എന്റെ കളിയിക്കവിള പോക്ക്‌. (അനുഭവ കഥ)

0
617
മിലാല്‍ കൊല്ലം.
ഞാൻ ആദ്യമായി കേരള അതിർത്തി വരെ പോയ ഒരു സംഭവം ആണു.
ഈ അടുത്ത കാലത്ത്‌ നമ്മുടെ ഒരു സിനിമ താരം വിദേശ രാജ്യത്ത്‌ വച്ച്‌ മരിച്ചതും. പിന്നീട്‌ മരണത്തിൽ പല അഭ്യൂഗങ്ങൾ (തലയിൽ ആഴത്തിൽ മുറിവ്‌ ഉണ്ട്‌ എന്ന് ) പറഞ്ഞതും നമ്മൾ കേട്ടതാണു.
എന്റെ വീടിന്റെ വടക്കേ വീട്‌ പഴയ ദിവാൻ ശ്രീ പരമു പേഷ്ക്കാരുടെതാണു.
അവിടുത്തേ കാര്യസ്തൻ ആയിരുന്നു ശ്രീ രാമൻ നായർ. രാമൻ നായർ എന്ന് ഇന്ന് നമ്മൾ കേൾക്കുമ്പോൾ ചില സിനിമയിലെ കഥാപാത്രത്തിന്റെ പേരാണു നമുക്ക്‌ ഓർമ്മവരുന്നത്‌.
രാമൻ നായർ പേഷ്ക്കാരുടെ എല്ലാം എല്ലാം അറിയുന്ന ഒരാളായിരുന്നു. അതിന്റെ ഒരു ചെറിയ ഉദാഹരണം.
പേഷ്ക്കാർ ഭരണകാലം കഴിഞ്ഞു. പിന്നീട്‌ പല പല മേഘലകളിലും അദ്ദേഹത്തിന്റെ ചൂട്‌ അറിയിച്ചു. അതിൽ ചിലത്‌ വർക്കല മിഷൻ. ദേവസംബേർഡ്‌. മയ്യനാട്‌ സഹകരണ സംഘം എന്നിവയാണു.
മയ്യനാട്‌ സഹകരണ സംഘത്തിൽ അദ്ദേഹം ആണു പ്രസിഡന്റെ. എന്ന് പറഞ്ഞാൽ അന്നത്തേ കാലത്ത്‌ ആരേ നിയമിയ്ക്കണം ആരേ നിയമിയ്ക്കണ്ട എന്നോക്കേ തീരുമാനിയ്ക്കുന്ന ആൾ. അവിടെ ജോലി ചെയ്യുന്ന ഒരാളിനോട്‌ നാളെ മുതൽ നീ വരണ്ട എന്ന് പറഞ്ഞാൽ അവിടെ തീർന്നു കഥ.
ആയിരത്തി തൊള്ളായിരത്തി അറുപത്തിയഞ്ച്‌ കാലം. ഒരു ഞായറാഴ്ച്ച പത്തര മണി സമയം. പേഷ്കാർ കുളിയ്ക്കാൻ വേണ്ടി ഒരു തോർത്തുമുടുത്ത്‌ ശരീരമാസകലം എണ്ണയുമിട്ട്‌ ഇരിക്കുമ്പോൾ. എന്റെ കൊച്ചു മാമൻ (അർജ്ജുനൻ അന്ന് ഈ സംഘത്തിൽ ജോലി ആണു). കയറി ചെന്നിട്ട്‌ പറഞ്ഞു കളക്ടറും കൂട്ടരും വരുന്നുണ്ട്‌.
ഉടൻ തന്നെ പേഷ്ക്കാരുടെ മറുപടി വന്നു. . അതിനു ഞാൻ എന്ത്‌ വേണം? മാമൻ ചെന്ന് പറഞ്ഞത്‌. ഒരു മുണ്ട്‌ എടുത്ത്‌ ഉടുക്കുന്നേങ്കിൽ ആകട്ടേ എന്ന് വിചാരിച്ചിട്ട്‌.
അങ്ങനെ കളക്ടറും സംഘവും ഒരു ജീപ്പിൽ വന്നിറങ്ങി. വീടിന്റെ വാതിൽ തുറന്ന് കിടക്കുന്നത്‌ കൊണ്ടും പേഷ്ക്കാർ അകത്തിരിയ്ക്കുന്നത്‌ കൊണ്ടും ഇവർ നേരേ അകത്തോട്ട്‌ തന്നെ ചെന്നു.
പേഷ്ക്കാർ ഇരുന്നിടത്തിരുന്നുകൊണ്ട്‌ ആരാ?
തിരിച്ച്‌ മറുപടി ഉണ്ടായില്ല.
