യുവത്വം തുളുമ്പുന്ന നവനേതൃത്വവുമായി, നോര്‍ത്ത് ഹെംപ്സ്റ്റഡ് ഇന്‍ഡ്യന്‍ മലയാളി അസ്സോസ്സിയേഷന്‍ (നഹിമ).

യുവത്വം തുളുമ്പുന്ന നവനേതൃത്വവുമായി, നോര്‍ത്ത് ഹെംപ്സ്റ്റഡ് ഇന്‍ഡ്യന്‍ മലയാളി അസ്സോസ്സിയേഷന്‍ (നഹിമ).

0
474
സ്റ്റാൻലി കളത്തിൽ.
ന്യൂയോര്‍ക്ക് : നാസ്സുകൗണ്ടിയില്‍ ഉള്ള നോര്‍ത്ത് ഹെംപ്സ്റ്റഡ്, ഇന്‍ഡ്യന്‍ മലയാളി അസ്സോസ്സിയേഷന്‍റെ (നഹിമ) യുടെ 2018-ലെ ഭാരവാഹികളായി യുവനേതൃത്വം ചുമതലയേറ്റു.
കളത്തില്‍ വര്‍ഗ്ഗീസ്സ് (ചെയര്‍മാന്‍), ഡിന്‍സില്‍ ജോര്‍ജ്ജ് (പ്രസിഡന്‍റ്), ആഷ്ലി ഏബ്രഹാം (ജനറല്‍ സെക്രട്ടറി), ഫിലിപ്പ്. കെ.ജോസഫ് (ട്രഷററാര്‍), തോമസ്.കെ. ചെറിയാന്‍ (വൈസ്. പ്രസിഡന്‍റ്), ബോബി മാത്യൂസ് (ജോയിന്‍റ് സെക്രട്ടറി), പോള്‍ ജോസ് (ജോയിന്‍റ് ട്രഷറാര്‍) എന്നിവരും കമ്മറ്റി അംഗങ്ങളായി ജെറി വട്ടമല (അറ്റോര്‍ണി), ജോര്‍ജ്ജ് (പറമ്പില്‍), കോരുത് മാത്യു, സജി മാത്യു, പി.റ്റി. ചാക്കോ, ജിബി പി. മാത്യു, ശ്രീമതി. റോഷിന്‍ മാത്യു, ശ്രീമതി. ശലോമി തോമസ്സ്, ശ്രീമതി. ടീജാ ഏബ്രഹാം എന്നിവരെ യോഗം ഐക്യകണ്ഠേന തിരെഞ്ഞെടുത്തു.
അമേരിക്കയിലെ തന്നെ ഏറ്റവും സമ്പന്ന കൗണ്ടി എന്ന് അറിയപ്പെടുന്ന നാസ്സു കൗണ്ടിയില്‍ 2016-ല്‍ രൂപം കൊണ്ട മലയാളി സംഘടനയാണ് നഹിമ (NHIMA).
അമേരിക്കയില്‍ ജനിച്ചു വളര്‍ന്നതും, നാട്ടില്‍ നിന്ന് ജോലി സംബന്ധമായും, പഠനാര്‍ത്ഥവും വന്നു ചേര്‍ന്നതുമായ യുവതീ, യുവാക്കളെ അമേരിക്കയിലെ, മുഖ്യധാരാ രാഷ്ട്രീയത്തിലേയ്ക്ക് കൈ പിടിച്ച് ഉയര്‍ത്തുക എന്ന ലക്ഷ്യ ബോധത്തോടെ, യുവതീയുവാക്കളുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഈ സംഘടന, ഇതര സംഘടനകളേക്കാള്‍ പ്രായത്തില്‍ ചെറുപ്പമെങ്കിലും, തുടക്കം മുതല്‍ തന്നെ, അമേരിക്കയിലെ മുഖ്യധാരാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും, മലയാളി സമൂഹം നേരിടുന്ന സാമൂഹ്യ പ്രശ്നങ്ങളിലും, ഒരു കൈത്താങ്ങല്‍ ആയി വളരെയധികം ശ്രദ്ധ വച്ച് പ്രവര്‍ത്തിക്കുന്നു.
ഇതിന് മാതൃകയായത് കഴിഞ്ഞ നാല്‍പ്പതില്‍പ്പരം വര്‍ഷങ്ങളായി അമേരിക്കന്‍ രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുകയും, ഡെമോ ക്രാറ്റിക് പാര്‍ട്ടിയുടെ കമ്മറ്റി അംഗമായും, നാസ്സുകൗണ്ടി മുന്‍ ഹ്യൂമണ്‍ റൈറ്റ് കമ്മീഷണറും, ഇപ്പോള്‍ പാര്‍ട്ടിയുടെ നോമിനേഷന്‍ ബോര്‍ഡ് ചെയര്‍ പേഴ്സണും, പാര്‍ട്ടിയുടെ നാസ്സുകൗണ്ടി വൈസ് ചെയര്‍മാന്‍ കൂടിയായിരിക്കുന്ന ശ്രീ. കളത്തില്‍ വര്‍ഗ്ഗീസ് ആണ്.
