ഒരു പാത്രത്തിന്റെ കഥ. (അനുഭവ കഥ)

ഒരു പാത്രത്തിന്റെ കഥ. (അനുഭവ കഥ)

0
613
മിലാല്‍ കൊല്ലം.
എന്റെ പ്രീയ സുഹൃത്തുക്കളെ ഇന്നു ഞാൻ വന്നിരിയ്ക്കുന്നത്‌ ഒരു ജന്മദിന സന്ദേശവുമായാണു. അങ്ങനെയും പറയാൻ പറ്റില്ല. എന്റെ കയ്യിൽ വന്ന ദിവസം എന്ന് പറയാം. അതാണു ശരി.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയെട്ട്‌ മേയ്‌ മാസം ഇരുപത്തി ഏഴാം തീയതി (ഇടവമാസം) ഷാർജ്ജാ ജേ എം പി – യിലുള്ള മക്രോ സൂപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങിയതാണു. ശരിയ്ക്കു പറഞ്ഞാൽ ഇത്‌ ചോറുകൊണ്ടുപോകാൻ വാങ്ങിയ പാത്രമല്ല.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയെട്ട്‌ ഫെബ്രുവരി മാസാത്തിൽ എന്റെ എഴുപത്‌ കിലോ ഉണ്ടായിരുന്ന ഭാരം കുറഞ്ഞ്‌ നാൽപ്പത്തിയഞ്ച്‌ കിലോ ആയി. പോരാത്തതിനു നല്ല തണുപ്പും. മൂത്രം കണ്ടമാനം പോകുന്നു. തണുപ്പായത്‌ കൊണ്ടാണു മൂത്രം കണ്ടമാനം പോകുന്നത്‌ എന്ന് വിചാരിച്ചു.
ചില ഹിന്ദിക്കാർ പറഞ്ഞു ലാൽ ഉന്നീസ്‌ ഹോഗയാ.
ഞാനല്ലേ ആൾ വിട്ടുകൊടുക്കുമോ? ഇപ്പോ ശരിയാക്കിത്തരം എന്ന് പറഞ്ഞിട്ട്‌. നേരേ മക്രോ സൂപ്പർ മാർക്കറ്റിൽ പോയിട്ട്‌ ഒരു കുപ്പി വിവാ വാങ്ങി കൊണ്ടുവന്ന് രാവിലെയും വൈകിട്ടും കലക്കി കുടിയ്ക്കാൻ തുടങ്ങി.
ഇത്‌ കഴിയ്ക്കും തോറും ശരീരം വീണ്ടും മോശമാവാൻ തുടങ്ങി. ഒരു ദിവസം രാവിലെ കമ്പനിയിൽ ഡ്യൂട്ടിയ്ക്ക്‌ ചെന്നപ്പോൾ എനിയ്ക്ക്‌ കണ്ണു കാണാൻ കഴിയുന്നില്ല. ഞാൻ ഉടൻ തന്നെ പ്രൊഡക്ഷൻ മാനേജർ ശ്രീ ത്യാഗരാജൻ സാറിനോട്‌ വിവരം പറഞ്ഞു. അദ്ദേഹം ഉടൻ തന്നെ കമ്പനി കാറിൽ എന്നെ കുവൈറ്റ്‌ ആശുപത്രിയിൽ വിട്ടു. പക്ഷേ അവിടെ ചെന്നപ്പോൾ അവർ എടുക്കില്ല എന്ന് പറഞ്ഞു.
എന്നേ കൊണ്ടു പോയ ഡ്രൈവർ ജയറാം (കാസർഗ്ഗോഡ്‌ കുണ്ടംകുളം സ്വദേശി) ഇത്‌ കേട്ടപാടേ എന്നെയും കൊണ്ട്‌ നേരേ ഷാർജ്ജാ അൽ വാദയിൽ ഉള്ള ഇന്ദുലേഖ ക്ലീനിക്കിൽ കൊണ്ടു വന്നു കാര്യം പറഞ്ഞു. കാര്യം പറഞ്ഞപ്പോഴേ ഡോക്റ്റർ ഇന്ദുലേഖയ്ക്ക്‌ മനസിലായി പ്രമേഹം ആണു എന്ന്.
ഡോക്റ്റർ ഡയോനിൽ ഗുളിക കുറിച്ചു തന്നു. അത്‌ വാങ്ങി ബാക്കി നാട്ടിൽ നിന്ന് വരുത്തി മേയ്‌ മാസം വരെ കഴിച്ചു. അതുപോലെ മധുരങ്ങൾ എല്ലാം ഉപേക്ഷിച്ചു. മേയ്‌ മാസം പകുതി ആയപ്പോഴേയ്ക്കും. എനിയ്ക്ക്‌ പഞ്ചാര കുറഞ്ഞു തുടങ്ങി.
അങ്ങനെ ഡോക്റ്ററുടെ അടുത്ത്‌ ചെന്ന് പറഞ്ഞപ്പോൾ ഡോക്റ്റർ ഗുളികയുടെ അളവും കുറച്ചു. ഭക്ഷണ ക്രമങ്ങളും പറഞ്ഞു തന്നു.
