അമ്മയെ വെട്ടുന്നത് നോക്കിനില്‍ക്കാനായില്ല; കല്ലെറിഞ്ഞ് പ്രതിരോധിച്ച അശ്വിനെയും അയാള്‍ വെട്ടി.

അമ്മയെ വെട്ടുന്നത് നോക്കിനില്‍ക്കാനായില്ല; കല്ലെറിഞ്ഞ് പ്രതിരോധിച്ച അശ്വിനെയും അയാള്‍ വെട്ടി.

0
1707
ജോണ്‍സണ്‍ ചെറിയാന്‍.
അങ്കമാലി: കണ്‍മുന്നിലിട്ട് അമ്മയെ തുരുതുരാ വെട്ടുന്നത് അശ്വിന് നോക്കിനില്‍ക്കാനായില്ല. തന്നെക്കൊണ്ടാവുന്ന പോലെ ഇവനും പ്രതികരിച്ചു. അമ്മ സ്മിതയെ വാക്കത്തി കൊണ്ട് വെട്ടിയ ബാബുവിനെ അശ്വിന്‍ കയ്യില്‍ കിട്ടിയ കല്ലെടുത്ത് അടിച്ചു. ഈ വൈരാഗ്യത്തിലാണ് ബാബു അശ്വിനെയും വെട്ടിയത്.
വലതുകൈയ്ക്ക് വേട്ടേറ്റ അശ്വിനെ അങ്കമാലി ലിറ്റില്‍ഫ്ളവര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ചൊവ്വാഴ്ച രാവിലെയായിരുന്നു ശസ്ത്രക്രിയ. വാക്കത്തി കൊണ്ട് വെട്ടിയതിനെ തുടര്‍ന്ന് അശ്വിന്റെ കൈപ്പത്തിക്ക് മുകളിലായി മാംസം പൂളിപ്പോയിരുന്നു. കൈത്തണ്ടയിലെ അസ്ഥിയും പൊട്ടി. അതുകൊണ്ട് തന്നെ അസ്ഥി രണ്ട് സ്ക്രൂ ഇട്ട് ഘടിപ്പിച്ചിരിക്കുകയാണ്. ശസ്ത്രക്രിയയ്ക്കുശേഷം അശ്വിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
വെട്ടേറ്റു മരിച്ച അമ്മയുടെയും മുത്തച്ഛന്റെയും അമ്മാമ്മയുടെയും മൃതദേഹം കാണിക്കാനായി അശ്വിനെ ആശുപത്രിയില്‍ നിന്നു വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. വീട്ടിലെത്തുന്നതിന് അല്പം മുന്‍പ് മാത്രമാണ് അമ്മയും അമ്മാമ്മയും മുത്തച്ഛനും മരിച്ച വിവരം അശ്വിന്‍ അറിയുന്നത്.
കൊലവിളിയുമായി തന്നെയും ലക്ഷ്യംവെച്ച ബാബുവിനെ കണ്ട അശ്വിന്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ശിവരാത്രി ബലിതര്‍പ്പണത്തിന്റെ ഭാഗമായി ഭര്‍തൃവീട്ടില്‍നിന്ന് സ്വന്തം വീട്ടില്‍ എത്തിയതായിരുന്നു സ്മിത.
മക്കള്‍ രക്ഷപ്പെട്ടെങ്കിലും ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ ദാരുണമായി കൊല ചെയ്യപ്പെട്ടത് അറിഞ്ഞ് സാന്ത്വനിപ്പിക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥയിലാണ് കുവൈത്തിലുള്ള സുരേഷ്.
കൊല ചെയ്യപ്പെട്ട സ്മിതയുടെ മക്കളായ യുപി സ്കൂള്‍ വിദ്യാര്‍ഥികളായ അതുലും ഇരട്ടക്കുട്ടികളായ അശ്വിനും അപര്‍ണയും അമ്മയടക്കം കുടുംബത്തിലെ മൂന്നു പേരുടെ കൊലപാതകത്തിന് സാക്ഷിയായിരുന്നു. ഇവര്‍ വൈകീട്ട് സ്കൂളില്‍നിന്ന് വീട്ടിലെത്തിയതിന് പിന്നാലെയായിരുന്നു സംഭവം.
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു അങ്കമാലി മൂക്കന്നൂരില്‍ ഒരു കുടുംബത്തിലെ 3 പേരെ വെട്ടിക്കൊലപ്പെടുത്തിയത്. മൂത്ത സഹോദരന്റെ കുടുംബത്തെയാണ് അനുജന്‍ ബാബു വെട്ടിക്കൊലപ്പെടുത്തിയത്. ശിവന്‍ (60), ഭാര്യ വല്‍സ(56), മകള്‍ സ്മിത(33) എന്നിവരാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. കൊലയ്ക്ക് ശേഷം രക്ഷപ്പെട്ട പ്രതിയെ കൊരട്ടി പൊലീസ് പിടികൂടുകയായിരുന്നു.

Share This:

Comments

comments