അമേരിക്കന്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ പങ്കാളികള്‍ ആയി പ്രവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകത പലപ്പോഴും നമ്മുടെ സമൂഹം ചിന്തിക്കാതിരിക്കുകയോ, അതില്‍ നിന്ന് ഒഴിഞ്ഞ് മാറി നില്‍ക്കുന്ന സ്ഥിതി വിശേഷവുമാണ് കണ്ടുവരുന്നത്. ഏഴാം കടലിന് അക്കരയില്‍ കൂടിയേറി പാര്‍ത്ത നാം ഇന്നും മറ്റു രാജ്യങ്ങളില്‍ പ്രത്യേകിച്ച് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ പ്രവാസികളായി കഴിയുന്നപോലെ, നമ്മുടെ ദിനങ്ങള്‍ തള്ളി നീക്കുന്നു. നമ്മുടെ രണ്ടാം തലമുറയുടെ ജന്മദേശം, ഈ ഭൂമിയാകുന്നു എന്ന കാര്യം നാം വിസ്മരിച്ചുപോകുന്നുവോ, എന്തോ ?
ഒരു നല്ല ജോലി, നല്ല വീട്, എന്നതിനപ്പുറം നമ്മുടെ ചിന്തകള്‍ എത്തപ്പെടുന്നില്ല. പലപ്പോഴും ഈവക കാര്യങ്ങള്‍ സ്വയക്തമാക്കി, ഒറ്റപ്പെട്ട് വിശ്രമ ജീവിതം നയിക്കാന്‍ താല്പര്യമുള്ളവരായി നമ്മുടെ സമൂഹം മാറിപ്പോകുന്നു. എന്നാല്‍ ഈ രാജ്യത്തെ ആരോഗ്യ, സുരക്ഷാ, പരിപാലന രംഗത്തും വ്യവസായ മേഖലകളിലും, എല്ലാം തന്നെ നല്‍കുന്ന സേവനങ്ങള്‍, നാം അടയ്ക്കുന്ന നികുതിക്ക് അനുസൃതമായി നമുക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍, ഇവയൊന്നും ഭൂരിഭാഗം ജനങ്ങളും പ്രയോജനപ്പെടുത്തുന്നില്ല എന്നത് ഒരു നഗ്ന സത്യം തന്നെയാണ്.
ഈ രാജ്യം നമുക്ക് അനുവദിക്കപ്പെട്ടിട്ടുള്ള അവകാശങ്ങളും അധികാരങ്ങളും, നേടിയെടുക്കുന്നതിനും. ആയതിന്‍റെ നിയമ വ്യവസ്ഥകള്‍ മനസ്സിലാക്കുന്നതിനും, നാം പിന്നോക്കം പോയിരിക്കുന്നു. നമ്മളെ പോലെ തന്നെയുള്ള ഇതര രാജ്യത്തെ ആളുകള്‍, ഈ രാജ്യത്തിന്‍റെ ഭരണ ചക്രങ്ങള്‍ തന്നെ ചലിപ്പിക്കുമ്പോള്‍, നാം ഇന്നും നമ്മുടെ പഴയ മനോഭാവത്തോടെ തന്നെ ജീവിക്കുന്നു.
ഇതര സമൂഹം തങ്ങളുടെ അവകാശങ്ങള്‍ക്കായി ഒന്നിച്ച് നിന്ന് പൊരുതുമ്പോള്‍ നാം ഒറ്റപ്പെട്ടവരായി മാറി നിന്ന് നോക്കി കാണുന്ന അവസ്ഥയില്‍ മാറ്റം ഉണ്ടാകണം. നമ്മുടെ അധ്വാനഫലം രണ്ടാം തലമുറയിലൂടെ ഈ രാജ്യത്ത് നിറവേറുന്നതിന് ഇടയാകണം. ഈ രാജ്യത്തിന്‍റെ പ്രധാനപ്പെട്ട തുറകളില്‍ എല്ലാം കടന്ന് ചെന്ന് പ്രവര്‍ത്തിപ്പാന്‍ വരും തലമുറയെ പ്രാപ്തരാക്കണം. ഒരു പക്ഷേ, നമ്മുടെ രണ്ടാം തലമുറയോ മൂന്നാം തലമുറയോ, ഈ രാജ്യത്തിന്‍റെ ഭരണ ചക്രങ്ങള്‍ ചലിപ്പിക്കുന്നവരാകണം.
