യുഎസിലെ ഈ വര്‍ഷത്തെ ആദ്യ വധശിക്ഷ ടെക്‌സസില്‍ നടപ്പാക്കി.

യുഎസിലെ ഈ വര്‍ഷത്തെ ആദ്യ വധശിക്ഷ ടെക്‌സസില്‍ നടപ്പാക്കി.

0
813
പി.പി.ചെറിയാന്‍.
ഹണ്ട്‌സ് വില്ല (ടെക്‌സസ്) : വധശിക്ഷ നടപ്പാക്കുന്നതില്‍ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ടെക്‌സസില്‍ 2018 ലെ ആദ്യ വധശിക്ഷ നടപ്പാക്കി. 18 ന് വൈകിട്ട് ഹണ്ട്‌സ് വില്ല ജയിലിലാണ് ആന്റണി അലന്‍ ഫോര്‍ എന്ന 53 കാരന്റെ വധശിക്ഷ വിഷമിശ്രിതം കുത്തിവച്ചു നടപ്പാക്കിയത്.
1992 ഏപ്രില്‍ 16 ന് വൈകിട്ട് ജോലിക്ക് പോകുകയായിരുന്ന മറിയ ഡെന്‍ കാര്‍മല്‍ എസ്ട്രഡയെ (21) കാറില്‍ കയറ്റി കൊണ്ടു പോയി കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി മൃതദേഹം ഹൂസ്റ്റണ്‍ ഡയറി ക്യൂന്‍ ഡ്രൈവ് ക്രൂവില്‍ ഉപേക്ഷിച്ച കേസ്സിലാണ് ആന്റണിക്ക് വധശിക്ഷ ലഭിച്ചത്.
കേസ്സ് വിസ്താരത്തിനിടെ ഒമ്പത് വയസ്സുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്നു പെണ്‍കുട്ടികളെ കൂടി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്ന് പ്രതി കുറ്റസമ്മതം നടത്തിയിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ വധശിക്ഷ നടപ്പാക്കേണ്ടിയിരുന്നുവെങ്കിലും മറ്റു മൂന്നു കേസ്സുകള്‍ കൂടി വിസ്തരിച്ച ശേഷം മാത്രമേ വധശിക്ഷ നടപ്പാക്കാവൂ എന്ന് പ്രതിയുടെ അറ്റോര്‍ണിമാര്‍ വാദിച്ചതിനെ തുടര്‍ന്നാണ് ശിക്ഷ ഇത്രയും വൈകിയത്. വധശിക്ഷ നടപ്പാകുന്നതിനു മുമ്പു വികാരഭരിതമായി മാപ്പപേക്ഷ നടത്തുന്നതിനു ആന്റണി തയ്യാറായി.
വിഷ മിശ്രിതം സിരകളിലേക്ക് പ്രവഹിപ്പിച്ച് പതിമൂന്ന് മിനിട്ടിനുള്ളില്‍ മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ 23 വധശിക്ഷ നടപ്പാക്കിയതില്‍ ഏറ്റവും കൂടുതല്‍ (7) ടെക്‌സസിലായിരുന്നു. വിഷം കുത്തിവച്ചു നടത്തുന്ന വധശിക്ഷ പ്രാകൃതമാണെന്നും നിര്‍ത്തലാക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Share This:

Comments

comments