അങ്ങനെ മേയ്‌ ഇരുപത്തിയേഴാം തീയതി വൈകിട്ട്‌ മക്രോ സൂപ്പർ മാർക്കറ്റിൽ നിന്ന് ഈ പാത്രം വാങ്ങി. എന്നിട്ട്‌ എല്ലാ ദിവസവും രാവിലെ ഈ പാത്രത്തിൽ കുറച്ച്‌ അവിൽ ഒരു ചെറിയ പഴം (ചെറിയ പഴം ആകുമ്പോൾ അത്രയ്ക്ക്‌ ഷുഗർ ഉണ്ടാകില്ല) ഇതൊക്കേ കൊണ്ടുപോകും. ജോലിയിൽ നിൽക്കുമ്പോൾ എപ്പോഴാണു പഞ്ചാര കുറയുന്നത്‌ അപ്പോൾ എടുത്ത്‌ കഴിയ്ക്കുമായിരുന്നു.
പ്രമേഹം അതിന്റെ മൂർദ്ധന്ന്യാവസ്ഥയിൽ എത്തിയപ്പോഴാണു ഞാൻ അറിയുന്നത്‌. എനിയ്ക്ക്‌ അതിനും ഒരുപാട്‌ മുൻപ്‌ പഞ്ചാര തുടങ്ങിയിരുന്നു.
എനിയ്ക്ക്‌ സംശയം ഇല്ലാതില്ലായിരുന്നു. ആ ബസിൽ ജോലി ചെയ്ത്‌ കൊണ്ടിരിക്കുമ്പോൾ ആണു ഞാൻ ഗൾഫിലേയ്ക്ക്‌ പോകുന്നത്‌. ബസിൽ ഓടുന്ന കാലഘട്ടങ്ങളിൽ പഞ്ചാര അടി വളരെ കൂടുതൽ ആയിരുന്നു.
എന്തായാലും ഈ പാത്രം എന്റെ കയ്യിൽ വന്നിട്ട്‌ ഇന്നേയ്ക്ക്‌ ഇരുപത്‌ വർഷം തികഞ്ഞിരിയ്ക്കുകയാണു. പാത്രത്തിനു ഇപ്പോൾ ശനി ദശ ആണെന്നു തോന്നുന്നു. പാത്രത്തിന്റ്‌ അങ്ങിയ്ങ്ങ്‌ ചില ചളുക്കങ്ങൾ പറ്റിയിട്ടുണ്ട്‌.
ഇപ്പോഴും ഈ പാത്രം ഞാൻ സൂക്ഷിയ്ക്കുന്നത്‌ വേറേ ഒന്നും കൊണ്ടല്ല. എന്റെ അമ്മ എപ്പോഴും പറയുമായിരുന്നു ഒരു വസ്തുവും നശിപ്പിയ്ക്കരുത്‌ എന്ന്. എന്റെ വീടിന്റെ കതക്‌ വലിച്ച്‌ അടച്ചാൽ അമ്മ വഴക്കു പറയുമായിരുന്നു. എന്നിട്ട്‌ പറയും മോനേ നീ അങ്ങനെ വലിച്ചടയ്ക്കുമ്പോൾ അത്‌ പൊളിഞ്ഞു പോയാൽ അത്‌ ശരിയാക്കണമെങ്കിൽ എത്ര രൂപ ആകും. അത്‌ ശരിയാക്കിയില്ലെങ്കിൽ ഞാനും നീയും നിന്റെ പെങ്ങളും എങ്ങനെ കിടന്ന് ഉറങ്ങും. അങ്ങനെ അമ്മ പറഞ്ഞതിനു ശേഷം ഞാൻ കതക്‌ വലിച്ച്‌ അടച്ചിട്ടില്ല എന്ന് മാത്രമല്ല. ഗൾഫിൽ ഞാൻ താമസിയ്ക്കുന്ന റൂമിൽ പോലും ആരെങ്കിലും വലിച്ച്‌ കതക്‌ അടച്ചാൽ എനിയ്ക്ക്‌ പിടിയ്ക്കില്ല.
എന്റെ അമ്മ ഒരു സാധനവും നശിപ്പിച്ച്‌ കളയില്ലായിരുന്നു. എന്റെ ചെറുപ്പത്തിലെ അഛൻ മരിച്ചെങ്കിലും അഛൻ അമ്മയുടെ കഴുത്തിൽ കെട്ടിക്കൊടുത്ത താലിമാല അതിൽ നിന്ന് താലി അഴിച്ചു മാറ്റിയിട്ട്‌ മാല അമ്മ കെട്ടിയിരുന്നു. ആ കലഘട്ടത്തിലെ എന്റെ അമ്മയുടെ എ റ്റി എമ്മും അതായിരുന്നു. പൈസയ്ക്ക്‌ ആവശ്യം വരുമ്പോൾ ഊരി ബാങ്കിൽ വയ്ക്കും പൈസ എടുക്കും. ഈ എ റ്റി എമ്മിന്റെ കഥ ഞാൻ മുൻപും എഴുതിയിരുന്നു. ഇതിന്റെയെല്ലാം തുടർച്ചയാണു എന്റെ ഈ പാത്രവും.
ഒരു കാലത്ത്‌ കുറേ തിളങ്ങിയ താരമായിരുന്നു. ഷാർജ്ജയിൽ പതിനാറു വർഷം പിന്നെ രണ്ടു വർഷം അബുദാബിയിൽ ഇപ്പോൾ രണ്ട്‌ വർഷമായിട്ട്‌ അജ്മാനിൽ. നിങ്ങൾ ഏവരുടെയും ആദരവുകൾ പ്രതീക്ഷിച്ചു കൊണ്ട്‌ എന്റെ സ്വന്തം പാത്രം.109

Share This:

Comments

comments