ഭിക്ഷക്കാരും കുഷ്ഠരോഗികളുമാണ്. ഇന്നലെ നൈറ്റ് ഷിഫ്റ്റായതിനാൽ ഇന്നുച്ചമുതലേ ഡ്യുട്ടിയുള്ളു. ശരീരമാസകലം ഇടിച്ചു നുറുക്കിയ വേദന.. ഇന്നലെ വെളുപ്പിനാണ് വന്നുകിടന്നത്.. പത്ത് മണിയായിട്ടും എഴുന്നേറ്റിട്ടില്ല. വല്ലാത്ത ക്ഷീണം….. വെറുതെ കിടന്നോരോന്നാലോചിക്കുമ്പോൾ കണ്ണ് നിറഞ്ഞൊഴുകും. സിഗരറ്റിന്റെയും മദ്യത്തിന്റേയും വിയർപ്പിൽ കുഴഞ്ഞ ഈ ഇരുട്ടറയ്ക്കുള്ളിൽ നിന്നും ഇനിയുള്ള രക്ഷപെടൽ മരണം മാത്രമാണന്നറിയാം.. എങ്കിലും…..  പിഴുതെറിയാൻ പറ്റാത്ത വിധം മനസ്സിന്റെ ആഴങ്ങളിലേക്ക് വേരിറങ്ങിപ്പോയ നാട്ടിലെ ഓർമ്മകൾ..
ഒറ്റവരിപ്പാതകളും, ഹരിതാഭ നിറഞ്ഞ പാടങ്ങളും പുഴയും തോടുമൊക്കെയുള്ള തന്റെ നാട് … കാടും മേടും മഞ്ഞും മലയും മഴയുമൊക്കെയുള്ള ഒരോർമ്മ ഇന്നും മനസ്സിലുണ്ട്. ……………. എട്ടാം വയസ്സിലും അമ്മയെ കെട്ടിപ്പിടിച്ച് കിടന്നേ ഉറങ്ങിയിട്ടുള്ളു. തൊട്ടടുത്ത ശിവക്ഷേത്രത്തിൽ സുപ്രഭാതം കേൾക്കുമ്പോൾ പറ്റിച്ചേർന്നു കിടക്കുന്ന തന്നെ ഉണർത്താതെ അമ്മ എഴുന്നേറ്റ് അടുക്കളയിലേക്കു പോകും….
കലങ്ങാത്ത ചിതറാത്ത ആഗ്രഹങ്ങളുടെ കളിത്തോണിയിൽ നിറശോഭയാകുന്ന
ബാല്യം… തെങ്ങോലമെടഞ്ഞ് മറച്ച കുളിപ്പുരയിൽ പച്ച വെള്ളത്തിൽ കുളിക്കുമ്പോൾ അമ്മ പറയും “നല്ലോണം മേല് തേക്ക്.. പെമ്പിള്ളാരായാൽ ഇത്തിരി വൃത്തീം മെനേമൊക്കെ വേണം” തല അമർത്തി തോർത്തി ഉച്ചിയിൽ രാസ്നാദിപ്പൊടി തിരുമ്മിത്തരും. ഉച്ചിയിൽ വെള്ളമിറങ്ങി പനി പിടിക്കണ്ട ” പൂജാമുറിയുടെ വാതിൽക്കൽ തൂക്കിയിരിക്കുന്ന കുടുക്കയിൽ നിന്നും ഭസ്മം തോണ്ടി നെറ്റിയിൽ തൊടും. ഇതിനിടയിൽ അടുക്കളയിലേക്കെത്തി നോക്കുമ്പോൾ വിറകടുപ്പിലിരുന്ന് പുട്ട്കുറ്റി ചൂളം വിളിക്കുന്നത് കേൾക്കാം. ചെമ്പാവരി പുഴുങ്ങി ഉണക്കി തടിയൂരലിൽ അമ്മ തന്നെ കുത്തിയെടുത്ത അരി പൊടിച്ച് അത് കൊണ്ടുണ്ടാക്കുന്ന പുട്ടാണ്.
