രജനീകാന്ത് ചിത്രം ‘കാല’യുടെ റിലീസ് തടയില്ലെന്ന് സുപ്രീം കോടതി.

0
405
ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി ; രജനീകാന്ത് ചിത്രം ‘കാല’യുടെ റിലീസ് തടയില്ലെന്ന് സുപ്രീം കോടതി. എല്ലാവരും ചിത്രത്തിനായി കാത്തിരിക്കുകയാണ്, ഈ ഘട്ടത്തില്‍ ഇടപെടാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചിത്രത്തിന്റെ റിലീസിങ് തടയണമെന്നാവശ്യപ്പെട്ട് കെഎസ് രാജശേഖരന്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് എകെ ഗോയല്‍, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് തള്ളിയത്. നാളെയാണ് സിനിമ റിലീസ് ചെയ്യുന്നത്.
അതേസമയം, കാല സിനിമ കര്‍ണാടകയില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് തീവ്ര കന്നഡ അനുകൂല സംഘടനകള്‍ പറയുന്നത്. കാവേരി പ്രശ്നത്തില്‍ രജനീകാന്ത് കര്‍ണാടകയ്ക്ക് എതിരെ നിലപാട് സ്വീകരിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. സിനിമയ്‌ക്കെതിരെ പ്രതിഷേധം ശക്തമായതോടെ സിനിമ റിലീസ് ചെയ്യുന്ന തിയേറ്ററുകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് രജനീകാന്ത് കര്‍ണാടക മുഖ്യമന്ത്രി എച്ച്‌ ഡി കുമാരസ്വാമിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
നിര്‍മാതാക്കള്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടകയില്‍ സിനിമ റിലീസ് ചെയ്യുന്നതിന് എല്ലാവിധ സുരക്ഷാ സൗകര്യങ്ങളും ഒരുക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടായിരത്തോളം തിയേറ്ററുകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. കേരളത്തില്‍ മാത്രം ഇരുന്നൂറോളം തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.
ചിത്രത്തില്‍ മുംബൈ അധോലോക നായകനായാണ് രജനി എത്തുന്നത്. നാനാ പടേക്കര്‍, സമുദ്രക്കനി, ഈശ്വരി റാവു, സുകന്യ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ചിത്രം നിര്‍മ്മിക്കുന്നത് നടനും രജനീകാന്തിന്റെ മരുമകനുമായ ധനുഷാണ്.

Share This:

Comments

comments