ബന്ധമെന്നപദത്തിനെന്തർത്ഥം? (കഥ) – അവസാനഭാഗം

0
593
 ഷെരീഫ് ഇബ്രാഹിം.
>>>> കഴിഞ്ഞ ഭാഗത്തിൽ നിന്നും തുടർച്ച
മൂന്ന് വർഷങ്ങൾ കഴിഞ്ഞിട്ടുണ്ട്. അന്ന് പഴുവിൽ ഷഷ്ടി ദിവസം വൈകീട്ട് മറ്റുള്ളവരോടൊപ്പം ആൽത്തറയിൽ കയറി നിൽക്കുമ്പോൾ ‘വെല്ല്യമ്മേ’ എന്ന് വിളിച്ചു ഒരു കുട്ടി എന്റടുത്തു വന്നു. ഞാൻ പിന്തിരിഞ്ഞു നോക്കി. അതു ശ്രീവിദ്യയുടെ മകനായിരുന്നു.
‘വാ മോനെ’. അവൻ ഓടി വന്നു എന്റെ ഒക്കത്ത് കയറിയിരുന്നു.
‘കണ്ണാ നിന്നോട് എത്ര പ്രാവശ്യം പറഞ്ഞിട്ടുള്ളതാ വൃത്തിയില്ലാത്തിടത്തോന്നും നടക്കരുതെന്ന്’ എന്ന് കണ്ണനോട് പറഞ്ഞിട്ട് ശ്രീവിദ്യ എന്നോട് മറ്റൊന്നാണ് പറഞ്ഞത് ‘ചേച്ചി, അല്ലെങ്കിൽ തന്നെ ഇന്നലെ രാത്രി മോനെ ഒരു പാട് കൊതുക് കടിച്ചു എന്തൊരു വൃത്തികെട്ട മണമാണ് നമ്മുടെ വീടിന്നുള്ളിൽ’
ശ്രീവിദ്യ കണ്ണനേയും കൊണ്ട് വീട്ടിലേക്കു പോയി. ഞാൻ എടുത്തത്കൊണ്ടാണ് അവൾ കണ്ണനെ കൊണ്ട് പോയത് എന്ന് എനിക്ക് ഊഹിക്കാൻ കഴിഞ്ഞു.
‘മോളെ, ഇവിടെ ചെലവ് വളരെ കൂടുതലാണ്. പിന്നെ മരുന്നിന്നും ഒരു പാട് പണം വേണം. ഇപ്പോൾ തന്നെ ജോലി സ്ഥലത്ത് നിന്നും ലോണ്‍ എടുത്തിരിക്കുകയാണ്. ഒരു അയ്യായിരം ഉറുപ്പിക അമ്മയ്ക്കും അച്ഛന്നും മുത്തശ്ശിക്കും കുറച്ചു മരുന്ന് വാങ്ങാമായിരുന്നു.’ ഞാൻ ശ്രീദേവിയോട് ചോദിച്ചു.
‘ചേച്ചി, ചേട്ടന്റെ വിഷമം ചേച്ചിക്കറിയാത്തത് കൊണ്ടാണ്. ഇപ്പോൾ തന്നെ പുതുതായി പണിയുന്ന ഞങ്ങളുടെ വീടിന്ന് മൂന്ന് ലക്ഷത്തിന്നു മാർബിൾ എടുക്കാൻ രാജസ്ഥാനിലേക്ക് പോയിരിക്കുകയാണ് ഗോകുലേട്ടൻ. അല്ലാതെ പൈസ ഉണ്ടായിട്ടു തരാത്തതല്ല.’
ശ്രീവിദ്യയുടെ മറുപടി കേട്ട് കൊണ്ട് ജമീലു ഇത്ത കടന്നു വന്നു. ഒന്നും പറയാതെ തിരിച്ചു പോയി വീണ്ടും വന്നു. കയ്യിൽ എന്തോ ഉണ്ട്.