അതിൽ നിന്നുയരുന്ന ആവിക്ക് തവിടും തേങ്ങാപ്പീരയും കൂടി വെന്ത കൊതിപ്പിക്കുന്ന ഒരു മണമാണ്. തൊടിയിൽ നിന്നും വെട്ടിയെടുത്ത് പഴുപ്പിച്ച ചാമ്പപൂവൻ പഴവും ഞെരടി പുട്ട് ചെറു ഉരുളയാക്കി കഴിക്കുമ്പോൾ പ്രത്യേകിച്ച് പഞ്ചസാര ചേർക്കേണ്ട കാര്യമില്ല. അത്ര മധുരമാണ് ആ പഴത്തിന്. മുടി ഉച്ചിയിൽ വെച്ച് പകുത്ത് പുറകോട്ടിട്ട് അറ്റത്ത് ഒരു റിബണും കെട്ടും. സ്കൂൾ ജീവിതത്തിൽ കൂടുതലും ‘ഇട്ടിട്ടുള്ളത് പാവാടയും ബ്ളൗസുമാണ്. പുഴയും പൂക്കളും പാടങ്ങളുമൊക്കെയുള്ള നാട്ടു വഴിയിലൂടെ കൂട്ടുകാരികളോട് കിന്നാരം പറഞ്ഞ് സ്കൂളിലേക്ക് പുറപ്പെടും. കടത്ത് വള്ളം കയറി ഇറങ്ങി അൽപം നടന്നാൽ ഒരു മൺറോഡാണ്. ആ വഴി അൽപം പോയാൽ വിശാലമായ പാടം. പച്ചപ്പ് മാത്രം കണ്ടു ശീലിച്ച കണ്ണുകളെ പിന്നെയും പിന്നെയും മത്തു പിടിപ്പിക്കുന്ന നല്ലൊന്നാന്തരം പശിമരാശി മണ്ണിന്റെ മണം അവിടവിടെ തങ്ങി നിൽക്കുന്നുണ്ടാവും.
വയൽ വരമ്പിലൂടെ തണുത്ത ഇളം കാറ്റേറ്റ് വിളഞ്ഞ് സ്വർണ്ണ നിറത്തിൽ കുലകുത്തി കിടക്കുന്ന നെൻമണി കളിലൊന്ന് ആരും കാണാതെ പറിച്ച് വായിലിട്ട് ചവച്ച് നടക്കുമ്പോൾ ഒരു പ്രത്യേക ശബ്ദമുണ്ടാക്കി കാളകളുടെ ചന്തിയിൽ മൃദുവായി അടിച്ചു കൊണ്ട് വയലുഴുതു മറിക്കുന്ന തൊപ്പി പാളവെച്ച കർഷകൻ. താഴ്ത്തികൊടുക്കുന്ന കലപ്പ മറിച്ചിടുന്ന ചെളിക്കട്ടകളിൽ നിന്ന് തല പൊന്തിക്കുന്ന ചെറുപ്രാണികളെ നീളമുള്ള കൊക്കുകൾ കൊണ്ട് കൊത്തിത്തിന്നുന്ന അനേകമനേകം വെള്ള കൊക്കുകൾ…
വയൽപരപ്പുകളിൽ വർണ്ണപകിട്ടാർന്ന പറവകളുടെ ബഹളമാണ്. ഞെട്ടറ്റു വീണ ധാന്യങ്ങളെ സ്വരുക്കൂട്ടി മരക്കൂടുകളിൽ തങ്ങളുടെ അമ്മകിളി ധാന്യങ്ങൾ ശേഖരിച്ച് വരുമെന്ന പ്രതീക്ഷകളോടെ ചിറകടി ശബ്ദത്തിനായ് കാതോർത്തിരിക്കുന്ന കുഞ്ഞിക്കിളികൾ…. കുറച്ചകലെയുള്ള
മുളങ്കാടുകളിൽ നിന്നും ഏറെയിഷ്ടമുള്ള മഞ്ഞത്തവളകൾ പോക്രോം മൂളുന്നുണ്ടാകും…
