അനാഥരുടെ അവകാശം. (കഥ)

0
908
ഷെരീഫ് ഇബ്രാഹിം.
അജ്മാനിൽ നിന്നും ഇക്ക വരുന്ന ദിവസമാണ്. മുമ്മൂന്ന് മാസം കൂടുമ്പോൾ ലീവ് ഉണ്ടെങ്കിലും മൂന്ന് മാസം പോകുന്നത് മൂന്ന് വർഷം കഴിയുന്നത് പോലെ തോന്നാറുണ്ട്. എയർപോർട്ടിൽ ചെല്ലേണ്ട, നേരിട്ട് ഇങ്ങോട്ട് വരാമെന്ന് പറഞ്ഞതനുസരിച്ച് കാലത്ത് മുതൽ ഞാനും കുട്ടികളും ഇക്കാനെ കാത്തിരിക്കുകയാണ്. ഏതോ ഒരു കാർ അകലെ നിന്നും വരുന്നത് കണ്ടു. അത് ഇക്കയായിരിക്കും എന്ന് പ്രതീക്ഷിച്ചു. പക്ഷെ, ഇക്ക ആയിരുന്നില്ലത്.
ഒരുത്തനെ തന്നെ നിനച്ചിരുന്നാൽ,
വരുന്നതെല്ലാമവനെന്നു തോന്നും.
എന്ന് കവി പാടിയത് എത്ര ശെരിയാണ്.
കുറച്ചു സമയത്തിന്നു ശേഷം ഇക്ക അംബാസ്സടർ കാറിൽ എത്തി. ഇക്ക കാറിന്റെ മുകളിലുള്ള പെട്ടികൾ ഇറക്കി.
‘ഉപ്പച്ചീ… ഞാൻ കത്തിൽ എഴുതിയ മിഠായി കൊണ്ട് വന്നില്ലേ?’ ഇളയ മകൾ ഷെമീറാടെ ചോദ്യം.
‘ഉവ്വെന്ന് മറുപടി കൊടുത്തു.
സമയം കാലത്ത് എട്ടു മണി ആയിട്ടുണ്ട്‌. ദോശയും ചായയും ഇക്കാക്ക് കൊണ്ട് കൊടുത്തു. യാത്രാക്ഷീണമുണ്ട് ഉറങ്ങട്ടെ എന്നും പറഞ്ഞു ഇക്ക ഉറങ്ങാൻ പോയി. കുട്ടികൾ രണ്ടു പേരും സ്കൂളിലേക്കും പോയി.
ഏകദേശം ഒരു മണി ആയപ്പോൾ ഇക്ക എഴുനേറ്റു വന്നു. ഇക്കാക്കിഷ്ട്ടപ്പെട്ട കായൽ മീൻ കറി വെച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ വില കൂടിയ ബെൻസ്‌ കാറിൽ കുറച്ചാളുകൾ വന്നു.
‘ജബ്ബാറേ, ഞങ്ങൾ ഒരു യത്തീം ഖാനയുടെ പിരിവിന്നായി വന്നതാണ്. യത്തീമുകളെ സഹായിച്ചാലുള്ള പുണ്യം അറിയാമല്ലോ?’
വന്നവർ അനാഥശാലയുടെ പിരിവിന് വന്നതാണത്രേ.
‘അല്ല, ഉസ്താദുമാരെ ഈ ലക്ഷക്കണക്കിന്നു വിലയുള്ള കാർ ആരുടെതാണ്?’ ഇക്കാടെ ചോദ്യം
‘അത് ഈ ഷൈക്കുന ഉസ്താദിന്റെ ആണ്’ അവിടെയുള്ള ഒരു വലിയ ഉസ്താദിനെ ചൂണ്ടി ഒരു ഉസ്താദ് പറഞ്ഞു
‘ഈ കാർ സ്വന്തം കാശ് കൊടുത്തു വാങ്ങിയതാണോ?’ ആ ചോദ്യം അവർക്ക് ഇഷ്ടപ്പെട്ടിട്ടില്ലെന്ന് മുഖഭാവം കണ്ടാൽ അറിയാം. എങ്കിലും മറുപടി മറ്റൊരു രൂപത്തിൽ കിട്ടി.
