ഗള്‍ഫിലെ പഴയ ഡ്രൈവിംഗ് ടെസ്റ്റ്‌ (അനുഭവം)(ഗള്‍ഫിന്റെ ഓര്‍മകളിലൂടെ….)

0
614
ഷെരീഫ് ഇബ്രാഹിം.
ആയിരത്തി തൊള്ളായിരത്തി എഴുപത്തിയൊന്നിലാണ് (1971) ഞാന്‍ ബൈക്കിന്റെ ലൈസെൻസിന് വേണ്ടി അബുദാബി മുറൂറിൽ (ട്രാഫിക് ഡിപ്പാർട്ട്മെന്റ്) പോയത്. അന്ന് ടെസ്റ്റിന് 8 എടുക്കൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീടാണ് ജസർ (ഒരു ഹമ്പ് ഉണ്ടാക്കിയത്തിൽ ഓടിച്ചു കാണിക്കലും മറ്റു പല ടെസ്റ്റുകളും ഉണ്ടായത്). മോട്ടോർ സൈക്കിൾ അതിനു മുമ്പേ ഞാൻ വാങ്ങിയിരുന്നു. അന്നൊക്കെ വാഹനങ്ങൾ വാങ്ങാൻ ലൈസൻസ്, പാസ്സ്പോർട്ടിന്റെ കോപ്പി, വിസ പേജ് തുടങ്ങിയ നൂലാമാലകൾ ഒന്നും വേണ്ടായിരുന്നു. എന്തിനേറെ ലൈസന്‍സ് കിട്ടാന്‍ പോലും മെഡിക്കൽ ടെസ്റ്റ്‌ വേണ്ടായിരുന്നു. ഒരു ബത്താക്കയും ഫോട്ടോവും മാത്രമേ വേണ്ടൂ.
ഏകദേശം 8 വയസ്സ് മുതൽ സൈക്കിളിന്റെ ബാലൻസ് അറിയാവുന്നത് കൊണ്ടും ഗൾഫിൽ ലൈസൻസ് ഇല്ലാതെ തന്നെ കുറച്ചു നാള്‍ മോട്ടോര്‍ സൈക്കിൾ ഓടിച്ചിട്ടുള്ളത് കൊണ്ടും ആദ്യത്തെ ടെസ്റ്റിൽ തന്നെ ഞാൻ 8 കൃത്യമായി എടുത്തു. പാസായെന്ന് ഒരു പോലീസ് പറഞ്ഞു. അത് കണ്ടുകൊണ്ട് മറ്റൊരു പോലീസുകാരൻ എന്റെ ഒരേ ഒരു പേജുള്ള അപേക്ഷ ഫോറം വാങ്ങിയിട്ട് എന്നോട് ചോദിച്ചു. ‘ഇന്ത മിൻ അയ് ജൻസിയ?’ (നീ ഏത് രാജ്യക്കാരനാണ്?) എന്ന്. ഞാൻ ഇന്ത്യക്കാരൻ ആണെന്ന് പറഞ്ഞപ്പോൾ അവന്റെ മറുപടി മറ്റൊന്നായിരുന്നു. ‘ഇർജൂക് തആൽ ബാദ് ശഹ്ർ വാഹദ്’. (ഒരു മാസം കഴിഞ്ഞു ടെസ്റ്റിന് ചെല്ലാൻ). 8 കൃത്യമായി ഓടിച്ച എനിക്കത് എട്ടിന്റെ പണിയായി. ഞാനാരാ മോൻ. ഒരാഴ്ച്ച കഴിഞ്ഞപ്പോൾ ടെസ്റ്റ് നടത്തി ഞാൻ പാസായി. ഒരു മാസം കഴിഞ്ഞു വരാൻ പറഞ്ഞതൊന്നും ഫയലിൽ എഴുതിയിട്ടില്ല. എനിക്ക് മടക്കി തന്ന ഫോം കൊണ്ട് പോയി ഞാൻ ടെസ്റ്റ് കൊടുത്തു.
അതിനു ശേഷം അതെ അബുദാബി മുറൂരിൽ ഞാൻ കാറിന്റെ ടെസ്റ്റിന് വേണ്ടി പോയി. സ്‌കൂളിലൂടെയല്ല, നേരിട്ടാണ് പോയത്. അവിടെ വെച്ച് ചെയ്യേണ്ട ടെസ്റ്റ്‌ ഓക്കേ ആയി. ഇനി മെയിന്‍ റോഡിലൂടെ ഓടിച്ച് കാണിക്കണം. ഇതിനിടെ അങ്ങോട്ട്‌ തിരിക്കു ഇങ്ങോട്ട് തിരിക്കൂ എന്നൊക്കെ ആ രണ്ടു പോലീസുകാരും എന്നോട് പറയും. ചില സമയത്ത് നോ എന്‍ട്രി വഴി ഓടിക്കാന്‍ പറയും. ഓടിച്ചാല്‍ നമ്മള്‍ തോല്‍ക്കും. ഞാന്‍ അവരോട് ഭവ്യതയോടെ നോ എന്‍ട്രിയാണെന്ന് പറഞ്ഞു. അങ്ങിനെ കുറെ ദൂരം ഓടി. എന്റെ സ്വന്തം സെക്കണ്ട് ഹാന്‍ഡ്‌ ഡാറ്റ്സന്‍ 120Y മോഡല്‍ കാറില്‍. അങ്ങിനെ എന്നോട് ഷെയ്ഖ് ഹംദാന്‍ റോഡിലുള്ള ഹബീബ് ബാങ്ക് AG സൂറിച്ച് ബാങ്കിന്റെ മുന്നില്‍ നിറുത്താനും എന്നോട് വെയിറ്റ് ചെയ്യാനും പറഞ്ഞു.