സ്കൂളിലെ ഇടവേള സമയത്ത് മൈതാനത്തിന്റെ മൂലയിൽ നിൽക്കുന്ന പുളിമരത്തിൻ ചുവട്ടിൽ നിന്ന് പൊഴിഞ്ഞു വീണ അച്ചിങ്ങാപ്പുളി പെറുക്കി ഉപ്പും കൂട്ടി തിന്നും. ഉച്ചഭക്ഷണത്തിന് മണിയടിക്കുമ്പോൾ കുടുതുറന്നു വിട്ടതാറാവിൻ കൂട്ടങ്ങളെപ്പോലെ ശബ്ദമുണ്ടാക്കിക്കൊണ്ട് പൈപ്പിൻചുവട്ടിലേക്കോടും. കൈ കഴുകി പാവാടത്തുമ്പിൽ തുടച്ച് വീണ്ടും ക്ലാസ് മുറിയിലേക്കോടും. ബഞ്ചിലിരുന്ന് അമ്മ തന്നു വിട്ട ചോറ് പൊതിസഞ്ചിയിൽ നിന്നെടുത്ത് തുറക്കും… തേങ്ങാച്ചമ്മന്തി, ചീരത്തോരൻ, ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി. ചൂട് ചോറിരുന്ന വാഴയില വാടിയ ഹൃദ്യമായ ഒരു ഗന്ധം ചുറ്റിലുമുയരും…
നീണ്ട മണിയടി ശബ്ദം കേൾക്കുമ്പോഴേക്കും പുസ്തകസഞ്ചിയുമായി ചാടിയിറങ്ങി പുതുമഴയുടെയും മുല്ലപ്പൂവിന്റെയൊക്കെ മണം കൊതി തീരുവോളം ആസ്വദിച്ച്, താള ലഹരിയിൽ ആറാടി മഴയോടൊപ്പം ഇരുവശവും ഹരിതക വർണ്ണംപാകിയ നാട്ടിൻപുറത്തെ വയലോരങ്ങൾക്ക് നടുവിൽ നീണ്ടുനിവർന്ന റോഡിലൂടെ കരിമഷി കണ്ണുകളും, കറുത്ത കല്ലുവെച്ച കൊലുസ്സണിഞ്ഞ പാദങ്ങളുമായി വീട്ടിലേക്കോടും …
മനസ്സിലെ മരുപ്പരപ്പിൽ ചിലപ്പോഴെങ്കിലും മധുരമായി പെയ്യുന്നത് ക്ലാവ് പിടിച്ച ഈ പച്ചയോർമ്മകളാണ്.
ചുറ്റുമതിൽ ഇല്ലാത്ത ക്ഷേത്രത്തിലെ എല്ലാ പ്രതിഷ്ഠകളും തൊഴുതു കൽവിളക്കുകളിൽ കയ്യിൽ തെറുത്ത തിരികളും തെളിച്ച്
എണ്ണയിൽ കുളിച്ച തിരികളുടെ ഗന്ധം ശ്വസിച്ച് പ്രസാദമായി കിട്ടുന്ന ചൂടുള്ള പായസം ഇലയിൽ മേടിച്ച് കഴിക്കുമ്പോൾ കർപ്പൂരത്തിന്റെ ഗന്ധമായിരുന്നു ചുറ്റിനും.
പളുങ്കുപോലെ തിളങ്ങി നിക്കുന്ന നീല നിറത്തിലുള്ള അമ്പലകുളത്തിൽ ചാടിമറിയുന്ന വരാൽക്കുഞ്ഞുങ്ങളെ നോക്കി എത്ര നേരം നിന്നാലും മതിവരില്ലായിരുന്നു .. ചന്ദ്രികയിൽ മുങ്ങിക്കുളിച്ചിരിക്കുന്ന രാത്രിയിൽ
അടുത്തുള്ള ചെമ്പകച്ചോട്ടിലെ പൊഴിഞ്ഞ പൂക്കൾ പെറുക്കിയെടുത്ത് സുഗന്ധമുള്ള തണുത്ത കാറ്റിനൊപ്പം അയൽപക്കത്തെ ജ്യോ തിയോടും, സീമയോടുമൊപ്പം കൈകൾ കോർത്ത് നടക്കുമ്പോൾ സന്തോഷത്താൽ മനം നിറഞ്ഞിരുന്നു.