‘ഇതൊക്കെ സ്വന്തമായി വാങ്ങാൻ ഞങ്ങൾക്ക് എവിടെയാ കാശ്?’
ഞാൻ അകത്തേക്ക് പോയി. കുറച്ചു കഴിഞ്ഞപ്പോൾ ഇക്ക എന്നെ വിളിച്ചു. ഞാൻ ചെല്ലുമ്പോൾ ഉസ്താദുമാരൊന്നും അവിടെ ഉണ്ടായിരുന്നില്ല. ഞാൻ ഇക്കാടൊന്നും ചോദിച്ചില്ല.
ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഒന്ന് മയങ്ങുന്ന സ്വഭാവം ഇക്കാക്കുണ്ട്. അത് എല്ലാ പേർഷ്യക്കാർക്കും ഉണ്ടെന്നാണ് ഇക്ക പറയുന്നത്. ഒരാഴ്ചത്തെ ലീവിന് വന്ന ആളല്ലേ. എങ്കിലും ഞാൻ പറഞ്ഞു…
‘ഇക്കാ, ഇക്കാടെ കൂടെ മദ്രസയിലും സ്കൂളിലും പഠിച്ചിരുന്ന നാസ്സർ മക്കയിൽ വെച്ച് മരിച്ചത് ഇക്ക അറിഞ്ഞില്ലേ?’
‘ഉവ്വ്, എനിക്ക് നാസ്സറിന്റെ ഉമ്മ ഒരു പാട് ചോറ് തന്നിട്ടുണ്ട്. എന്തായാലും നമുക്ക് നാസ്സറിന്റെ വീട്ടിൽ പോണം, ആ ഉമ്മാനെ ഒന്ന് കാണണം. ഇപ്പോൾ തന്നെ പോകാം’ ഇതായിരുന്നു ഇക്കാടെ മറുപടി.
‘അപ്പോൾ ഇക്കാക്ക് ഉറങ്ങണ്ടേ?’
‘വേണ്ട. അവിടെ പോകലാണ് പ്രധാനകാര്യം’ അത് പറഞ്ഞ് ഇക്ക കൂട്ടിച്ചേർത്തു ‘കുറച്ചു മിഠായിയും ഡ്രെസ്സും അത്തറുകളും ഒരു കിറ്റിൽ ആക്ക്. നീ വേഗം റെഡി ആവണം’
ഞാൻ വേഗം റെഡി ആയി.
ഉച്ചക്ക് ഉറങ്ങാതെ കാർ ഓടിച്ചാൽ പ്രശ്നമല്ലേ? ഇക്കാടെ ഉച്ചക്കലെ ഉറക്കത്തെപ്പറ്റി അറിയാവുന്നത് കൊണ്ട് ഞാൻ ചോദിച്ചു.
‘എന്റെ സാറാ, നീയൊന്ന് കേറിക്കെ..’
ഞാൻ കൂടുതലൊന്നും പറഞ്ഞില്ല. അല്ലെങ്കിൽ തന്നെ ഇക്കാക്ക് മൂക്കത്താണ് ശുണ്ടി. ഉള്ളിൽ സ്നേഹമുണ്ട്. പുറത്തു കാണിക്കില്ലെന്ന് മാത്രം.
ഇക്കാനെ കണ്ടപ്പോൾ നാസ്സറിന്റെ ഉമ്മ കരയാൻ തുടങ്ങി. ഒരു പക്ഷെ മകനെ ആലോചിച്ചിട്ടാവും.
ഇക്ക അവർക്ക് കൊണ്ട് വന്ന സാധനങ്ങൾ ഞാൻ അവരുടെ കയ്യിൽ കൊടുത്തു. അവരത് വാങ്ങിയിട്ട് എന്നോട് സ്വകാര്യമായി ഒരു കാര്യം പറഞ്ഞു.