അപ്പോൾ പേഷ്ക്കാർക്ക്‌ മനസിലായി. ആൾ മലയാളി അല്ല.
അന്നത്തേ കൊല്ലം കളക്ടർ ഒരു പഞ്ചാബി ബന്ദൻ സിംഗ്‌ ആയിരുന്നു.
പിന്നീട്‌ അങ്ങോട്ട്‌ ഇംഗ്ലീഷിൽ ആയി സംസാരങ്ങൾ. ആരാണെന്ന് ഇംഗ്ലീഷിൽ ചോദിച്ചപ്പോൾ മറുപടി വന്നു.
ഞാൻ ബന്ദൻ സിംഗ്‌. കൊല്ലം കളക്ടർ.
താങ്കൾക്ക്‌ ഇരിയ്ക്കാം. മറ്റുള്ളവർ എല്ലാം നിൽക്കുകയാണു. എന്താണു വരവിന്റെ ഉദ്ദേശം?
സർക്കാരിനു കുറച്ച്‌ പൈസയുടെ ആവശ്യം ഉണ്ട്‌. അത്‌ മയ്യനാട്‌ സഹകരണ സംഘത്തിൽ നിന്ന് കടമായിട്ട്‌ തരണം. ഏതാനം മാസങ്ങൾക്ക്‌ അകം പലിശ സഹിതം തിരിച്ചു തരും എന്ന് പറഞ്ഞു.
ഉടൻ തന്നെ പേഷ്ക്കാരുടെ മറുപടി. ഈ സഹകരണ സംഘം ഇവിടുത്തേ താഴേ തട്ടിലുള്ള അതായത്‌ മൽസ്യത്തൊഴിലാളിയും കയർ തൊഴിലാളിയും കൃഷിത്തൊഴിലാളിയും കൂടി പൗപ്പത്ത്‌ രൂപ ഇട്ട്‌ തുടങ്ങിയതാണു. അതുകൊണ്ട്‌ ഒരു എട്ട്‌ കാശ്‌ ഇതിൽ നിന്ന് തരില്ല. നിങ്ങൾക്ക്‌ വേണമെങ്കിൽ ശ്രീ ചെല്ലപ്പൻ ചെട്ടിയാരെ പോലുള്ള ആൾക്കാരുടെയടുത്ത്‌ പോയി വാങ്ങിയ്ക്കാം.
കളക്ടർ മാത്രമല്ല വന്നത്‌. കൂടേ കൊല്ലം തഹൽസീതാറും പിന്നെ പലരും ഉണ്ടായിരുന്നു.
അടുത്തത്‌ തഹസീൽദാറിനോട്‌ – നിങ്ങൾ?
ഞാൻ കൊല്ലം തഹൽസീദാർ. ഞാൻ അങ്ങ്ന്നിനോടപ്പം ജോലി ചെയ്തിട്ടുണ്ട്‌.
എവിടെ?
അങ്ങ്ന്ന് കോട്ടയത്ത്‌ മജീസ്റ്റ്രേട്ടായിരുന്നപ്പോൾ അവിടുത്തേ ശിപായി ആയിരുന്നു.
ആ കൊള്ളാം. ഇപ്പോ?
തഹൽസീദാർ.
നല്ലത്‌.
രാമൻ നായരേ ഇവർക്ക്‌ ഓരോ ചായ ഇട്ട്‌ കൊടുക്ക്‌.
രാമൻ നായർ – അങ്ങ്ന്നിനറിഞ്ഞുകൂടെ ഇന്നലെ പഞ്ചസാരയും തേയിലയും തീർന്ന കാര്യം.
പേഷ്ക്കാർ – ആ എന്നാ പിന്നെ പിരിയാം.
അങ്ങനെ കളക്ടറും സംഘവും നേരേ പോകുന്നത്‌ തോട്ടും കരയിൽ ശ്രീ ശേഖരൻ ബി എ അദ്ദേഹത്തിനു അടുത്തേയ്ക്കാണു. ഇത്‌ അറിയാവുന്ന പേഷ്ക്കാർ. ഇവർ ചെല്ലുന്നതിനു മുൻപ്‌ അദ്ദേഹത്തേ വിവരം അറിയിച്ചു.
അന്ന് മയ്യനാട്‌ സഹകരണ സംഘത്തിൽ ശ്രീ പരമു പേഷ്ക്കാർക്ക്‌ തൊട്ട്‌ താഴേ ഉള്ളത്‌ ശ്രീ ശേഖരൻ ബി എ ആണു. ഈ ശേഖരൻ ബി എ എന്ന് പറയുന്നത്‌ ഞങ്ങൾ മയ്യനാട്‌ കാരുടെ സ്വന്തം ഡോക്ടർ ഷിയയുടെ മുത്തശ്ചനാണു.
