കൊല. (കവിത)

0
668
സജി വർഗീസ്.
കന്നു നട്ടു,
വെള്ളമൊഴിച്ചു,
വളമിട്ടു,
നാമ്പു വളരുന്നതു നോക്കി നിന്നു,
വാഴ വളർന്നു,
ആവശ്യക്കാർ ഇല മുറിച്ചു സദ്യയൊരുക്കി;
കൊലവെട്ടി പഴുപ്പിച്ചു തിന്നു,
അയാൾ വെള്ളവും വളവും നൽകി
വളർത്തിയവന്റെ കൈകാലുകൾ വെട്ടിമാറ്റിയിരുന്നു,
വെട്ടിമാറ്റിയ ഇലയിൽ അടിയന്തിര ചോറുവിളമ്പി,
രക്തസാക്ഷിയെന്നാരോ പറഞ്ഞു,
ബലിദാനിയെന്നു മറ്റു ചിലർ;
അയാൾക്കൊന്നുമറിയില്ലായിരുന്നു,
പഴുപ്പിച്ചു തിന്നാമായിരുന്നില്ലേയെന്നയാൾ പിറുപിറുത്തു,
നേതാക്കന്മാർ ചോറും പഴവും തിന്നേമ്പക്കവുംവിട്ട് പോയി;
ആരോ നട്ടുവളർത്തിയതല്ലേ,
ഒന്നു ചീഞ്ഞാലേ മറ്റൊന്നിനു വളമാകുമെന്നാരോ പറഞ്ഞതു കേട്ടയാൾ പൊട്ടിച്ചിരിച്ചു.

 

Share This:

Comments

comments