നാം അധിവസിക്കുന്ന ഈ ഭൂമിയാണ് ഇനിയും നമ്മുടെയും, വരും തലമുറയുടെയും ജന്മഭൂമി എന്നു മനസ്സിലാക്കി, സാംസ്കാരിക സംഘടനകള്‍ യുവജനങ്ങളെ പ്രാപ്തരാക്കണം. ആയതിന് മുന്നോടിയായി ഇക്കഴിഞ്ഞ ടൗണ്‍ കൗണ്‍സിലിലേയ്ക്ക് നടന്ന തെരെഞ്ഞെടുപ്പില്‍, നോര്‍ത്ത് ഹെംപ്സ്റ്റഡ് ടൗണ്‍ കൗണ്‍സിലിലേയ്ക്ക് മത്സരിക്കുവാനായി മുന്നോട്ടുവന്ന സംഘടനയുടെ ആയുഷ്കാല മെമ്പറും, കമ്മറ്റി അംഗവും കൗണ്ടിയിലെ അറ്റോര്‍ണിയുമായ ജെറി വട്ടമല, മലയാളി സമൂഹത്തിന്‍റെ രണ്ടാം തലമുറയില്‍പ്പെടുന്ന യുവ പ്രതിഭയാണ്. അമ്മേരിക്കന്‍ രാഷ്ട്രീയത്തിലേയ്ക്കുള്ള ജറിയുടെ രംഗ പ്രവേശനം, അനേകം യുവതീ, യുവാക്കളില്‍ പ്രചോദനമേകി എന്നുള്ള കാര്യത്തില്‍ സംശയമില്ല. ന്യൂയോര്‍ക്ക് ലോ സ്കൂളിലെ പ്രഫസറും, സിവില്‍ റൈറ്റ് അറ്റോര്‍ണിയും, ഏഷ്യന്‍, അമേരിക്കന്‍ ലീഗല്‍ ഡിഫെന്‍സ് അറ്റോര്‍ണി കൂടിയാണ് മലയാളികളുടെ അഭിമാനമായ ജെറി വട്ടമല.
ആയിരത്തി അഞ്ഞൂറിലധികം മലയാളി കുടുംബങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഈ കൗണ്ടിയില്‍, പ്രവര്‍ത്തിപ്പാന്‍ അവസരം ലഭിക്കുന്നത് യുവജനങ്ങളില്‍ പ്രതീക്ഷ ഉളവാക്കുന്നു. ലോംഗ് ഐലന്‍റിലെ പ്രധാന മൂന്നു കൗണ്ടികളില്‍ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന നാസുകൗണ്ടിയില്‍ മാത്രം നില കൊള്ളുന്ന ഏക സംഘടനയാണ് നഹിമ. മറ്റ് കൗണ്ടികളിലായ് 5 സംഘടനകള്‍ ക്യൂന്‍സ് കൗണ്ടിയേയും സഫൂക്ക് കൗണ്ടിയേയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവയും, ഒരു സംഘടന ക്വീന്‍സിലും നാസ്സുവിന്‍റെയും ബോര്‍ഡര്‍, കേന്ദ്രമാക്കിയും പ്രവര്‍ത്തിക്കുന്നവയാണ്. ആയതിനാല്‍ നാസ്സുകൗണ്ടി കേന്ദ്രമാക്കി നോര്‍ത്ത് ഹെംപ്സ്റ്റഡില്‍ രൂപം കൊണ്ട ഈ സംഘടന, യുവാക്കളില്‍ ആവേശം പരത്തി പ്രവര്‍ത്തിക്കുന്നു.
ആയതുകൊണ്ടു തന്നെ സംഘടനയുടെ പ്രധാനപ്പെട്ട ചുമതലകള്‍ എല്ലാം, ന്യൂയോര്‍ക്കിലെ വിവിധ മേഖലകളില്‍, ഔദ്യോഗിക തലങ്ങളിലും, കലാ, സാംസ്കാരിക രംഗങ്ങളിലും വ്യക്തിമുദ്ര പതിച്ചവര്‍ തന്നെ ആയത് സ്ഥാനങ്ങള്‍ ചുമതല വഹിച്ച് പ്രവര്‍ത്തിക്കുന്നു. സംഘടനയില്‍ റോഷിന്‍ മാത്യു, ശലോമി തോമസ്സ് ടീജാ ഏബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ ഒരു വനിതാ ഫോറവും രൂപം കൊണ്ട് പ്രവര്‍ത്തിക്കുന്നു.
അമേരിക്കയിലെ മലയാളി സമൂഹത്തിന്‍റെ രണ്ടാം തലമുറയ്ക്ക് ഈ സംഘടനയുടെ പ്രവര്‍ത്തനവും, സേവനവും, സമൂഹത്തിന്‍റെ വിവിധ തുറകളില്‍ എത്തിപ്പെടുവാന്‍ യുവതലമുറയ്ക്ക് പ്രേരകമാകും എന്നുള്ളതില്‍ അഭിമാനിക്കുന്നു എന്ന് പുതിയ ഭാരവാഹികള്‍ ആശംസിച്ചു.

Share This:

Comments

comments