കളക്ടറും സംഘവും അദ്ദേഹത്തിന്റെ അടുത്ത്‌ ചെന്നു വിവരങ്ങൾ പറഞ്ഞു.
അദ്ദേഹം പറഞ്ഞു പേഷ്ക്കാർ തരാൻ പറ്റില്ല എന്ന് പറഞ്ഞാൽ പിന്നെ ഒന്നും ചെയ്യാൻ പറ്റില്ല. അങ്ങനെ ആണു.
കളക്ടറും സംഘവും നിരാശരായി പോകാൻ ഇറങ്ങിയപ്പോൾ. അദ്ദേഹം തിരിച്ചു വിളിച്ചു. എന്നിട്ട്‌ ചോദിച്ചു നിങ്ങൾ എത്ര രൂപയാണു ആവശ്യപ്പെട്ടത്‌?
അവർ പറഞ്ഞു അയ്യായിരം രൂപ.
ഇദ്ദേഹം പറഞ്ഞു നാളെ തിങ്ക്ലാഴ്ച്ച ഞാൻ ഒന്ന് പേഷ്ക്കാരുമായി സംസാരിയ്ക്കാം. എന്നിട്ട്‌ ഒരു ആയിരം രൂപ തരുവിക്കാൻ ശ്രമിയ്ക്കാം. അങ്ങനെ അവർ സന്തോഷത്തോടെ മടങ്ങി.
പേഷ്ക്കാർക്ക്‌ അറിയാമായിരുന്നു. സർക്കാരിനു പൈസ കൊടുത്താൽ പറഞ്ഞ രീതിയിൽ പൈസ തിരിച്ചു കിട്ടില്ലന്ന്. അതുകൊണ്ടാണു അദ്ദേഹം എട്ട്‌ കാശ്‌ തരില്ലാന്ന് കടുപ്പിച്ച്‌ പറഞ്ഞത്‌.
രാമൻ നായർ അടങ്ങിയ ഇത്രയും ഭാഗം സഹകരണ സംഘത്തിൽ ജോലി ചെയ്തിരുന്ന മാമൻ പറഞ്ഞ അറിവ്‌.
പേഷ്ക്കാർ മരിച്ചതിനു ശേഷം രാമൻ നായരേ പേഷ്ക്കാരുടെ മകൾ തിരുവനന്തപുരത്ത്‌ അവരുടെ വീട്ടിൽ കൊണ്ടുപോയി.
വർഷങ്ങൾക്ക്‌ ശേഷം വീണ്ടും ഞങ്ങളുടെ വടക്കതിൽ തിരിച്ചെത്തി രാമൻ നായർ. പേഷ്ക്കാരുടെ ഇളയ മകനോടൊപ്പം.
ആ സമയം ഞാൻ കൊട്ടിയത്ത്‌ മെഡിക്കൽ സ്റ്റോറിൽ നിൽക്കുന്നു. ഇപ്പോൾ മുപ്പത്തിരണ്ട്‌ വർഷം ആകും.
ഞാൻ ജോലി കഴിഞ്ഞ്‌ വീട്ടിൽ എത്തുമ്പോൾ രാത്രി ഒൻപതര മണിയാകും. ഒരു ദിവസം രാത്രി വീട്ടിൽ വന്ന് കയറിയതും പേഷ്ക്കാരുടെ ഇളയ മകൻ വീട്ടിൽ വന്ന് എന്നോട്‌ പറഞ്ഞു. നമ്മുടെ അമ്മാച്ചനു നല്ല പനി ഉണ്ട്‌. രാമന്നായരെ ഞങ്ങൾ എല്ലാം അമ്മാച്ചൻ എന്നാണു വിളിയ്ക്കാറു. മരിച്ചു പോയ നടൻ കൊല്ലം ജി കേ പിള്ളയെ പോലിരിയ്ക്കും ഈ അമ്മാച്ചൻ.
അങ്ങനെ രാത്രിയിൽ ഞാനും കൂടി പോയി അമ്മാച്ചനെ കണ്ട്‌ സംസാരിച്ചിട്ട്‌ പോന്നു. ഇപ്പോൾ പനി കുറവുണ്ട്‌ എന്ന് അമ്മാച്ചൻ പറയുകയും ചെയ്തു. ഞാൻ തിരിച്ചു പോണു.