അവര്‍ ബാങ്കില്‍ നിന്ന് തിരിച്ചു വന്നു. ശമ്പളം വാങ്ങാനാണ് ബാങ്കില്‍ പോയത് എന്ന് അവരുടെ സംസാരത്തില്‍ നിന്നും മനസ്സിലായി. അങ്ങിനെ അവര്‍ പറഞ്ഞ പോലെ ട്രാഫിക് ഓഫീസില്‍ അവരെ കൊണ്ട് വന്നിറക്കി. എന്നിട്ട് അവര്‍ എന്നോടൊരു കാര്യം പറഞ്ഞു. പഴയ പല്ലവിയില്‍ നിന്ന് ഒരു പാട് മാറി. താആല്‍ ബാദ് സലാസ ശഹൂര്‍. (മൂന്നു മാസം കഴിഞ്ഞു വരാന്‍). ഇനി അബൂദാബിയില്‍ നിന്ന് ലൈസെന്‍സ് എടുക്കുന്ന പ്രശ്നം ഇല്ലെന്ന് ഞാന്‍ ഉറപ്പിച്ചു. പിന്നീട് ഷെയ്ഖ് ഹമദിന്റെ ഓഫീസ് മേനേജര്‍ ആയി ഞാന്‍ ജോലി ഏറ്റെടുത്തതിന് ശേഷം ഇതേ ഓഫീസില്‍ നിന്ന് ഒരു പാട് പേരുടെ മറ്റു രാജ്യങ്ങളിലെ ലൈസെന്‍സ് മാറ്റികൊടുക്കാനും ടെസ്റ്റ്‌ ഡേറ്റ് നേരെത്തെയാക്കാനും എനിക്ക് കഴിഞ്ഞു എന്നത് പില്‍ക്കാല ചരിത്രം.
ഒരു ഫോട്ടോയും 300 ഖത്തര്‍ ദുബായ് റിയാല്‍ കൊടുത്താല്‍ ലൈസന്‍സ് നമ്മുടെ റൂമില്‍ കൊണ്ട് തരുന്ന എജെന്റ്മാര്‍ അന്നൊക്കെ ഉണ്ടായിരുന്നു.. അതില്‍ മലയാളികള്‍ പോലും ഉണ്ട്. മലയാളികള്‍ മലയാളികള്‍ക്ക് ഗുണം ചെയ്യാറുണ്ട്. അവര്‍ നമ്മളില്‍ നിന്ന് 350 രൂപയെ വാങ്ങൂ. അതും അബു ദാബി എന്ന പേര്‍ഷ്യയുടെ പേര്‍ഷ്യയായ സ്ഥലത്ത് നിന്നും വരുന്നതാണെന്ന് അറിഞ്ഞാല്‍ ഉറപ്പാണ്. രണ്ടു കാരണങ്ങള്‍ കൊണ്ട് ഞാന്‍ അത് ചെയ്തില്ല. ഒന്ന്.. എനിക്കന്ന് മാസം 250 രൂപയാണ് ശമ്പളം. രണ്ടു എന്റെ ജീവിതത്തില്‍ കൈക്കൂലി കൊടുത്ത് അവിടെ ആയാലും നാട്ടിലായാലും ഒന്നും വേണ്ട എന്ന എന്റെ വാശി. എന്നാല്‍ അവിടെയും ഇവിടെയും അല്ലാത്ത ഒരിടത്ത് പലപ്പോഴും എന്റെ നിയമം ഞാന്‍ മാറ്റേണ്ടി വന്നിട്ടുണ്ട്. ആ സ്ഥലത്ത് പോലും ഈ അടുത്ത അവസരത്തില്‍ കൈക്കൂലി കൊടുക്കേണ്ടി വന്നിട്ടില്ല.
