Devayani12

ദേവയാനിയുടെ പേരില്‍ ഇന്ത്യയില്‍ വിവിധയിടങ്ങളിലായി 1.78 കോടി രൂപയുടെ വസ്‌തുവകകള്‍ .

December 20, 2013

ദേവയാനിയുടെ പേരില്‍ ഇന്ത്യയില്‍ വിവിധയിടങ്ങളിലായി 1.78 കോടി രൂപയുടെ വസ്‌തുവകകള്‍ .

************************************

ഡല്‍ഹി : അറസ്റ്റിലായ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗാഡയുടെ പേരില്‍ ഇന്ത്യയില്‍ വിവിധയിടങ്ങളിലായി 1.78 കോടി രൂപയുടെ വസ്‌തുവകകള്‍ . ഫ്ലാറ്റുകളും ഭൂമിയുമായി 11 വസ്‌തുവകകളാണ്‌ ദേവയാനിയുടെ പേരിലുള്ളത്‌. ഇതില്‍ കേരളത്തില്‍ മൂന്നിടങ്ങളില്‍ ദേവയാനിയ്ക്ക്‌ ഭൂമിയുണ്ട്. വിവാദമായ ആദര്‍ശ്‌ ഹൌസിങ്‌ സൊസൈറ്റിയിലും ദേവയാനിയ്ക്ക്‌ ഫ്ലാറ്റുണ്ട്.
വിദേശകാര്യ വകുപ്പിന്‌ ദേവയാനി നല്‍കിയിട്ടുള്ള സത്യവാങ്‌ മൂലത്തിലാണ്‌ സ്വത്തുവകകളെ സംബന്ധിക്കുന്ന വിവരമുള്ളത്‌. 2012 മാര്‍ച്ച്‌ 31 വരെയുള്ള കണക്കാണ്‌ സമര്‍പ്പിച്ചിട്ടുള്ളത്‌. പ്രധാന്യമര്‍ഹിക്കുന്ന വസ്‌തുത, ദേവയാനിയുടെ പേരിലുള്ള വസ്‌തുക്കളില്‍ 4 എണ്ണം മാത്രമേ അവര്‍ വാങ്ങിയതായുള്ളു. ബാക്കിയുള്ളതെല്ലാം ദേവയാനിയുടെ അച്ഛനും മുന്‍ ഐഎഎസ്‌ ഉദ്യോഗസ്ഥനുമായ ഉത്തം ഖോബ്രഗാഡെ നല്‍കിയിട്ടുള്ളതാണ്‌ എന്നതാണ്‌. കേരളത്തില്‍ എറണാകുളത്ത്‌ രണ്ടിടങ്ങളിലായി 2.02 ഏക്കര്‍, 2.07 ഏക്കര്‍ ഭൂമി 2011 ഡിസംബര്‍ 20 ന്‌ ദേവയാനിയ്ക്ക്‌ അച്ഛന്‍ ഉത്തം സമ്മാനിച്ചു. 16.35 ലക്ഷം രൂപയാണ്‌ ഈ ഭൂമികളുടെ മതിപ്പ്‌ വിലയായി സത്യവാങ്‌മൂലത്തില്‍ പറയുന്നത്‌. 2009 ജനുവരി 9 ന്‌ കേരളത്തില്‍ പള്ളിപ്പുറം ഗ്രാമത്തിലുള്ള ഒരു വസ്‌തുവും ഉത്തം മകളുടെ പേരിലാക്കിയിരുന്നു. അഞ്ചു ലക്ഷം രൂപയാണ്‌ അതിന്റെ വിലയായി കാണിച്ചിരിക്കുന്നത്‌. സ്‌തുക്കളുടെ ആകെ മതിപ്പ്‌ വിലയായി 1.78 കോടി രൂപയാണ്‌ സത്യവാങ്‌മൂലത്തില്‍ നല്‍കിയിരിക്കുന്നത്‌. മൂന്നു കൃഷിസ്ഥലങ്ങള്‍ കൂടാതെയുള്ളതാണ്‌ ഈ കണക്ക്‌.
