ഇസ്ലാമിക മന്ത്രി. (അനുഭവം)

0
499
ഷെരീഫ് ഇബ്രാഹിം.
ആയിരത്തി തൊള്ളായിരത്തി എഴുപത്തിരണ്ടിൽ നടന്ന സംഭവമാണ്. ഞാൻ അബൂദാബിയിൽ അൽഹാമെലി ട്രേഡിംഗ് & ജനറൽ ട്രാൻസ്പോർട്ട് കമ്പനിയിൽ (എന്ത് കമ്പനി? ഒരു സ്പയർ പാർട്സ് കട) സെയിൽസ്മേനായി ജോലി നോക്കുന്ന കാലം. ഓൾഡ്‌ എയർപോർട്ട്‌ റോഡിൽ ഗ്രാൻഡ്‌ മോസ്ക്കിന്നടുത്തു, മെയിൻ പോസ്റ്റ്‌ ഓഫീസ്സിന്നു മുമ്പിലായിരുന്നു ആ ഷോപ്പ്.
അന്ന് ഞാൻ താമസിച്ചിരുന്നത് ദാഇറത്തുൽമിയ എന്ന സ്ഥലത്താണ്. ദാഇറത്തുൽമിയ ഭാഗത്ത്‌ അറബികളുടെ വീടുകളുടെ സിറ്റിംഗ് ഹാൾ വിദേശികൾക്ക് വാടകയ്ക്ക് കൊടുക്കുന്നതിൽ ഒന്നിലായിരുന്നു എന്റെ താമസം. നടന്ന് പോകാവുന്ന ദൂരമേയുള്ളുവെങ്കിലും ഞാനൊരു വാഹനം വാങ്ങി. ഇന്നത്തെ മെർസിഡസ് ബെൻസിനേക്കാൾ എനിക്കിഷ്ടപ്പെട്ട വാഹനം – സാധാരണ സൈക്കിൾ. അല്ലെങ്കിലും സൈക്കിൾ ഞങ്ങളുടെ തറവാടിന്റെ ട്രേഡ്മാർക്കാണല്ലോ?.
ജോലിക്ക് വരുന്നതും പോകുന്നതും ഗ്രാൻഡ്‌ മോസ്ക്കിന്നടുത്തു കൂടിയാണ്. നല്ല പൂഴിമണൽ. സൈക്കിൾ ഓടിക്കുന്നത്, ജനങ്ങൾ നടന്ന് നടന്ന് പോയി ഉറച്ച നടവഴിയിലൂടെയാണ്. റൂമിൽ ഉള്ളവരിൽ അധികപേരും ചാവക്കാട് കടപ്പുറം വെളിച്ചെണ്ണപടി ഭാഗത്തുള്ളവരാണ്. സൈക്കിൾ ചവുട്ടി കുറെ കറങ്ങുന്നത് വലിയ ഇഷ്ടമായിരുന്നു. അന്നൊക്കെ ദാഇറത്തുൽമിയ ഭാഗത്ത് നന്നായി ടാർ ചെയ്ത റോഡുകൾ ഉണ്ടായിരുന്നില്ല. അത് തന്നെയായിരുന്നു മദീന സായദിലും. കുറച്ചാളുകളെ ഒന്നിച്ച് കാണണമെങ്കിൽ ടോക്യോ മാർകെറ്റിലോ ഹംദാൻ റോഡിലെ TV ബിൽഡിംങ്ങിലോ പോകണം. മൂന്നു നിലയുള്ള ആ ബിൽഡിംഗ്‌ ആയിരുന്നു അന്ന് ഏറ്റവും ഉയരം കൂടിയ ബിൽഡിംഗ്‌ .അതിന്റെ മുകളിലാണ് TVയുടെ ഏരിയൽ ഫിറ്റ്‌ ചെയ്തിരുന്നത്. അത് കൊണ്ടാണ് ആ പേര് വന്നത്.