മേഘങ്ങൾ നിറഞ്ഞു മഴ പൊട്ടിയൊഴുകാൻ വെമ്പുന്ന പുലരികളിൽ
തിമിർത്തു പെയ്യുന്ന മഴയത്ത് വീടിനു പുറകിലെ കൈത്തോട് നിറഞ്ഞൊഴുകും. മഴയുള്ളപ്പോൾ അമ്മ വാഴയിലയിൽ
ഗോതമ്പ്പൊടി കുഴച്ചുപരത്തി ശർക്കരയും തേങ്ങയും ഏലക്കാപൊടിയും അതിനുള്ളിൽ വെച്ചു ചുട്ടെടുത്ത അടയും ഉണക്കിയ കാപ്പിക്കുരു ഉരലിൽ ഇടിച്ചെടുത്ത് പൊടിയാക്കി ശർക്കര ചേർത്തുണ്ടാക്കിയ ആവി പറക്കുന്ന ശർക്കരക്കാപ്പിയും തരും . രാവിന്റെ ചാരുത തുന്നിയ
കമ്പളത്തിന്റെ അരികിൽ അലുക്കു പോലെ മിന്നുന്ന നിലാവിന്റെ കസവു പൂക്കൾ ജനലിലൂടെ അകത്തേക്ക് അരിച്ചിറങ്ങുമ്പോൾ
മഴയും കണ്ടു ഇതും കഴിച്ചിരിക്കാൻ അന്നൊക്കെ എന്തു രസമായിരുന്നു.
കൊതിയായിരുന്നു ….. പെയ്യാതെ പോയ മഴ മേഘങ്ങളോട് ….. സ്വപ്നം കണ്ട കരിവളകളോട് …. പുസ്തകതാളിലെ മയിൽപ്പീലിയോട് ……. പിണങ്ങിപ്പോയ അപ്പൂപ്പൻ താടിയോട് ….. പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണ് നീണ്ട താടിയുള്ള വെള്ളാരങ്കല്ലു പോലെയുളള കണ്ണുകളുള്ള ബസിലെ കണ്ടക്ടറായ മാർക്കോസിനെ ഹൃദയത്തിൽ പേറിയത്.
പരസ്പരമുള്ള ചിരി തങ്ങളെ പെട്ടെന്ന് അടുപ്പത്തിലാക്കി. വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് പഠനം പൂർത്തിയാക്കാതെ ഉടുതുണിയോടെ മാർക്കോസിനോടൊപ്പം ഒരുമിച്ചു ജീവിക്കാൻ ചൂളം കുതിച്ചെത്തിയ തീവണ്ടിയിൽ കയറി ദൂരേക്കു പോകുമ്പോൾ സോനാഗച്ചിയെന്ന വേശ്യാത്തെരുവിലേക്കാണ് തന്നെ കൊണ്ടു പോകുന്നതെന്ന് സ്വപ്നത്തിൽപ്പോലും കരുതിയില്ല. വെളുത്ത മുഖത്തെ പാൽ പുഞ്ചിരിയിൽ കപടതയുടെ മുഖം മൂടിയുണ്ടാകുമെന്ന് അറിഞ്ഞിരുന്നില്ല.
അവന്റെ നെഞ്ചിലെ വറ്റാത്ത സ്നേഹപ്പുഴയോട് അത്രയ്ക്കും ആർത്തിയായിരുന്നു.
ചില അഭിനയങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്, തിരിച്ചറിഞ്ഞാലോ അതു സഹിക്കാനാവാത്ത വേദനയാണ്.ആരോടും പങ്കുവയ്ക്കാനാവാത്ത വേദന. എങ്കിലും സഹിക്കാൻ മെല്ലെ പരിശീലിക്കണം. വേദനകൾ വേദനിച്ചു തീർക്കണം, എങ്കിലേ അതിനു ശമനമുണ്ടാകൂ..
അത്യഗാധമായ് പ്രണയിച്ചിട്ടും, ആ ശ്വാസത്തെ പോലും ആർത്തിയോടെ ജീവനിൽ കലർത്തിയിട്ടും ഒരിക്കലും പെറുക്കി കൂട്ടാനാവാത്തത്ര വികൃതമായ് ചിന്നിച്ചിതറിച്ച് കളഞ്ഞപ്പോൾ തൊണ്ടക്കുഴലിൽ കണ്ണീർ തടഞ്ഞ്, ഉറക്കമില്ലാതെ വിഭ്രാന്തിയോടെ, തേരട്ട പോലെ സ്വയം ചുരുങ്ങി കൂടിയ നാളുകൾ….