‘മോളെ, അനുജത്തിക്ക് പൈസക്ക് ബുദ്ധിമുട്ട് ആയതു കൊണ്ടായിരിക്കും. വിഷമം തോന്നണ്ട. മോൾക്ക്‌ എത്ര പൈസയാ വേണ്ടത്? ഞാൻ തരാം. ആത് മോൾക്ക്‌ ഇഷ്ടമുള്ളപ്പോൾ മടക്കി തന്നാൽ മതി. അഥവാ തരാൻ കഴിഞ്ഞില്ലെങ്കിലും ഞാൻ പൊരുത്തപ്പെട്ടോളാം. പിന്നെ ഇത് കുറച്ചു ചോറാണ്. ഇന്ന് മദ്രസയിലെ കുട്ടികൾക്ക് ഭക്ഷണം കൊടുത്തിരുന്നു. ഇക്ക ഇക്കൊല്ലം അബൂദാബിയിൽ നിന്നും ഹജ്ജിനു പോകുന്നുണ്ട്. അയൽവാസി പട്ടിണി കിടന്നിട്ടു ഹജ്ജിനു പോയാൽ അതിന്റെ പുണ്യം കിട്ടൂല എന്നാണ് ഞങ്ങളുടെ മതം പഠിപ്പിക്കുന്നത്’. ജമീലു ഇത്താടെ സംസാരം കേള്‍ക്കാന്‍ നല്ല രസം.
‘ഇക്ക എന്നാ വരുന്നത്?’. ഞാന്‍ ചോദിച്ചു.
‘ഹജ്ജ് കഴിഞ്ഞു അടുത്ത മാസം വരുന്നുണ്ട്’
മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ഞാൻ ജോലിസ്ഥലത്ത് നിന്നും വീട്ടിൽ എത്തിയതേയുള്ളൂ, ശ്രീവിദ്യയുടെ ഉറക്കെയുള്ളൂ കരച്ചിൽ കേട്ട് ഓടിച്ചെന്നു. അവളുടെ മൊബൈൽ ഫോണ്‍ ദൂരെ കിടക്കുന്നു. അവൾ വാവിട്ടു കരയുകയാണ്. ഇടയ്ക്കിടെ അവൾ പറയുന്നുണ്ട് ‘എന്റെ ചേട്ടൻ……എന്റെ ചേട്ടൻ ………’
പിന്നെയും അവളുടെ മൊബൈൽ റിംഗ് ചെയ്യുന്നുണ്ടായിരുന്നു.
അടുത്ത വീട്ടിലെ ഷാരടി ഫോണ്‍ അറ്റെന്റ് ചെയ്തു.
‘ന്റെ ….. ഗുരുവായൂരപ്പാ …’ അദ്ദേഹം ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തിട്ട് പറഞ്ഞു. ‘ഗോകുൽ സഞ്ചരിച്ചിരുന്ന മാർബിൾ കയറ്റി രാജസ്ഥാനിൽ നിന്നും കേരളത്തിലേക്ക് വന്ന ലോറി ആക്സിടെന്റിൽ പെട്ടു. ഗോകുലിന്റെ ദേഹത്തെക്കാണ് ലോറി മറിഞ്ഞത്. എല്ലാം അപ്പോൾ തന്നെ കഴിഞ്ഞു.’
രണ്ട് മാസത്തിന്നു ശേഷം പുലർച്ചെ അഞ്ചു മണിയായിക്കാണും. അമ്പലത്തിൽ നിന്നും അധികം ദൂരമില്ലാത്ത മുസ്ലിം പള്ളിയിൽ നിന്നും പ്രഭാത നമസ്കാരത്തിന്നുള്ള ബാങ്ക് വിളി കേൾക്കുന്നു. ബാങ്ക് വിളി കഴിഞ്ഞതിന്നു ശേഷം അമ്പലത്തിൽ നിന്ന് സുപ്രഭാതഗീതങ്ങൾ കേട്ടു.
അടുത്ത വീട്ടിലെ ജമീലു ഇത്താടെ ഭർത്താവ് ജബ്ബാർക്ക എത്തിയെന്നറിഞ്ഞു. ഉച്ചതിരിഞ്ഞു ജബ്ബാർക്കയും ജമീലു ഇത്തയും വീട്ടിൽ വന്നു. അവരെ കണ്ടപ്പോൾ അച്ഛനും മുത്തശ്ശിക്കും വല്ലാത്ത സന്തോഷം. വളരെ രസികനും ഒരുപാട് പൊതു കാര്യങ്ങൾ അറിയുന്ന ആളാണ്‌ ജബ്ബാർക്ക. രാഷ്ട്രീയം മാത്രം അദ്ധേഹതിന്നു ഇഷ്ടമില്ലാത്ത വിഷയം. വിദ്യക്കും കുട്ടിക്കും ഉടുപ്പുകളും കളിപ്പാട്ടങ്ങളും കൊടുത്തു, ജബ്ബാർക്ക. മറ്റെല്ലാവർക്കും ഇഷ്ടമുള്ള ഡ്രസ്സ്‌ എടുത്തോളാൻ പറഞ്ഞു അച്ഛന്റെ കയ്യിൽ പൈസ കൊടുത്തു.