കേരളത്തിലേതു കൂടാതെ മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങളിലും ഉത്തര്‍പ്രദേശിലും ദേവയാനിയുടെ പേരില്‍ വസ്‌തുക്കളും വീടുകളും ഉണ്ട്‌. വസ്‌തുക്കളില്‍ നിന്നുള്ള വരുമാനമായി പ്രതിവര്‍ഷം 2.26 ലക്ഷം രൂപ ലഭിക്കും എന്നാണ്‌ രേഖകളില്‍ പറഞ്ഞിരിക്കുന്നത്‌. സത്യവാങ്‌മൂലം അനുസരിച്ച്‌ പ്രതിമാസം 50,350 രൂപയാണ്‌ ശമ്പളം ലഭിക്കുന്നത്. പ്രതിവര്‍ഷം 8.30 ലക്ഷം രൂപയാണ്‌ ദേവയാനിയുടെ ആകെ വരുമാനമായി കാണിച്ചിരിക്കുന്നത്‌.
വിപണിവില കണക്കാക്കിയാല്‍ ദേവയാനി രേഖകളില്‍ കാണിച്ചിരിക്കുന്നതില്‍ നിന്നും വളരെ ഉയര്‍ന്നതാണ്‌ വസ്‌തുക്കളുടെ യഥാര്‍ത്ഥ വില. 6 കോടി രൂപയില്‍ കൂടുതലാണ്‌ ദേവയാനിയുടെ പേരിലുള്ള വസ്‌തുക്കളുടെ യഥാര്‍ത്ഥവില എന്നാണ്‌ കണക്കാക്കുന്നത്‌. വിവാദ ആദര്‍ശ്‌ സൊസൈറ്റിയുള്ള 1000 സ്‌ക്വയര്‍ഫീറ്റ്‌ ഫ്ലാറ്റിന് മാത്രം 4 കോടി രൂപ മതിപ്പുണ്ടെന്നാണ്‌ വിലയിരുത്തല്‍. 90 ലക്ഷം രൂപയ്ക്കാണ്‌ താന്‍ ആ ഫ്ലാറ്റ് വാങ്ങിയതെന്നാണ്‌ ദേവയാനി പറയുന്നത്‌.
മുംബൈ ഓഷിവാരയിലുള്ള മീര കൂപ്‌ ഹൌസിങ്‌ സൊസൈറ്റിയിലുണ്ടായിരുന്ന ഫ്ലാറ്റ് വിറ്റിട്ടാണ്‌ ആദര്‍ശ്‌ സൊസൈറ്റിയില്‍ ഫല്‍റ്റ്‌ വാങ്ങിയതെന്നാണ്‌ ദേവയാനി അവകാശപ്പെടുന്നത്‌. 2006 ല്‍ മഹാരാഷ്ട്ര ഹൌസിങ്‌ ഏരിയ ഡെവലപ്‌മെന്റ്‌ അതോറിറ്റിയില്‍ നിന്നും അലിബാഗില്‍ 5,000 സ്‌ക്വയര്‍ഫീറ്റ്‌ വസ്‌തു ദേവയാനി വാങ്ങിയിരുന്നു. 10 ലക്ഷം രൂപയാണ്‌ ഈ വസ്‌തുവിന്റെ വിലയായി കാണിച്ചിരിക്കുന്നത്‌. അതേ സമയം ദേവയാനിയുടെ അച്ഛന്‍ ഉത്തം ഖോബ്രഗാഡെ 2000-2002, 2004-2005 കാലഘട്ടങ്ങളില്‍ മഹാരാഷ്ട്ര ഹൌസിങ്‌ ഏരിയ ഡെവലപ്‌മെന്റ്‌ അതോറിറ്റിയുടെ ചീഫ്‌ ഓപ്പറേറ്റിങ്‌ ഓഫീസറും വൈസ്‌ പ്രസിഡന്റുമായിരുന്നു. ഈ വസ്‌തുവിന്‌ ഇപ്പോള്‍ 50 ലക്ഷത്തിന്‌ മുകളില്‍ വിപണി വില ഉണ്ട്‌ .
റിപ്പോര്‍ട്ട്: അനില്‍ പെണ്ണുക്കര
Share Button

Comments

comments

About the Author :

The comments posting here may not be the opinion of US Malayali.

Leave a reply
;