സ്നേഹത്തിനായ് യാചിച്ച് നിന്ന്, സാന്ത്വനത്തിനായ് വിധേയപ്പെട്ടിട്ടും നിരുപാധികം അവഞ്ജയോടെ ഗർത്തത്തിലേക്ക് തന്നേപ്പോലെ ആരെങ്കിലും വലിച്ചെറിയപ്പെട്ടിട്ടുണ്ടോ ?
കുറവായിരിക്കും…
ചിലർക്ക് സ്നേഹവും പ്രണയവും കളിപ്പാട്ടങ്ങൾ പോലെയാണ്
കേടായാൽ വലിച്ചെറിയുന്ന ലാഘവത്വം….. അത്രമാത്രം..
ജീവിതത്തിൽ ഒറ്റപ്പെട്ടു പോയവർ പ്രത്യേകിച്ച് സ്ത്രീകൾ !കുറച്ചധികം മനോബലം ഉണ്ടെങ്കിലേ പിടിച്ചു നില്ക്കാനാവൂ!അവരുടെ ഉള്ളിലെരിയുന്ന നെരിപ്പോട് ആരും കാണാൻ ശ്രമിക്കാറില്ല. നിശ്ശബ്ദമായി അവർ കരയുന്നോ അതൊ ചിരിക്കുന്നോ എന്ന് ഒരു മാത്ര പോലും ആലോചിക്കാനാരും മിനക്കെടാറില്ല.
ചില ബന്ധങ്ങൾ അങ്ങനെയാണ് മഴ പോലെ ആദ്യം ആർത്തലച്ചു പെയ്തിറങ്ങും മനസ്സിൽ പുതു നാമ്പുകൾ വിതറും പിന്നെ പതിയെ അത് പെയ്തൊഴിഞ്ഞു പോകും ഒരുപാടു ഓർമ്മകൾ നൽകി… തെന്നൽ കൈകളിലൂടെ തണുത്തു തിമർത്തു മനസിന്റെ അടിത്തട്ടിലേക്ക് പതിക്കുമ്പോൾ മനസ്സിലേക്ക് പ്രതികാരത്തിന്റെ അഗ്നി ആളി കത്തിക്കാനുള്ള കൊടുങ്കാറ്റ് ആഞ്ഞു വീശുന്നുണ്ട്.
ജീവിച്ചിരിക്കെ എന്നെ പിണ്ഡംവച്ച് ബലിഇട്ടവന് വേണ്ടി കരയാനും സങ്കടപ്പെടാനും ഞാൻ നിൽക്കരുതെന്നു എന്റെ മനസിനെ പഠിപ്പിക്കുകയാണ്..
ശവം ആകാൻ വയ്യ , ശിവം കളയാനും… ബലികർമം കഴിഞ്ഞു മുങ്ങിനിവരുമ്പോൾ പൂക്കളോടൊപ്പം എന്റെ ഓർമ്മകളെയും ഒഴുക്കിവിടുക .
ഇരുട്ടില്‍ കത്തുന്ന തിരിനാളമാണ് സ്നേഹം കെട്ടുപോകുമ്പോഴാണ് അത് വെളിച്ചം എത്ര പകര്‍ന്നയെന്ന് അറിയുന്നത് . ചില മുറിവുകൾ ഉണങ്ങാതെ അങ്ങനെ കിടക്കും. ഓർമയുടെ ആഴങ്ങളിൽ വേരുറച്ചു ….. മറന്നു തുടങ്ങി എന്നു തോന്നിയാൽ പിന്നെയും തൊട്ടുണർത്തും ആഴങ്ങളിൽ പതിഞ്ഞുപോയ മുറിവുകളിൽ ഉപ്പു പുരട്ടി രസിക്കാൻ..
വൃക്ഷം വെട്ടിമാറ്റി ബാക്കിവന്ന വേരുഭാഗം നീ പറിച്ചെടുക്കുമ്പോൾ ഓരോ വേരും മണ്ണിൽനിന്ന് പൊട്ടുന്ന ശബ്ദത്തോടൊപ്പം പ്രാണനും പിടയുന്നു .