ഒന്നും വേണ്ടായെന്നു അച്ഛൻ സ്നേഹത്തോടെ പറഞ്ഞപ്പോൾ ‘എനിക്കും രണ്ടു കുട്ടികളില്ലേ? അവർ പെരുമ്പിലാവിൽ ഹൊസ്റ്റലിൽ നിന്ന് പഠിക്കുകയല്ലേ’ എന്നാണു ജബ്ബാർക്ക പറഞ്ഞത്
കുറച്ചു കഴിഞ്ഞപ്പോൾ നന്ദൻ മാഷും ഷാരടിയും വന്നു. നന്ദൻ മാഷെ കണ്ട ഉടനെ ജബ്ബാർക്ക പറഞ്ഞു. ‘മാഷെ പറ്റി ഞാൻ കേട്ടിരിക്കുന്നു. എനിക്കും ചെറുപ്പത്തിൽ അദ്ധ്യാപകൻ ആകണമെന്നായിരുന്നു മോഹം പക്ഷെ നടന്നില്ല.’
നന്ദൻ മാഷ്‌ ചെറുതായൊന്നു ചിരിച്ചു.
‘പിന്നെ ഞാനൊരു കാര്യം പറയാനാണ് വന്നത്. തെറ്റാണെങ്കിൽ ക്ഷമിക്കണം. മാഷോടും കൂടിയാണ് പറയുന്നത് ‘
‘എന്തായാലും ജബ്ബാര്‍ക്ക പറയൂ’. നന്ദൻ മാഷാണ് അത് പറഞ്ഞത്.
‘ശ്രീദേവിക്ക് ഒരു കല്യാണകാര്യമാണ്. എന്റെ കൂടെ ജോലിചെയ്യുന്ന ഒരു രവീന്ദ്രനുണ്ട്. മുളംകുന്നത്ത്കാവിന്നടുത്ത് അത്താണിയിലാണ് വീട്. അവൻ ഞങ്ങളുടെ കമ്പനിയിൽ അക്കൌണ്ടന്റാണ്. ഗൾഫിൽ അവനെ പറ്റി എനിക്ക് നന്നായി അറിയാം. ഒരു ചീത്ത സ്വഭാവങ്ങളും ഇല്ല. നാട്ടിലെ കാര്യങ്ങൾ എനിക്കറിയില്ല. അത് നിങ്ങൾ അന്വേഷിക്കണം. വയസ്സ് മുപ്പത്തിയാറ് ആയി. ജാതകവശാൽ മുപ്പത്തഞ്ച് വയസ്സിന്നു മുമ്പ് കല്യാണം കഴിക്കാൻ പാടില്ലാത്തത് കൊണ്ടാണ് കല്യാണം നീണ്ടു പോയത്. അച്ഛനും അമ്മയ്ക്കും ഒരു മകൻ മാത്രമേയുള്ളൂ. പേരുകേട്ട നായർ തറവാട്ടുകാരാണ്.’ ജബ്ബാർക്ക പറഞ്ഞു നിർത്തി.
‘ജാബ്ബാർക്ക പറഞ്ഞ കാര്യമാണെങ്കിൽ ഞങ്ങള്‍ക്ക് അന്വേഷിക്കേണ്ടതില്ല. അവർക്ക് ഞങ്ങളെ ഇഷ്ടപെടുമോ എന്നാണു അറിയേണ്ടത്.’ അച്ഛന്റെ ജ്യേഷ്ടനാണ് അത് പറഞ്ഞത്
‘അവർക്ക് നിങ്ങളേയും ശ്രീവിദ്യയേയും ഇഷ്ടമാണ്. ഒരിക്കൽ എന്റെ വീട്ടിൽ രവീന്ദ്രൻ വന്നപ്പോൾ ശ്രീദേവിയെ കണ്ടിട്ടുണ്ട്.’
എല്ലാ ദു:ഖത്തിന്നും ഒരു സുഖമുണ്ട് എന്ന വാചകം ഞാൻ ഓർത്തു.