ഞാൻ വീട്ടിൽ വന്ന് ഭക്ഷണം കഴിച്ച്‌ ഉറക്കവും ആയി. രാത്രി ഒന്നര മണിയായപ്പോൾ ഹരിലാലെ ഹരിലാലെ എന്നുള്ള വിളി. ഞാൻ എഴുന്നേറ്റ്‌ കാര്യം തിരക്കിയപ്പോൾ പറയുന്നു. ഹരിലാലെ നമ്മുടെ അമ്മാച്ചൻ മരിച്ചു. പെട്ടന്നുള്ള ആ പറച്ചിലിൽ ഞാൻ ഞെട്ടിപ്പോയി. ഉടൻ തന്നെ തെക്കതിൽ അപ്പു അണ്ണനോട്‌ ഞാൻ പോയി പറഞ്ഞു. ഞങ്ങൾ അവിടെ ചെന്ന് ശരീരം കണ്ടു. അമ്മാച്ചൻ കളിയിക്കവിള സ്വദേശി ആണു. അപ്പോൾ തന്നെ അവിടെ വിവരം അറിയിച്ചു.
അദ്ദേഹത്തിന്റെ കൊച്ചിലെ മുതൽ അവിടുത്തേ കാര്യസ്തൻ ആയിരുന്നത്‌ കൊണ്ട്‌ രാവിലെ തന്നെ അദ്ദേഹത്തിന്റെ ശരീരം കുളിപ്പിച്ച്‌ കിടത്തി.
ഒൻപത്‌ മണിയായപ്പോൾ അദ്ദേഹത്തിന്റെ മക്കൾ എത്തി. പിന്നെ ഞങ്ങൾ ഒരു ആംബുലൻസ്‌ വരുത്തി. അതിൽ ഞാൻ അപ്പു അണ്ണൻ പാട്ടത്തി സനലണ്ണൻ (കേരള കൗമുദി) പാട്ടത്തി സന്തോഷ്‌ മുഖത്തല എം ഡി എച്ച്‌ എസിലെ ഹെഡ്മാസ്റ്റർ വിജയൻ സാർ. പേഷ്ക്കാരുടെ റൈഞ്ചർ ഓഫീസറായ മകൻ പിന്നെ തിരുവനന്തപുരത്ത്‌ കുറേ നാൾ നിന്ന അവിടുത്തേ ഒരാൾ ഇത്രയും പേരും കൂടി കളിയിക്കവിളയ്ക്ക്‌ തിരിച്ചു.
മൂന്ന് മണിയായപ്പോൾ അങ്ങ്‌ എത്തി. ജടം ആംബുലൻസിൽ നിന്ന് എടുത്ത്‌ വീട്ടിൽ കൊണ്ട്‌ കിടത്തി. എല്ലാവരുമായി സംസാരിച്ച്‌. ഞങ്ങൾ യാത്ര പറഞ്ഞ്‌ തിരിച്ച്‌ വണ്ടിയിൽ കയറാൻ സമയം ദാ വരുന്നു കുറേ ആൾക്കാർ. മരിച്ച ആളിന്റെ മുതുകിൽ മുറിവുണ്ട്‌. അത്‌ എങ്ങനെ പറ്റി.
ആകേ പ്രശ്നം ആയി. സംഗതി അദ്ദേഹം മരിയ്ക്കുന്ന സമയം മരണ വെപ്രാളത്തിൽ രണ്ട്‌ കൈയ്യും പിറകിലോട്ട്‌ ഇട്ട്‌ മാന്തുന്നുണ്ടായിരുന്നു എന്ന് പറയുന്നു. അങ്ങനെ മുറിഞ്ഞതാണെന്ന്. പക്ഷേ അവർ വിശ്വസിയ്ക്കുന്നില്ല.
അദ്ദേഹത്തിന്റെ മക്കൾക്ക്‌ വിശ്വാസം ആണു. പക്ഷേ മറ്റുള്ളവർ സമ്മതിയ്ക്കുന്നില്ല. ഉടൻ തന്നെ റൈഞ്ചർ ഓഫീസറായ മകനും പേഷ്ക്കാരുടെ മകളുടെ മകനും കൂടി അവരൊട്‌ സംസാരിച്ചു കൊള്ളാം എന്ന് പറഞ്ഞ്‌ ഞങ്ങളെ വണ്ടിയിൽ കയറ്റി പറഞ്ഞു വിട്ടു.
ഞാൻ ആലോചിക്കുന്നത്‌ മുപ്പത്തിരണ്ട്‌ വർഷങ്ങൾക്ക്‌ മുൻപ്‌ ഇങ്ങനെ. ഇപ്പോൾ ആയിരുന്നു എങ്കിൽ എന്താകുമായിരുന്നു.
എന്റെ ആദ്യത്തേ കളിയിക്കവിളപ്പോക്ക്‌ ചിലപ്പോൾ ജയിലിലേയ്ക്ക്‌ ആകുമായിരുന്നു. പ്രശ്നം തെളിയുന്നത്‌ വരെ നമ്മളും അനുഭവിയ്ക്കണം.

Share This:

Comments

comments