ഓർമ്മകൾ പെയ്തൊഴിഞ്ഞു പോയെന്നു തോന്നുന്നത് വെറുതെയാണ്… ചിലപ്പോഴൊക്കെ ചിനുങ്ങിച്ചിനുങ്ങി പിണങ്ങി മാറിയും ഇടയ്ക്കിടെ ആർത്തലച്ചു പെയ്യാനൊരുങ്ങിയും ഇന്നലെകളുടെ ആകാശ കോണിലെവിടെയോ മിന്നി മറയുകയാണ് നീറുന്ന ഓർമകൾ..
ഓർമ്മകളിൽ ചാലിച്ച കണ്ണീർ കവിളുകളിലൂടെ ഒഴുകിയിറങ്ങുന്നതിനിടയിൽ വീണ്ടും ഒന്നു മയങ്ങി…… “ക്യാ ഹേരേ ചൂടൽ ബിനാ… സ്വപ്നാദേഖർ അപ് നേ കമരേ മേ ജാവോ ” ( എന്ത് വാടി പിശാ ചേ. സ്വപ്നം കണ്ടിരിക്കാതെ മുറിയിലോട്ട് പോ” ) ഈലാബീഗത്തിന്റെ ചീത്ത കേട്ട് ഞെട്ടി ഉണർന്നു. സമയമായിരിക്കുന്നു.. സ്നേഹത്തിന്റെ നീർച്ചാലുകൾ വറ്റിവരണ്ടു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സ്വാർത്ഥത മുന്നിട്ട് നില്ക്കുന്നു.
തിളച്ചുപൊന്തി കുതിച്ച് പായുന്ന രക്തം തുള്ളി കളാക്കി തന്റെ ഉദരത്തിലേക്കിറ്റിക്കാൻ വീണ്ടും ഏതോ ഒരു വൃത്തികെട്ട പുരുഷൻ എത്തിയിരിക്കുന്നു..
അംബരത്തിൽ പൊട്ടിക്കരയാൻ വെമ്പി ഉരുണ്ടു കൂടിയ കാർമേഘങ്ങളെ സാക്ഷിയാക്കി പതുക്കെ എഴുന്നേറ്റ് തനിക്കായി കാത്തിരിക്കുന്നവനെ വരവേല്ക്കാൻ തൊട്ടടുത്ത ഇരുണ്ട കുടുസ്സുമുറിയിലേക്ക് നടക്കുമ്പോൾ കാലിടറുന്നുണ്ടായിരുന്നു.
കരിഞ്ഞുണങ്ങിയ സ്വപ്നങ്ങൾ ഇനി ഒരിക്കലും തളിർത്ത് പൂക്കളും കായ്കളുമുണ്ടാകില്ല.. വസന്തം വഴി മറന്ന പൂന്തോട്ടത്തിൽ വർണ്ണ ചിറകുള്ള പൂമ്പാറ്റകൾ ഇനി പാറിപ്പറക്കില്ല. പ്രതീക്ഷയുടെ വിഷുക്കാല കൊന്ന പൂത്ത് മഞ്ഞക്കിളികൾ വിരുന്നു വരില്ല.. ഇനിയീ പാഴ്ജന്മത്തിൽ വെള്ളിമേഘങ്ങളുടെ മറ നീക്കി ഉഷാകിരണങ്ങൾ വന്നണയുകയില്ല.
ഓർമ്മയുടെ നില തെറ്റിയൊഴുകുന്ന ഓരോ ഞരമ്പുകൾക്കിടയിലും ഒരു മിഴിദൂരത്തിനപ്പുറം വസന്തമുണ്ടെന്ന വെറും വാക്ക് മാത്രം ബാക്കിയാകുന്നു.i
ദുഃഖത്തിന്റെ ഇരുളലകൾ വീണ് നിറം മങ്ങിയ ജീവിത രാത്രികൾക്ക് അവസാനമില്ലെന്ന് തിരിച്ചറിയുന്ന ഒന്നുറക്കെ കരയാൻ പോലും സ്വാതന്ത്ര്യമില്ലാത്ത അനാഥത്വം !

Share This:

Comments

comments