അതിന്റെ അടുത്ത് സെന്റെർ ഹോട്ടലിന്റെ പിന്നിൽ ഖലീഫ സ്ട്രീറ്റിന്നും നടുവിലായി ഒരു ഇസ്ലാമിക്‌ & ഔക്കാഫ് മന്ത്രിയുടെ വീട് ഉണ്ടായിരുന്നു. ആ വീടിന്റെ മുന്നിൽ മതിലിന്റെ പുറത്ത് ജനങ്ങൾക്ക്‌ വെള്ളം കുടിക്കാൻ ഒരു കൂളറും ഗ്ലാസ്സുകളും ഉണ്ടായിരുന്നു. അത് പോലെ റോഡ്‌സൈഡിൽ മതിലിന്നു പുറത്ത് ഒരു സിമന്റ്‌ ബെഞ്ച്‌ ഉണ്ടായിരുന്നു. അതിൽ പലപ്പോഴും ആ മന്ത്രി വന്ന് ഇരിക്കുന്നത് അന്നത്തെ കാലത്ത് ഞങ്ങൾ കണ്ടിട്ടുണ്ട്.
അന്നൊക്കെ അൽഐനിലേക്ക് പോകുന്ന ടാക്സി വാഹനം അധികവും PEUGEOT ആണ്. ഒരു ദിവസം അത്തരം ഒരു വാഹനത്തിൽ അലൈനിൽ നിന്നും വന്ന യാത്രക്കാരിൽ മുൻസീറ്റിൽ ഇരുന്നത് ഒരു മലയാളി ഫാമിലിയായിരുന്നു. രാത്രിയിൽ ആ വാഹനത്തിന്റെ അറബിയായ ഡ്രൈവർ (മറ്റ് അറബിനാട്ടുകാരൻ) ആ ഫാമിലിയെ ദാഇറത്തുൽമിയയിൽ ഇറക്കി. അന്നൊക്കെ ആ ഭാഗത്ത് ഇടുങ്ങിയ വഴികൾ ധാരാളം ഉണ്ടായിരുന്നു.
കുറച്ച് കഴിഞ്ഞപ്പോഴാണ് അറബി ഒരു കാര്യം മനസ്സിലാക്കിയത്, തന്റെ വണ്ടിയുടെ ഡാഷ് ബോർഡിൽ വെച്ചിരുന്ന മൂവ്വായിരം രൂപ കാണാനില്ല എന്ന സത്യം. ആ മനുഷ്യൻ പോലീസ് സ്റ്റെഷനിൽ പരാതി കൊടുത്തു. പോലീസ് അന്നത്തെ ലാൻഡ്‌റോവർ ജീപ്പിൽ വന്നു. ആ ഫാമിലിയേയും അടുത്ത റൂമുകളിൽ നാട്ടിലേക്ക് പോകാൻ സാധനങ്ങൾ വാങ്ങി വെച്ചിരുന്ന മലയാളികളേയും കൊണ്ട് പോയി. എല്ലാവരുടെയും പാസ്പോർട്ടുകളും പോലീസ് വാങ്ങി.
അന്ന് UAEയിൽ ഇന്ത്യൻ എംബസ്സിയൊ കോണ്‍സുലെറ്റോ ഇല്ല. മസ്കത്തിലാണ് ഇന്ത്യൻ എംബസി. പിന്നീടാണ് അബൂദാബിയിലും ദുബായിലും കോണ്‍സുലറ്റ് വന്നതും അബുദാബി കോണ്‍സുലറ്റ് എംബസ്സിയായി മാറിയതും. ആദ്യം കോണ്‍സുലറ്റ് വന്നത് അൽമാറിയ സിനിമയുടെ പിൻഭാഗത്തുള്ള ഒരു ഇരുനിലകെട്ടിടത്തിലെ ചില മുറികളിൽ ആയിരുന്നു.
