ജെനി പോള്‍.
യൂദാസ്.
യേശുവിനെ ഒറ്റിക്കൊടുത്തവന്‍ ആയിരുന്നു യൂദാസ്
യേശുവിനെ ഏറ്റവും കൂടുതല്‍ വിശ്വസിച്ചവനും..
ഒരു ചുംബനത്തിൽ ഒറ്റികൊടുത്തിട്ടും , ഗാഗുല്ത്തായിലെക്കുള്ള യാത്രയില്‍ ഒരു അത്ഭുതം സംഭവിക്കുമെന്ന് അവന് പ്രതീക്ഷിച്ചിരുന്നു. പടയാളികളുടെ പീഡനത്തില്‍, ദേശക്കാരുടെ പരിഹാസങ്ങളില്‍ നോക്കി, ചിരിച്ചുകൊണ്ട് തിരിച്ചിറങ്ങി വരുന്ന ഒരു കര്‍ത്താവിന്റെ കാലുകളില്‍ വീണു മാപ്പ് പറഞ്ഞ് കണ്ണുനീര് കൊണ്ട് ആ കാല്പാദം കഴുകാന്‍ കാത്തിരുന്ന ഒരു വിശ്വാസി. ..എത്രയോ പേരെ മരണത്തില്‍ നിന്നും ഉയിര്‍പ്പിച്ചവനെ ആര്‍ക്കു എന്ത് ചെയ്യാന്‍ കഴിയുമെന്ന നിസീമമായ വിശ്വാസവും , യെരുശലെമിലെ വരണ്ട കാറ്റില്‍ കുളിര്‍മഴ പെയ്യിച്ചവനോടുള്ള അദമ്യമായ ഭക്തിയുടെയും മുന്നില്‍, ആകാശത്തേക്കുയര്‍ത്തപ്പെട്ട കുരിശും , അതില്‍ തൂങ്ങി കിടക്കുന്ന കുഞ്ഞാടും അവന്റെ ഹൃദയം നുറുക്കി..
ഈ നീതിമാനെ ക്രൂശിക്കരുതെന്നു ആരെങ്കിലും ഒന്നു വിളിച്ചു പറഞ്ഞിരുന്നെങ്കില്‍, എന്റെ റബ്ബി ഒരു നിമിഷം വാക്കൊന്നു മാറ്റിപ്പറഞ്ഞ് തിരിച്ചിറങ്ങി വന്നിരുന്നെങ്കില്‍… എന്റെ പാപം പൊറുത്തു മാറോടണച്ചേനെ,ഒരു കരണത്തടിച്ചാല്‍ മറു കരണം കാണിച്ചുകൊടുക്കണം എന്നു പഠിപ്പിച്ച എന്റെ ഗുരുവെന്നോട് പൊറുത്തേനെ , അദ്ദേഹത്തിനേ അതിനു സാധിക്കൂ…
തീവ്രനൊമ്പരത്താല്‍ ആടിയുലഞ്ഞു, തിരിഞ്ഞു നടന്നു, മുപ്പതു വെള്ളികാശവന് വലിച്ചെറിഞ്ഞു… അനുതാപത്തിന്റെ തൂക്കുകയര്‍ സ്വയം വരിച്ചു..
ഇവനോളം വിശ്വാസിച്ചവന്, ഇവനോളം അനുതപിച്ചവര് ആരുണ്ട്…
പീഡാനുഭവം പൂര്‍ത്തിയാകുവാന്‍ ക്രിസ്തു തിരഞ്ഞെടുത്ത ഒരു രക്തസാക്ഷി മാത്രമല്ലേ യൂദാസ്.
ഇവനാണ് എന്നെ ഒറ്റുകൊടുക്കേണ്ടവന്‍, തന്നെ ശരിക്കും മനസ്സിലാക്കിയവന് എന്നു തീരുമാനിച്ചതും എല്ലാമറിയുന്നവന് തന്നെയല്ലേ…