‘മോളെ, ഒന്നും തോന്നരുത്… മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടി യാചിക്കേണ്ട ഗതികേട് വരുത്തല്ലേ എന്നാണ് അല്ലാഹുവിനോട് നമ്മൾ എപ്പോഴും പ്രാർഥിക്കുന്നത്. മോള് തന്ന സാധനങ്ങൾ എവിടെ കൊണ്ട് വിറ്റാലാണ് ഭക്ഷണത്തിന്നുള്ള സാധനങ്ങൾ കിട്ടുക? ഇവിടെ മൂന്നു നേരവും കഞ്ഞിയാണ് മോളെ… എന്റെയും നാസറിന്റെ കേട്ട്യോളുടെയും കാര്യം പോട്ടെ… ഞങ്ങൾ മുണ്ട് മുറുക്കി ഉടുത്ത് കഴിഞ്ഞോളാം… പക്ഷെ നാസ്സറിന്റെ ആറു വയസ്സായ മോളുടെ കാര്യം ആലോചിക്കുമ്പോഴാണ് വിഷമം. ഇന്ന് വപ്പടം ഇല്ലാതെയാ എന്റെ മോള് കഞ്ഞി കുടിച്ചു പോയത്……’ പിന്നെ ആ ഉമ്മാക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല…
എന്നിട്ട് കരഞ്ഞു കൊണ്ട് തന്നെ തുടർന്നു ‘മോളെ, വിഷം വാങ്ങി ജീവിതം അവസാനിപ്പിച്ചാലോ എന്ന് തോന്നിയിട്ടുണ്ട്.. പക്ഷെ, അങ്ങിനെ ചെയ്‌താൽ നരകമാണല്ലോ കിട്ടുക എന്നോർത്ത് ……’ ആ ഉമ്മാടെ വാക്കുകൾ മുറിഞ്ഞു. ഞാൻ ആ ഉമ്മാനെ കെട്ടിപ്പിടിച്ച് കരഞ്ഞു.
കുറച്ചു കഴിഞ്ഞു ഞാൻ ഇക്കാടെ അടുത്തേക്ക് പോയി.
‘ഇക്കാ, ഒന്ന് പുറത്തേക്കു പോയി കുറച്ചു സാധനങ്ങൾ വാങ്ങാം’
‘സാധനങ്ങൾ നമുക്ക് ടൌണിൽ നിന്ന് വാങ്ങിയാൽ പോരെ?’ ഇക്കാടെ മറുചോദ്യം.
‘അതല്ല, വേറെ ഒരു കാര്യമുണ്ട്. ഇക്ക വായോ’ ഞാൻ വീണ്ടും പറഞ്ഞു
‘അവരോടു യാത്ര പറയേണ്ടേ?’
‘അതിന് നമ്മൾ പോയിട്ട് വീണ്ടും ഇങ്ങോട്ട് തന്നെ വരും’
ഇക്ക പിന്നെ ഒന്നും പറഞ്ഞില്ല.
ഞങ്ങൾ അടുത്തുള്ള അങ്ങാടിയിൽ പോയി കുറെ പലച്ചരക്കു സാധനങ്ങളും കോഴിയും കുറച്ച് ഫ്രൂട്ട്സും വാങ്ങി വീണ്ടും നാസ്സറിന്റെ വീട്ടിലേക്ക് പോയി.
അവർക്കത് കൊടുക്കുമ്പോൾ അവരുടെ കണ്ണിൽ സന്തോഷത്തിന്റെ അശ്രു ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു.