മലയാളികളെ അറസ്റ്റ് ചെയ്തതറിഞ്ഞു ചാവക്കാട് ഒരുമനയൂർ എന്ന സ്ഥലത്തെ ഒരു തങ്ങൾ ഇസ്ലാമിക മന്ത്രിയെ കാണാൻ പോകാനുറച്ചു. അദേഹത്തിനു അന്ന് നന്നായി അറബി സംസാരിക്കാൻ അറിയുമായിരുന്നു. വെറുതെ ഒരു സ്നേഹിതനായി അദ്ധേഹത്തിന്റെ കൂടെ ചെല്ലാൻ എന്നോടാവശ്യപ്പെട്ടു.. ഷൈഖിനെ കാണാൻ കൂടെ ചെല്ലാൻ പറഞ്ഞപ്പോൾ ഞാനൊന്ന് പേടിച്ചു. ആദ്യം ഞാൻ നിരസിച്ചെങ്കിലും കൂടെ പോയി. ഞങ്ങൾ രണ്ടു പേരും രണ്ടു വാഹനത്തിൽ (സൈക്കിൾ) അങ്ങൊട്ട് ചെന്നു. കൂടാതെ കുറ്റം ആരോപിക്കപ്പെട്ടവരോടും അവിടെ എത്താൻ പറഞ്ഞു.
ഞങ്ങൾ ചെന്നപ്പോൾ ആ ഷൈഖ് (മന്ത്രി) സാധാരണക്കാരനെ പോലെ ഞങ്ങളെ സ്വീകരിച്ചു. ഞങ്ങളോട് സോഫയിൽ ഇരിക്കാൻ പറഞ്ഞു. ഞാൻ ആദ്യം മടിച്ചു. എന്തോ ഒരു ഭയം. പിന്നെ ഞാൻ ഇരുന്നു. (വർഷങ്ങൾക്ക് ശേഷം ഈ എനിക്ക് മറ്റൊരു ഷൈഖിന്റെ ഓഫീസ് മേനേജർ ആയി വളരെക്കാലം ജോലി ചെയ്യുവാനും ഒരു പാട് ഷൈഖ്മാരെ പരിചയപ്പെടുവാനും കഴിഞ്ഞു എന്നത് മറ്റൊരു പിൽക്കാലചരിത്രം)
അവരുടെ നിരപരാധിത്വം മനസ്സിലാക്കിയ ആ ഷൈഖ് ഉടനെ അന്നത്തെക്കാലത്തെ റോട്ടറിടൈപ്പ് ലാൻഡ്‌ഫോണ്‍ എടുത്ത് കറക്കി. അങ്ങേ തലയ്ക്കൽ അന്നത്തെ ആഭ്യന്തര മന്ത്രി ഷൈഖ് മുബാറക് ബിൻ മുഹമ്മദ്‌ അൽനഹിയാൻ ആയിരുന്നു.
ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തിട്ട് ആ ഇസ്ലാമിക മന്ത്രി അവരോട് പറഞ്ഞു. ‘നിങ്ങളുടെ പാസ്പോർട്ട്‌ മടക്കി തരാൻ ആഭ്യന്തര മന്ത്രി പോലീസ് ഓഫീസർമാരോട് പറഞ്ഞിട്ടുണ്ട്.’ ഇത് പറഞ്ഞു അദ്ദേഹം ചോദിച്ചു ‘ആ പോലീസുകാരെ എന്ത് ശിക്ഷയാണ് കൊടുക്കേണ്ടത്?’
അന്നത്തെ പോലീസുകാരിൽ അധികവും UAEക്കാർ അല്ല.
‘അവർക്ക് ഒരു ശിക്ഷയും കൊടുക്കേണ്ട. അത് ദൈവം കൊടുത്തോളും’. കോറസ് ആയി അവർ പറഞ്ഞത് അതായിരുന്നു.
——————————————————–
മേമ്പൊടി:
അശരണരുടെ പ്രാർത്ഥന ദൈവം കേൾക്കും (നബിവചനം)

Share This:

Comments

comments