ട്രംപിനെ സേവിക്കാനാവില്ല: രാജിവച്ചൊഴിഞ്ഞ് യുഎസ് അംബാസഡര്‍.

ട്രംപിനെ സേവിക്കാനാവില്ല: രാജിവച്ചൊഴിഞ്ഞ് യുഎസ് അംബാസഡര്‍.

0
727
ജോണ്‍സണ്‍ ചെറിയാന്‍.
വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിനോടുള്ള പ്രതിഷേധത്തില്‍ പനാമ അംബാസഡര്‍ രാജിവച്ചു. പനാമയിലെ അമേരിക്കന്‍ അംബാസഡര്‍ ജോണ്‍ ഫീലിയാണ് രാജിവച്ചത്. നേരത്തെ യുഎസ് മറൈന്‍ കോര്‍പ്സില്‍ ഹെലികോപ്റ്റര്‍ പൈലറ്റായിരുന്ന ഫീലി ഏറെക്കാലം ട്രംപിനെ സേവിക്കാനാനവില്ലെന്ന് ചൂണ്ടിക്കാണിച്ച്‌ രാജി പ്രഖ്യാപനം നടത്തുകയായിരുന്നു.
അമേരിക്കന്‍ വിദേശകാര്യ വകുപ്പിലെ ജൂനിയര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ പ്രസിഡന്റിനേയും അദ്ദേഹത്തിന്റെ ഭരണകൂടത്തേയും വിശ്വസ്തതയോടെ സേവിക്കുമെന്ന് പ്രതിജ്ഞയില്‍ ഒപ്പു വച്ചിരുന്നു. എന്നാല്‍ പ്രസിഡന്റിന്റെ നയങ്ങളോട് യോജിക്കാന്‍ കഴിയുന്നില്ലെന്നും ഈ സാഹചര്യത്തില്‍ രാജിയല്ലാതെ മറ്റ് വഴിയില്ലെന്നും അതിനാലാണ് രാജിയെന്നും ജോണ്‍ ഫീലി രാജിക്കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. അംബാസഡറുടെ രാജി യുഎസ് വിദേശകാര്യ വകുപ്പും വൈറ്റ് ഹൗസും സ്ഥിരീകരിച്ചിട്ടുണ്ട്.
കാരണങ്ങള്‍ വ്യക്തിപരം
വ്യക്തിപരമായ കാരണങ്ങളാല്‍ പനാമ അംബാസഡര്‍ പദവിയില്‍ നിന്ന് രാജിവെയ്ക്കുന്നതായി ഫീലി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനെയും അറിയിച്ചിരുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് വ്യക്തമാക്കി. മാര്‍ച്ച്‌ 9 വരെ ഔദ്യോഗിക ചുമതലകളില്‍ ഉണ്ടാകുമെന്നും വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.
രാജിയും വിവാദവും തമ്മില്‍ ബന്ധമില്ല!!
പനാമയിലെ യുഎസ് അംബാസഡര്‍ ജോണ്‍ ഫീലിയുടെ രാജിയ്ക്ക് ട്രംപ് കുടിയേറ്റക്കാര്‍ക്കെതിരെ നടത്തിയ പരാമര്‍ശവുമായി ബന്ധമില്ലെന്ന് യുഎസ് സ്റ്റേറ്റ് അണ്ടര്‍ സെക്രട്ടറി സ്റ്റീവ് ഗോള്‍ഡ്സ്റ്റെയിന്‍ വ്യക്തമാക്കി. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കെതിരെ ഷിറ്റ്ഹോള്‍ പരാമര്‍ശം നടത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ സംഭവം വിവാദമായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
ട്രംപ് വിവാദം
കുുടിയേറ്റക്കാര്‍ക്കെതിരെ പ്രസിഡന്റ് ട്രംപ് മോശം പദം പ്രയോഗിച്ചുവെന്ന വിവാദങ്ങള്‍ക്കിടെയാണ് പനാമയിലെ യുഎസ് അംബാസഡര്‍ രാജിവെയ്ക്കുന്നത്. വൃത്തികെട്ട രാജ്യങ്ങളില്‍ നിന്നുള്ളവരെ അമേരിക്ക എന്തിന് സ്വീകരിക്കണമെന്ന ചോദ്യം ട്രംപ് ഉന്നയിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അത്തരമൊരു പദപ്രയോഗം നടത്തിയിട്ടില്ലെന്നാണ് ട്രംപിന്റെ വിശദീകരണം. ട്വീറ്റിലാണ് ട്രംപ് പ്രതികരിച്ചത്. രൂക്ഷമായി പ്രതികരിച്ചുവെങ്കിലും അത്തരമൊരു പദം ഉപയോഗിച്ചിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
ട്രംപിന്‍റെ മാപ്പ്
ആഫ്രിക്കന്‍ രാജ്യങ്ങളെക്കുറിച്ച്‌ നടത്തിയ മോശം പരാമര്‍ശത്തില്‍ യുഎസ് പ്രസിഡന്റ് ട്രംപ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ആഫ്രിക്കന്‍ യൂണിയന്‍ രംഗത്തെത്തിയിട്ടുണ്ട്. ട്രംപ് ഭരണകൂടം ആഫ്രിക്കന്‍ ജനതയെ തെറ്റിദ്ധരിച്ചിട്ടുണ്ടെന്നും ആഫ്രിക്കന്‍ യൂണിയന്‍ ചൂണ്ടിക്കാണിക്കുന്നു. അമേരിക്ക എന്തിനാണ് ഇത്തരം ഷിറ്റ്ഹോള്‍ രാജ്യങ്ങളില്‍ നിന്നുള്ളവരെ സ്വീകരിക്കുന്നതെന്നായിരുന്നു ട്രംപ് ഉന്നയിച്ച ചോദ്യം. കുടിയേറ്റ നിയമ പരിഷ്കരണവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പാര്‍ലമെന്റ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ട്രംപിന്റെ പ്രസ്താവന. ട്രംപിന്റെ യോഗത്തില്‍ പങ്കെടുത്തവരെ ഉദ്ധരിച്ച്‌ വാഷിംഗ്ടണ്‍ പോസ്റ്റാണ് ട്രംപ് അസഭ്യപ്രസ്താവന റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നോര്‍വീജിയന്‍ പൗരന്മാരെ അമേരിക്കയിലേയ്ക്ക് സ്വീകരിക്കുന്നതിന് പകരമായി എന്തിനാണ് ഹെയ്ത്തിയില്‍ നിന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ളവരെ സ്വീകരിക്കുന്നതെന്നാണ് ട്രംപ് ഉന്നയിക്കുന്ന ചോദ്യം.

Share This:

Comments

comments