‘ചേച്ചി കണ്ണനെ ഒന്ന് എടുത്തേ. ഞാൻ കുളിക്കട്ടെ’ എന്ന ശ്രീവിദ്യയുടെ വാക്കാണ്‌ പരിസരബോധം വീണ്ടെടുത്തത്.
അച്ഛന്റെ ബന്ധക്കാരും നന്ദൻ മാഷും കൂടിയാണ് അത്താണിയിലേക്ക് പോയത്. അവർ തിരിച്ചു വന്നത് എന്റെ കല്യാണം ഉറപ്പിച്ചു എന്ന വാർത്തയും കൊണ്ടാണ്.
ജീവിതത്തിലെ ഒരു അസുലഭമുഹൂർത്തം ഇങ്ങെത്താറായി. ഏതൊരു പുരുഷന്റേയും സ്ത്രീയുടെയും ജീവിതത്തിലെ മറക്കാൻ പറ്റാത്ത ദിവസം. ജാതകം നോക്കി എല്ലാം നല്ലതാണെന്ന് പറഞ്ഞു.
അടുത്ത വീട്ടിൽ നിന്നും ഒരു ഗാനം കേൾക്കുന്നുണ്ടായിരുന്നു
സ്വന്തമെന്ന പദത്തിനെന്തർത്ഥം?
ബന്ധമെന്ന പദത്തിനെന്തർത്ഥം?
സ്വന്തങ്ങൾ, ബന്ധങ്ങൾ ജലരേഖകൾ
കല്യാണപന്തലിൽ ആളുകൾ വന്നു തുടങ്ങി. ആരൊക്കെയോ ചേർന്ന് മണ്ഡപത്തിലേക്ക് എന്നെ ആനയിച്ചു.
താലി കെട്ടുമ്പോൾ മണവാളൻ എന്റെ കാലിന്മേൽ ചവുട്ടിയോ എന്നൊരു സംശയം. മണ്ഡപത്തിൽ നിന്ന് ഇറങ്ങി. അച്ഛനെയും അമ്മയെയും മറ്റും കാൽ തൊട്ടു വന്ദിച്ചു. ജമീലു ഇത്താടെയും ജബ്ബാർക്കാടെയും കാൽ തൊട്ടു വന്ദിക്കാൻ കുനിഞ്ഞപ്പോൾ അത് തടഞ്ഞു കൊണ്ട് അവർ പറഞ്ഞത് ഈ ദിവസം അവരുടെയും ജീവിതത്തിലെ സന്തോഷമുള്ള ദിവസമാണെന്നാണ്.
കല്യാണം കഴിഞ്ഞു അത്താണിയിലെ വീട്ടിലേക്ക് എത്തിയപ്പോൾ അത്ഭുദപ്പെട്ടുപോയി. ഒരു വലിയ വീട്. ഇത്രയൊക്കെ ഐശ്വര്യം കിട്ടാൻ താൻ എന്ത് പുണ്യമാണ് ചെയ്തിട്ടുള്ളത് എന്ന് ആലോചിച്ചു.
കുറച്ചു നാളുകൾകൊണ്ട് ഒരു കാര്യം മനസ്സിലായി. മരുമകളെ സ്വന്തം മകളെ പോലെ കാണുകയും പെരുമാറുകയും ചെയ്യുന്ന ഒരമ്മയും അച്ഛനുമാണ് രവീന്ദ്രേട്ടന്റെത്.
==============================
മേമ്പൊടി:
ആയിരത്തിതൊള്ളായിരത്തി അറുപതിൽ ഇറങ്ങിയ ‘മൂടുപടം’ എന്ന മലയാളസിനിമയിൽ ആറ് വയസ്സ് പ്രായക്കാരായ ഒരു മുസ്ലിം വേഷം ധരിച്ച പെണ്‍കുട്ടിയും ഒരു ഹിന്ദു പെണ്‍കുട്ടിയും കൂടി അഭിനയിച്ചു ഡാൻസ് ചെയ്ത ഒരു പാട്ട് (എഴുതിയത്: പി. ഭാസ്കരൻ മാസ്റ്റെർ)
മാനത്തുള്ളോരു വലിയമ്മാവന്
മതമില്ലാ, ജാതിയുമില്ല,
ഓണത്തിന്നു കോടിയുടുക്കും
പെരുന്നാളിന്നു തൊപ്പിയിടും

Share This:

Comments

comments