ജോണ്‍സണ്‍ ചെറിയാന്‍.
ഫോമാ ട്രഷററായി തെരെഞ്ഞെടുക്കപ്പെടുകയാണെങ്കിൽ സംഘടനയോടുള്ള വിധേയത്വവും, പ്രവർത്തനത്തിലുള്ള മികവും തെളിയിക്കാനാകുമെന്ന് ഫോമാ ട്രഷറർ സ്ഥാനാർഥി ഷിനു ജോസഫ്. ട്രഷറർ സ്ഥാനത്തിന്‍റെ പരിധിക്കുള്ളിൽ നടപ്പിലാക്കാവുന്ന കാര്യങ്ങളിൽ പൂർണത കൈവരിക്കാവുമെന്ന ഉറപ്പുണ്ട്. അർഹതക്ക് അംഗീകാരമായാണ് തന്‍റെ മാതൃസംഘടനയായ യോങ്കേഴ്‌സ് മലയാളി അസ്സോസിയേഷന്‍റെ ചരിത്രത്തിൽ ആദ്യമായി തുടർച്ചയായി രണ്ടാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഷിനു ജോസഫുമായി സുനിൽ തൈമറ്റവും , രാജു പള്ളത്തും നടത്തിയ അഭിമുഖം;
*പൊതുപ്രവർത്തനരംഗത്തേക്കുള്ള കടന്നുവരവ്??
സ്കൂൾ വിദ്യാഭാസകാലത്തു തന്നെ വിദ്യാർത്ഥി പ്രസ്ഥാനത്തിൽ സജീവമായിരുന്നു. തുടർന്ന് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ കെ.എസ്.യു യൂണിറ്റ് പ്രസിഡണ്ട് ,അസോസിയേഷൻ സെക്രട്ടറി,കോളേജ് മാഗസിൻ എഡിറ്റർ എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. പിന്നീട് കെ.എസ്.യു താലൂക്ക് പ്രസിഡണ്ടായി. ഉപരിപഠനത്തിനു ശേഷം 2002 ൽ അമേരിക്കയിലെത്തി. 2007 ൽ യോങ്കേഴ്‌സ് മലയാളി അസ്സോസിയേഷന്‍റെ കമ്മറ്റി അംഗമായി. 2008 ഫോമാ കേരള കൺവെൻഷൻ മുതൽ സംഘടനയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു.
*സംഘടനാ പ്രവർത്തനങ്ങൾ ???
യോങ്കേഴ്‌സ് മലയാളി അസ്സോസിയേഷന്‍റെ സെക്രട്ടറിയും, 2017 ൽ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. 2018 ലേക്ക് വീണ്ടും പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. കൂടാതെ ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ഓഫ് വെസ്റ്ചെസ്റ്റർ പ്രസിഡന്റായും, സെക്രട്ടറിയുമായി പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം വെസ്റ്റ്ചെസ്റ്റർ വൈസ്മെൻസ് ക്ലബ് ചാരിറ്റി ഫണ്ട് റേയ്‌സിംഗ് ചെയർമാനായും പ്രവർത്തിച്ചു. ഈ കാലയളവിലെല്ലാം ഫോമായുടെ റീജിയൻ തലത്തിലുള്ള പ്രവർത്തങ്ങളിൽ സജീവമായിരുന്നു. ഫോമയുടെ റീജിയണൽ കാൻസർ സെൻറർ പ്രൊജക്ടിന് വേണ്ടി പ്രവർത്തിക്കാൻ സാധിച്ചു. ഈ മേഖലയിലെ സജീവ പങ്കാളിത്തം ഉറപ്പാക്കി.
*നിലവിലുള്ള സാഹചര്യത്തിൽ നിങ്ങളുടെ പാനൽ വിജയിച്ചാൽ, താക്കോൽ സ്ഥാനങ്ങളെല്ലാം ന്യൂയോർക്കിനാവില്ലേ ???
പാനൽ എന്നൊന്ന് ഇല്ല .ഞാനും പ്രസിഡണ്ട് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജോൺ സി വർഗീസും പരസ്പരം പിന്തുണക്കുന്നു.. ലോകത്തിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിൽ കൺവെൻഷൻ നടക്കുമ്പോൾ പ്രധാനസ്ഥാനങ്ങളുള്ളവർ ഒന്നിച്ചാവുന്നതു നല്ലതാണ്. പ്രസിഡന്റിനോട് ചേർന്ന് പ്രവർത്തിക്കണ്ടയാളാണ് ട്രഷറർ . അക്കൗണ്ട് നോക്കുക എന്നത് മാത്രമല്ല ട്രഷററുടെ ജോലി. അതിനാണെങ്കിൽ ഒരു അക്കൗണ്ടന്റിനെ വെച്ചാൽ മതി. ഫണ്ട് റെയ്സിങ് , പ്രോഗ്രാം കോർഡിനേഷൻ ഉൾപ്പെടെ പ്രസിഡന്റുമായി തോളോട് തോൾ ചേർന്ന് പ്രവർത്തിക്കണം.
*തെരഞ്ഞെടുക്കപ്പെട്ടാൽ ???
ഫോമയുടെ അക്കൗണ്ട് സുതാര്യമാക്കും. ദൈനംദിനചിലവുകൾ ഉൾപ്പെടെ എക്സിക്യൂട്ടീവ് കമ്മറ്റിക്ക് പരിശോധിക്കാവുന്ന ഓൺലൈൻ അക്കൗണ്ടിങ് സിസ്റ്റം നടപ്പിലാക്കും. ഫോമാ ചാരിറ്റി ഫണ്ടിലേക്കു അമേരിക്കയിലെ കോർപ്പറേറ്റ് കമ്പനികളുടെ ഫണ്ട് ലഭ്യമാക്കാൻ ശ്രമിക്കും. ഇതിനുള്ള ചർച്ചകൾ നടത്തിയിട്ടുണ്ട്. റീജിയനുകളുടെ പ്രവർത്തനത്തിന് നാഷണൽ ലെവലിൽ ഫണ്ട് കണ്ടെത്താൻ ശ്രമിക്കും.
സത്യസന്ധത,സുതാര്യത,കാര്യക്ഷമത -ഇതാണ് എൻ്റെ എളിയ വാഗ്ദാനം.
കമ്പ്യൂട്ടർ എഞ്ചിനീയർ ആയി അമേരിക്കയിലെത്തി ബിസിനസിലേക്ക് മാറി. കോതമംഗലം സ്വദേശം.
ഫോമാ വിമൻസ് ഫോറം റീജിണൽ കോ:ഓഡിനേറ്റർ ഡോണാ ജോസ് ആണ് ഭാര്യ . മക്കൾ: ഷെൽഡൺ, റയ്ഹാൻ , ആഷ്ടൺ .