ഷുഹൈബ് വധം; സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി.

0
499
ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. പോലീസ് അന്വേഷണം ഫലപ്രദമായി മുന്നോട്ട് പോവുകയായിരുന്നെന്നും സിബിഐക്ക് വിട്ട നടപടി അനവസരത്തിലുള്ളതാണെന്നുമാണ് അപ്പീലില്‍ പറയുന്നത്. വിശദമായ കേസന്വേഷണറിപ്പോര്‍ട്ടും അപ്പീലിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
കേസ് സിബിഐക്ക് വിടാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമപരമല്ലെന്നാണ് ഡിവിഷന്‍ ബെഞ്ചിന് നല്കിയിരിക്കുന്ന അപ്പീലില്‍ പറയുന്നത്. ഈ കേസ് സിബിഐ അന്വേഷിക്കേണ്ട കാര്യമില്ല. സിബിഐക്ക് കേസ് വിടേണ്ട സാഹചര്യങ്ങളൊന്നും തന്നെ ഇതില്‍ നിലവിലില്ല. കേസന്വേഷണവുമായി ബന്ധപ്പെട്ട് 25 ദിവസത്തിനകം 11 പ്രതികളെയും അറസ്റ്റ് ചെയ്തിരുന്നു. തൊണ്ടിമുതലുകളടക്കം കണ്ടെടുക്കുകയും ചെയ്തു. കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുന്നതിനിടെയാണ് വേണ്ട രേഖകളൊന്നും പരിശോധിക്കാതെ കേസ് ഹൈക്കോടതി സിബിഐക്ക് കൈമാറിയതെന്ന് അപ്പീലില്‍ പറയുന്നു.
ഹര്‍ജിയില്‍ എതിര്‍സത്യവാങ്മൂലം നല്കുന്നതിനുള്ള അവസരം പോലും ഹൈക്കോടതി സര്‍ക്കാരിന് നിഷേധിച്ചു. ഇത് നിയമപരമായിത്തന്നെ നിലനില്‍ക്കുന്നില്ല. അതുകൊണ്ട് ഈ ഉത്തരവ് റദ്ദാക്കി പോലീസ് അന്വേഷണം തുടരാന്‍ അവസരം നല്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ഹൈക്കോടതിയില്‍ നല്കിയ അപ്പീലില്‍ പറയുന്നത്.

Share This:

Comments

comments