കുറച്ച് കഴിഞ്ഞപ്പോൾ സ്കൂൾ വിട്ട് നാസ്സറിന്റെ മകൾ വന്നു. ഇക്ക ആ കുട്ടിയെ അടുത്തേക്ക് വിളിച്ചു. അവൾ ഒഴിഞ്ഞു മാറി. ഞാനവളെ എടുത്ത് ഇക്കാടെ അടുത്ത് കൊണ്ട് പൊയിട്ട് പറഞ്ഞു. ‘മോളെ ഇത് മോളുടെ മാമയാണ്’
അത് കേട്ടപ്പോൾ അവൾ ഇക്കാടെ അടുത്ത് ചെന്നു. ഇക്ക അവളെ മടിയിലിരുത്തി.
‘മാമ പേർഷ്യക്കാരനാ?’
‘അതെ മോളെ, മോൾക്കതെങ്ങിനാ മനസ്സിലായെ?’
‘എന്റെ ഉപ്പ പേർഷ്യയിൽ നിന്നും വരുമ്പോൾ ഇത് പോലെ നല്ല അത്തറിന്റെ മണമുണ്ടാവും.’ ഒന്ന് നിറുത്തിയിട്ടു അവൾ തുടർന്നു ‘മാമ, എന്റെ ഉപ്പ എന്തെ വരാത്തെ?ഉപ്പ എനിക്ക് ഉടുപ്പ് വാങ്ങി വരാമെന്ന് പറഞ്ഞ് പോയതാ.. ഉപ്പാനെ കണ്ടാൽ ചിന്നു മോള് പിണങ്ങീന്ന് പറയണം’
മനസ്സിന്റെ ഉള്ളിലൊരു നെരിപ്പോട്. ജീവിതത്തിൽ ഇത്തരം സന്ദർഭങ്ങളുണ്ടാവുമ്പോഴാണ്‌ അല്ലാഹുവിനെ നാം ഓർക്കുന്നത്. നമുക്ക് അല്ലാഹു തന്ന ഐശ്വര്യത്തിനു നന്ദി പറയാൻ തോന്നുന്ന നിമിഷങ്ങളാണ് ഇതെല്ലാം.
ഞാൻ കൂടെ അടുക്കളയിൽ ചെന്ന് ഭക്ഷണം ഉണ്ടാക്കുന്നതിനു സഹായിച്ചു. ഞാൻ തന്നെ ചിന്നു മോൾക്കും ഉമ്മാക്കും ചോറ് വാരി കൊടുത്തു. ചോറ് കഴിക്കുമ്പോൾ ഉമ്മാടെ കണ്ണിൽ നിന്നും കണ്ണീർ പാത്രത്തിലേക്ക് വീണു.
‘മോളെ, രാത്രി പുറത്തൊക്കെ എന്തെങ്കിലും ശബ്ദം കേൾക്കുമ്പോൾ വളരെ പേടിയാണ്. ആരോഗ്യമില്ലാത്ത, രോഗിയായ ഒരു ഭർത്താവോ മകനോ ഉണ്ടെങ്കിൽ ഒരു സമാധാനമാണ്. പക്ഷെ ഇപ്പോൾ നല്ല ധൈര്യമായിട്ടുണ്ട്’. എന്നിട്ട് ആ ഉമ്മ കൂട്ടിച്ചേർത്തു ‘മോളെ, ജബ്ബാറിനെ ഒന്ന് വിളിച്ചേ’
ഇക്ക ഉമ്മാടെ അടുത്തേക്ക് ചെന്നു. ഇക്ക ഉമ്മാടെ അടുത്തിരുന്നു. രണ്ടു പേരും കെട്ടിപ്പിടിച്ച് കുറെ കരഞ്ഞു. ഇത് കണ്ടപ്പോൾ എന്റേയും കണ്ണ് നിറഞ്ഞു.
