ഓക്സിജന്‍ മാസ്ക് ധരിച്ച്‌ വിവാഹം, പതിനെട്ടാം മണിക്കൂര്‍ മരണത്തിലേക്ക്.

ഓക്സിജന്‍ മാസ്ക് ധരിച്ച്‌ വിവാഹം, പതിനെട്ടാം മണിക്കൂര്‍ മരണത്തിലേക്ക്.

0
754
ജോണ്‍സണ്‍ ചെറിയാന്‍.
വിവാഹ വസ്ത്രങ്ങള്‍ക്കൊപ്പം ഓക്സിജന്‍ മാസ്ക്, ശരീരത്തോട് ചേര്‍ത്തുനിര്‍ത്തിയ ജീവന്‍രക്ഷാ ഉപകരണങ്ങള്‍. ഹാര്‍ട്ട്ഫര്‍ട്ടിലെ ഫ്രാന്‍സിസ് ഹോസ്പിറ്റല്‍ ആന്‍ഡ് മെഡിക്കല്‍ സെന്റര്‍ വേദിയായത് അപൂര്‍വ്വമായ ഒരു വിവാഹത്തിനാണ്.
അനിവാര്യമായ മരണമെത്തും മുമ്ബ് മുപ്പത്തിയൊന്നുകാരിയായ ഹെതറിന് വേണ്ടി അവളെ ജീവനക്കാളേറെ പ്രണയിക്കുന്ന ഡേവിഡിനും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ചെയ്യാനാകുമായിരുന്ന ഒരേയൊരു കാര്യം അതുമാത്രമായിരുന്നു. അവളുടെ വിവാഹം. സ്തനാര്‍ബുദത്തോട് പടവെട്ടി അന്ത്യനിമിഷങ്ങളെണ്ണി കഴിയുന്ന ഒരു മനുഷ്യജീവനോട് തങ്ങള്‍ക്കുള്ള കരുതലും സ്നേഹവും കാണിക്കാന്‍ അവര്‍ക്ക് മുന്നില്‍ മറ്റുവഴികളൊന്നുമുണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞത് അവള്‍ താണ്ടിയത് വെറും പതിനെട്ട് മണിക്കൂറുകള്‍ മാത്രം. ആ ഹൃദയം പിന്നെ നിലച്ചു.
2015-ലാണ് ഒരു പരിപാടിക്കിടയില്‍ ഡേവിഡും ഹെതറും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. പ്രണയത്തിനൊടുവില്‍ 2016 ഡിസംബര്‍ 23-ന് അവളെ പ്രൊപ്പോസ് ചെയ്യാനിരുന്ന ഡേവിഡിനെ തേടിയെത്തിയത് ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു. ഹെതറിന് സ്തനാര്‍ബുദം. ഒരുപക്ഷേ പിന്‍വാങ്ങാമായിരുന്ന ആ ബന്ധത്തില്‍ അവള്‍ക്കൊപ്പം നടക്കാനാണ് ഡേവിഡ് തീരുമാനിച്ചത്, ആ യാത്രയില്‍ അവള്‍ തനിച്ചല്ലെന്ന് ബോധ്യപ്പെടുത്തുന്നതിനായി.സര്‍ജറികളും കീമോ തെറാപ്പികളും മുറക്ക് നടന്നു പക്ഷേ അവയൊടൊന്നും വഴങ്ങാതെ ഹെതറിന്റെ ശരീരത്തില്‍ കാന്‍സര്‍ പടര്‍ന്നുകൊണ്ടേയിരുന്നു. ഒടുവില്‍ മരണം ഉറപ്പായപ്പോഴും അവളെ വിവാഹം കഴിക്കാന്‍ തന്നെയായിരുന്നു ഡേവിