ഗള്‍ഫിലെ എന്റെ ആദ്യത്തെ മൊബൈൽ ഫോണ്‍. (അനുഭവം)

0
559
 ഷെരീഫ് ഇബ്രാഹിം.
അന്നത്തെ ആ ഓർമ്മ വരാൻ കാരണം കോട്ടയം ജില്ലയിലെ ചെമ്പ് എന്ന ഗ്രാമത്തിലെ എന്നേക്കാൾ നാല് മാസം മാത്രം കുറവ് പ്രായമുള്ള ഒരു പനിപറമ്പിൽ ഇസ്മയിൽ മകൻ മുഹമ്മദ്‌കുട്ടിയുമായുള്ള പഴയ ഒരു മാഗസിനിലെ ഇന്റർവ്യൂ വായിച്ചത് കൊണ്ടാണ്. ആരാണീ മുഹമദ്കുട്ടി എന്ന് നിങ്ങൾ ആലോചിക്കുന്നുണ്ടാവും.. നിങ്ങൾക്ക് ആ പേര് പരിചിതമല്ലല്ലൊ? മമ്മുട്ടി എന്ന് പറഞ്ഞാലല്ലേ മനസ്സിലാവൂ.
മമ്മുട്ടി ആദ്യമായി മൊബൈൽ ഫോണ്‍ കാണുന്നത് അമേരിക്കയിൽ വെച്ചാണത്രേ. അദ്ദേഹം അമേരിക്കയിലെ ഒരു ഗസ്റ്റിന്റെ കാറിൽ ഇരിക്കുമ്പോഴാണ് ആദ്യമായി മൊബൈൽ കണ്ടത്. ആ മൊബൈലിൽ നിന്ന് നാട്ടിലേക്ക് ഫോണ്‍ ചെയ്യുകയും ചെയ്തു. ഇത് 1990ലാണത്രേ.
ഇനിയാണ് എന്റെ അനുഭവം എഴുതുന്നത്. മമ്മുട്ടി ഫോണ്‍ കാണുന്നതിന് മുമ്പ് 1988ഇൽ ഫോണ്‍ ഉപയോഗിച്ച എനിക്ക് അന്നത്തെ ആ ഫോണിനെ പറ്റി ചില കാര്യങ്ങൾ വായനക്കാരുമായി പങ്കു വെക്കുന്നു.
1987 മുതലാണ്‌ ഞാൻ ഷൈഖ് ഹമദ് ബിൻ ഹംദാൻ അൽ നഹിയാന്റെ മേനേജർ ആയി ജോലിയിൽ പ്രവേശിച്ച സമയം. അന്നൊക്കെ മൊബൈൽ ഫോണ്‍ അറബികൾക്ക് മാത്രം ലഭിച്ചിരുന്ന കാലം. എനിക്ക് മൊബൈൽ ഫോണ്‍ തരേണമെന്നത് എന്നെക്കാൾ ആവശ്യം ഷൈക്കിനായിരുന്നു. എന്നെ കിട്ടിയാൽ എല്ലാ ജോലികളും നിർദേശിക്കാമല്ലൊ? അത് വരെ പേജർ (ബ്ലീപ്പ്) സംവിധാനവും വയർലെസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിന് ചില പരിമിതികളൊക്കെയുണ്ടല്ലോ? എന്റെ കാറിന്റെ നമ്പറും മൊബൈൽ നമ്പറും പേജർ നമ്പറിന്റെയും താമസസ്ഥലത്തെ ഫോണ്‍ നമ്പറിന്റെയും ഒടുവിലെ അഞ്ച് അക്കം 22499 ആണ്. അന്നൊക്കെ UAE മൊബൈലിന് 5 അക്കം നമ്പർ ആണുള്ളത്.
അന്നത്തെ ഫോണ്‍ 30cm (12 ഇഞ്ച്‌) നീളവും 25cm (10 ഇഞ്ച്‌) വീതിയും 15 cm (6 ഇഞ്ച്‌) കനവും ഉള്ള ഒരു ബോക്സ്‌ ആയിരുന്നു. അറബികൾ ആ ബൊക്സിനെ കമ്പ്യൂത്തർ എന്നാണ് പറഞ്ഞിരുന്നത്. ആ ബോക്സ്‌ ഡിക്കിയിൽ ഫിറ്റ്‌ ചെയ്തിട്ടുള്ള ഒരു ക്ലാമ്പിൽ ഉറപ്പിക്കും. ആ ക്ലാമ്പിൽ നിന്നും മൂന്ന് കേബിൾ പോകും. ഒന്ന് കാറിന്റെ മുകളിൽ ഫിറ്റ്‌ ചെയ്തിട്ടുള്ള ഏരിയലിലേക്ക്. അടുത്തത് ബാറ്റെരിയിലേക്ക്. ഒടുവിലെ കേബിൾ സീറ്റിന്നടിയിലൂടെ ഡാഷ് ബോർഡിന്റെ സെന്റർ കണ്‍സോളിൽ ഗിയറിന്റെ അടുത്ത് ഫിറ്റ്‌ ചെയ്യുന്ന ഡയലറിലേക്ക്.
മാർക്കെറ്റ്, പാർക്ക് തുടങ്ങിയ സ്ഥലങ്ങളിൽ പോകുമ്പോൾ ഫോണ്‍ വന്നെന്നറിയാൻ ഫോണിന്റെ അടുത്ത് ഫിറ്റ്‌ ചെയ്യുന്ന മൈക്ക് വഴി കാറിന്റെ ബോണെറ്റിന്റെ ഉള്ളിൽ ഫിറ്റ്‌ ചെയ്തിട്ടുള്ള ലൌഡ് സ്പീക്കറിലൂടെ കേൾക്കും. അപ്പോൾ ഓടിപ്പോയി ഫോണ്‍ അറ്റൻഡ് ചെയ്യും. വളരെയധികം കാറുകൾ പാർക്ക് ചെയ്താലും വിരലിലെണ്ണാവുന്നവരിൽ മാത്രമേ മൊബൈൽ ഉണ്ടാവൂ. ഏതെങ്കിലും ഫ്ലാറ്റിലെക്കോ മറ്റോ പോവുകയാണെങ്കിൽ കാൾ ഡിവെർട്ട് ചെയ്യും. അന്നൊക്കെ UAEയിൽ പോലും ചില സ്ഥലങ്ങളിൽ (പ്രത്യേകിച്ച് മരുഭൂമികളിൽ) റെയ്ഞ്ച് ഇല്ലായിരുന്നു.
അന്നൊക്കെ ചില അറബികൾ കൊണ്ടുനടക്കാൻ വേണ്ടി ഒരു ബോക്സ്‌ വാങ്ങി അതിൽ ബേറ്ററിയടക്കം എല്ലാം ഫിറ്റ്‌ ചെയ്യിക്കും. ആ ബൊക്സിനു അപ്പോൾ 15 മുതൽ 20 കിലോ വരെ തൂക്കം ഉണ്ടാവും. അങ്ങിനെ കാറിൽ നിന്ന് ഇറങ്ങി അവരുടെ സ്ഥലത്തേക്ക് കൊണ്ട് പോകും. അതിന് ശേഷമാണ് അനീസ്‌ എന്നും ജവ്വാൽ എന്നും പേരുള്ള കയ്യിൽ കൊണ്ട് നടക്കാവുന്ന മൊബൈൽ ഫോണുകൾ ഇറങ്ങിയത്. അത് ബിൽറ്റ് ഇൻ സിം ആയിരുന്നു. അന്നൊക്കെ മോട്ടോറോള്ളയും എറിക്സനും (സോണി എറിക്സണ്‍ അല്ല – ജപ്പാനിലെ സോണിയും സ്വീഡാന്റെ എറിക്സനു കൂടിയാണ് സോണി എറിക്സണ്‍ ആയത്) ആയിരുന്നു പ്രധാന മൊബൈൽ കമ്പനികൾ. ഇതിൽ എറിക്സൺ കമ്പനിയാണ് വയർലെസ്സ് നിർമാതാക്കൾ.
അന്നൊക്കെ ഖത്തറിലേക്ക് പോയാൽ UAE റേഞ്ച് കിട്ടുമായിരുന്നില്ല. അതിന് ഞാൻ ഖത്തറിലെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പോസ്റ്റ്‌ ഓഫീസിലേക്ക് കാർ ഓടിച്ചു കയറ്റിയാൽ UAEയുടെ റേഞ്ച് കിട്ടുകയും ലോക്കൽ കാൾ ചാർജിൽ UAEയിലേക്ക് വിളിക്കാനും കഴിയുമായിരുന്നു. അതിന് ശേഷമാണ് സാറ്റലൈറ്റ് ഫോണ്‍ (ഇന്നത്തെ ഇന്റർനാഷണൽ റോമിങ്ങിന്റെ ആദ്യരൂപം) ഇറങ്ങിയത്. പിന്നീട് ആ ഫോണും എനിക്ക് കിട്ടി. അതിൽ നിന്ന് അന്നൊക്കെ ഞാൻ ചില യൂറോപ്പ്യൻ രാജ്യങ്ങളിൽ നിന്നും ഫോണ്‍ ചെയ്യുമ്പോൾ വ്യക്തമായി സംസാരം കേൾക്കാൻ കഴിയുമായിരുന്നില്ല.
അന്നൊക്കെ പലരും എന്റെ കാറിൽ കയറി ഫോണ്‍ ചെയ്യാറുണ്ട്. അത് കാണുമ്പോൾ അവരെക്കാൾ സന്തോഷം എനിക്കുണ്ടാവാറുണ്ട്. നമ്മുടെ മമ്മുട്ടി അമേരിക്കയിൽ വെച്ച് ഫോണ്‍ ചെയ്തപ്പോൾ മമ്മുട്ടിക്കുണ്ടായ സന്തോഷം ആ ഇന്റർവ്യൂവിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. തീർച്ചയായും ആ ഫോണിന്റെ ഉടമസ്ഥനും ആ സന്തോഷം ഉണ്ടായിരിക്കുമല്ലോ? അതേ സന്തോഷമാണ് എനിക്കും ഉണ്ടായത്, പ്രത്യേകിച്ച് ബിൽ അടക്കുന്നത് ഓഫീസിൽ നിന്നായത് കൊണ്ട്.

Share This:

Comments

comments