അന്നൊക്കെ ഏത് എമിരേറ്റുകളില്‍ നിന്നും ലൈസെന്‍സ് എടുക്കാം. അങ്ങിനെ അജ്മാനില്‍ നിന്നും ലൈസെന്‍സ് എടുക്കാമെന്ന് ഞാന്‍ നിശ്ചയിച്ചു. അതിനായി ഞാന്‍ അജ്മാനിലേക്ക് പോയി. അന്നൊക്കെ തികച്ചും മണലാരണ്യമായ അജ്മാനിലെ ഒരു പഴയ കെട്ടിടത്തിന്റെ പിന്നിലുള്ള സ്ഥലത്തായിരുന്നു ടെസ്റ്റ്‌. അത് പോലെ ടെസ്റ്റിനു വേണ്ടി കുറ്റികള്‍ നാട്ടും. ഞാനടക്കം കുറച്ചാളുകള്‍ ടെസ്റ്റ്‌ നടത്തുന്ന പോലീസിനെ കാത്ത് നില്‍ക്കുകയാണ്. കുറച്ചു കാത്തിരിപ്പിന് ശേഷം ഒരു കാറില്‍ പോലീസ് പാഞ്ഞെത്തി. വളരെ കുറച്ചു സ്പീഡില്‍ – അതായത് ഒരു 180-200 കിലോമീറ്റര്‍ വേഗതയില്‍ പൊടിപാറിച്ചു കൊണ്ട് പോലീസ് എത്തി. ഞങ്ങള്‍ക്ക് ജീവനില്‍ കൊതിയുണ്ടായിരുന്നത് കൊണ്ട് മാറി നിന്നു. അങ്ങിനെ മാറി നിന്നിരുന്നില്ലായിരുന്നെങ്കില്‍ ഈ അനുഭവം എഴുതാന്‍ ഞാന്‍ ഉണ്ടാവുമായിരുന്നില്ല. ഇത് എഴുതുമ്പോള്‍ മറ്റൊരു കാര്യം ഓര്‍മ വരുന്നു. അന്ന് ഒരു അറബി പയ്യന്‍ ഒരു കാര്‍ നല്ല സ്പീഡില്‍ ഓടിച്ചത് പോലീസ് റഡാറില്‍ പിടിച്ചു. ആ അറബി പയ്യന്‍ നിഷ്കളംഗമായി പോലീസിനോട് ചോദിച്ചു. പിന്നെ എന്തിനാണ് ജപ്പാന്‍കാര്‍ ഈ 300 കിലോമീറ്റര്‍ സ്പീഡ് വണ്ടിക്കു വെച്ചത് എന്ന്.
നാണം കൊണ്ട് ആ പോലീസുകാരന്‍ നിറുത്താതെ കാര്‍ ഓടിച്ചു എങ്ങോട്ടോ പോയി. ഞങ്ങള്‍ കുറച്ചു നേരം കാത്ത് നിന്നപ്പോള്‍ ഒരാള്‍ വന്നു പറഞ്ഞു. ഇനി വൈകീട്ടേ ടെസ്റ്റ്‌ ഉള്ളൂ എന്ന്. പോലീസുകാരന് പറ്റിയ തെറ്റ് ഞങ്ങള്‍ കണ്ടതാണ് ടെസ്റ്റ്‌ മാറ്റി വെക്കാന്‍ കാരണം എന്ന് പറഞ്ഞില്ലെങ്കിലും അതാണ്‌ വാസ്തവം.
ആ ടെസ്റ്റില്‍ ഞാന്‍ ജയിച്ചു. ഇനി ഫോട്ടോ എടുക്കണം. അതിനായി ഞാന്‍ ആ ഓഫീസില്‍ പോയി. അവിടെ ചെന്നപ്പോള്‍ കറന്റ് കട്ട്. ഇനി പിറ്റേന്നാണ് കറന്റ് വരികയുള്ളൂ. തിരിച്ചു അബൂദാബിക്ക് പോന്നു. വീണ്ടും പിറ്റേന്ന് പോയി ഞാന്‍ ലൈസെന്‍സ് വാങ്ങി. പിന്നീട് അതെ ലൈസെന്‍സ് ഞാന്‍ അബുദാബിയിലേക്ക് മാറ്റി. അതിനു ശേഷം ഇന്റര്‍നാഷണല്‍ ലൈസന്‍സ് എടുത്ത് മറ്റു ഗള്‍ഫ്‌ നാടുകളിലും ഞാന്‍ വണ്ടി ഓടിച്ചു.
ആ ലൈസന്‍സ് കാണിച്ചു ഞാന്‍ കേരളത്തില്‍ ലൈസന്‍സ് എടുക്കാന്‍ തൃശ്ശൂര്‍ ചെന്നു. ആ ലൈസന്‍സ് അംഗീകൃത ട്രാന്‍സ്ലെട്ടര്‍ ഇംഗ്ലീഷില്‍ ആക്കികൊടുത്താല്‍ അന്നൊക്കെ ലേര്‍ണിംഗ് ലൈസന്‍സ് ഇല്ലാതെ നേരിട്ട് ടെസ്റ്റ്‌ നടത്താന്‍ കഴിയും. പക്ഷെ ഒരാഴ്ച്ച ലീവിന് വന്ന ഞാന്‍ അതിന് മുതിര്‍ന്നില്ല. പിന്നീടാണ് കേരള ലൈസന്‍സ് എടുത്തത്.

Share This:

Comments

comments