‘ഉമ്മ, നിങ്ങൾ ഇനി ഒന്ന് കൊണ്ടും വിഷമിക്കേണ്ട. എനിക്ക് സമ്പത്തും ആരോഗ്യവുമുള്ള കാലം ഉമ്മാടേയും ഈ കുടുംബത്തിന്റെയും എന്ത് പ്രശ്നങ്ങളും ഞാൻ നോക്കും, ഇൻശാഅല്ലാഹ്’
‘ഉമ്മച്ചീ.. ഈ ആപ്പിളിന്നു എന്ത് രുചിയാ.. ഒരീസം ക്ലാസ്സിലെ റുക്കിയ ആപ്പിൾ കൊണ്ടന്ന് തിന്നുന്നത് കണ്ടപ്പോൾ എനിക്ക് വലിയ കൊതിയായി. അവളോട്‌ ചോദിച്ചിട്ടും അവൾ തന്നില്ല.. ഈ മാമ നല്ല മാമയാ.’ ചിന്നുവിന്റെ നെഞ്ചിൽ തറക്കുന്ന വാക്കുകൾ.
കുറച്ചു സമയങ്ങൾക്ക്‌ ശേഷം, പിന്നീട് വരാമെന്ന് പറഞ്ഞ് ഞങ്ങൾ ഇറങ്ങി.
കുറച്ചു ദൂരം കാർ ഡ്രൈവ് ചെയ്തപ്പോൾ ഇക്ക എന്നോട് ചോദിച്ചു എന്താണ് ആ ഉമ്മ പറഞ്ഞതെന്ന്. ഞാനത് പറഞ്ഞപ്പോൾ ഇക്ക കാർ ഒതുക്കി നിർത്തി സ്റ്റീയരിംങ് വീലിൽ തലവെച്ചു കരയാൻ തുടങ്ങി.
‘ന്റെ റബ്ബേ ഞാനെന്താണീ കേൾക്കുന്നത്?ഈ ദുനിയാവിൽ ഇങ്ങിനെയും ദു:ഖമുള്ള മനുഷ്യരോ? എനിക്കാലോചിക്കാൻ വയ്യ’
‘ഇക്കാ, വിഷമിക്കേണ്ട. നമുക്ക് ഇനി അവരെ സഹായിക്കാമല്ലൊ?’
ഇക്ക മുഖമുയർത്തി എന്നെ നോക്കി പറഞ്ഞു … ‘നീയും കരയുകയാണ്..’
അത് ശെരിയായിരുന്നു… ഞാനും കരയുകയായിരുന്നു.
അപ്പോഴും കാറിലെ സ്റ്റീരിയൊവിൽ മാപ്പിള പാട്ട് കേൾക്കുന്നുണ്ടായിരുന്നു.
യത്തീമിനെത്താണീ ഏകിക്കൊണ്ടത്താഴം
എത്തിക്കുന്നോർക്കള്ളാ വർഷിക്കും സഹായം
മുത്ത്‌ റസൂലിന്റെ മൊഴികളറിഞ്ഞുള്ള
മുത്തഖീങ്ങൾക്കാണ് സ്വർഗത്തീലത്താഴം
ആലംബഹീനർക്ക് രക്ഷകൊടുക്കേണം
ആരംഭത്വാഹാവിൻ അരുൾ നമ്മളോർക്കേണം
അവശരെക്കണ്ണീരൊപ്പുന്നോർക്കെല്ലാർക്കും
അല്ലാഹു നൽകീടും കാരുണ്യം ഓശാരം
പിരിശത്തീലെല്ലാരും കൈകോർത്ത്‌ നിന്നോളീ
പരിശുദ്ധ നൂറിന്റെ മാർഗത്തിൽ വന്നോളീ
കരയുന്ന കൽബുകൾ കണ്ടിട്ടറിഞോളീ
കനിവിന്റെ കണ്ണീരൊപ്പാൻ മുന്നാലെ നിന്നോളീ
{ആശയം – കടപ്പാട്}
———————————————————
മേമ്പൊടി:
യത്തീമീങ്ങൾക്ക് (അനാഥർക്കു) നാം കൊടുക്കുന്നത് അവരുടെ അവകാശമാണ്, അല്ലാതെ നമ്മുടെ ഔദാര്യമല്ല എന്ന് വിശുദ്ധ ഖുറാൻ ആച്ഞാപിക്കുന്നു.

Share This:

Comments

comments