നാല് ദിവസം നീണ്ട നിശബ്ദതയ്ക്ക് ശേഷം സക്കര്‍ബര്‍ഗിന്റെ ക്ഷമാപണം; ഇനി അത്തരത്തിലൊരു പിഴവ് ഉണ്ടാവില്ലെന്നും ഉറപ്പ്.

0
608
ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂയോര്‍ക്ക്:നാല് ദിവസം നീണ്ട നിശബ്ദതയ്ക്ക് ശേഷം ഫേസ് ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ക്ഷമാപണവുമായി ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റിന്റെ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് രംഗത്ത്. തന്റെ ഫേസ് ബുക്ക് അക്കൗണ്ടിലൂടെയാണ് സക്കര്‍ബര്‍ഗിന്റെ മാപ്പുപറച്ചില്‍. തങ്ങള്‍ക്ക് തെറ്റ് പറ്റിയെന്നും ഇനി അത്തരത്തിലൊരു പിഴവ് ഉണ്ടാവില്ലെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കി. തങ്ങള്‍ക്ക് കൂടുതലായി പലതും ചെയ്യാനുണ്ടെന്നും അദ്ദേഹം സമ്മതിച്ചിട്ടുണ്ട്.
2014 ല്‍ സുപ്രധാനമായ ചില നടപടികള്‍ തങ്ങള്‍ എടുത്തിരുന്നു. എന്നാല്‍, അത് നിലവില്‍ വരാന്‍ ഒരു കൊല്ലം എടുത്തുവെന്നും അതുകൊണ്ടാണ് കേംബ്രിഡ്ജ് അനലിറ്റിക്ക പോലുള്ള സ്ഥാപനങ്ങള്‍ക്ക് സ്വകാര്യ ഡേറ്റയിലേയ്ക്ക് നുഴഞ്ഞു കയറാനായതെന്നും അദ്ദേഹം തുറന്നുപറഞ്ഞു.
രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഫേസ് ബുക്കിലെ 50 മില്യണ്‍ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ബ്രിട്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. 2016ല്‍ അമേരിക്കയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ ഫേസ് ബുക്കിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് സംശയം.
ഫേസ് ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുകയെന്നത് ഫേസ് ബുക്കിന്റെ ഉത്തരവാദിത്തമാണ്. അതിന് കഴിയാതെ വന്നാല്‍ നിങ്ങളെ സേവിക്കാന്‍ ഞങ്ങള്‍ക്ക് അര്‍ഹതയില്ലെന്നാണ് കരുതേണ്ടതെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. ഇപ്പോള്‍ സംഭവിച്ചത് വലിയൊരു പിഴവാണ്. ഇനി അത്തരമൊരു പിഴവ് ഫേസ് ബുക്കിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്ന് ഉറപ്പ് നല്‍കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Share This:

Comments

comments