പടക്ക കച്ചവടവും പലഹാര കച്ചവടവും (അനുഭവ കഥ)

0
775
മിലാല്‍ കൊല്ലം.
നമ്മുടെ നാട്ടിൽ ഈ ഓണവും വിഷുവും മറ്റും വരുമ്പോൾ മിയ്ക്കവാറും കടകളുടെ വെളിയിൽ ഒരു മേശയോക്കേ പിടിച്ചിട്ട്‌ ഒരു പടക്ക കച്ചവടം ഉണ്ട്‌.
എന്തൊരു തള്ളാണു അവിടെ. ചിലർ ഇഞ്ഞോട്ട്‌ വന്നിട്ട്‌ പറയും. ഡേയ്‌ ആ എലിവാണം ഒഴിച്ച്‌ ബാക്കി എല്ലാത്തിൽ നിന്നും കൂടി ഒരു നൂറുരൂപായ്ക്ക്‌ ഇഞ്ഞെടുത്തേ.
അപ്പോൾ കട മുതലാളി ഒരു പേപ്പർ ഇഞ്ഞോട്ട്‌ എടുത്ത്‌ കുമ്പിളു കുത്തി അതിലോട്ട്‌ പട പടാന്ന് എല്ലാത്തിൽ നിന്നും ഈരണ്ടും മുമ്മൂന്നും വാരിയിട്ട്‌ ചണം വച്ച്‌ ഒരു കെട്ടും കെട്ടി കൊടുക്കും. ഈ നൂറുരൂപായ്ക്ക്‌ പടക്കം വാങ്ങുന്നു എന്ന് പറഞ്ഞത്‌ എന്റെ കൊച്ചിലെ ഉള്ള കാര്യമാ. ഇപ്പോൾ നൂറുരൂപായ്ക്ക്‌ എന്ന് പറഞ്ഞാൽ ഒരു കൊരവാകുറ്റി കിട്ടും നൂറുരൂപയുടെ വെടി തീർന്നു.
ഇതെപോലെ ഒരു കച്ചവടമാണു റമദാൻ മാസം പിറന്നു കഴിഞ്ഞാൽ. വൈകുന്നേരങ്ങളിൽ ഓരോ കഫ്ടേറിയയുടെയും മുന്നിൽ ഓരോ മേശ പിടിച്ചിട്ട്‌ പലഹാരങ്ങൾ നിരത്തിവച്ചിട്ടുള്ള കച്ചവടം.
ചില ആൾക്കാർ വന്നിട്ട്‌ പറയുന്നത്‌ കേൾക്കാം. ഭായി സബ്‌ മിൽക്കേ ദസ്‌ ദറംസ്ക്കോ ദേതോ. അപ്പോൾ തന്നെ മുതലാളി ഒരു കവർ എടുത്ത്‌ എല്ലാത്തിൽ നിന്നും ഈരണ്ടും മുമ്മൂന്നും പറക്കിയിട്ട്‌ കുറേ പക്കുവടയും വാരിയിട്ട്‌ കുറേ ചെനഫ്രൈയും (കടല ഫ്രൈ) കൊടുത്ത്‌ വിടും.
പക്ഷേ ഒന്ന് പറയാമല്ലോ നമ്മൾ ഹിന്ദുക്കൾ അഥവാ നോയമ്പ്‌ പിടിയ്ക്കാത്തവർ വൈകുന്നേരങ്ങളിൽ വളരെ ഭക്തി ബഹുമാനത്തോട്‌ കൂടി വന്ന് ഈ പക്കുവടയും മറ്റും വാങ്ങും എന്നിട്ട്‌ റൂമിൽ കൊണ്ട്‌ വയ്ക്കും. നോയമ്പ്‌ തുറക്കുന്ന വാങ്ക്‌ വിളി കേൾക്കുമ്പോൾ ഒരു ചായയുമായി ഇതെടുത്ത്‌ കഴിയ്ക്കും. അങ്ങനെ നോയമ്പ്‌ പിടിയ്ക്കാത്ത നമ്മളും നോയമ്പ്‌ തുറക്കും. ഇങ്ങനെ ചെയ്യുന്ന എത്രയെങ്കിലും പേരേ എനിയ്ക്ക്‌ അറിയാം.
ഇതിനെല്ലാം കാരണം ഗൾഫ്‌ രാജ്യങ്ങളിൽ നോയമ്പ്‌ തുറക്കുന്ന സമയം എല്ലാവർക്കും അവധി ആയിരിയ്ക്കും. അതുകൊണ്ടാണു ഇതെല്ലാം സാദ്ധ്യം ആകുന്നത്‌.
എന്തായാലും ഈ പൊരിപ്പുകൾ എല്ലാം കൂടി ഒരു കവറിൽ എടുത്തു തരുന്നത്‌ കാണുമ്പോൾ എനിയ്ക്ക്‌ ഓർമ്മവരുന്നത്‌ മയ്യനാട്ട്‌ ചന്തമുക്കിൽ രാമേന്ദ്രേണ്ണൻ ഓണത്തിനു പടക്കം പൊതിഞ്ഞു തരുന്നതാണു.

Share This:

Comments

comments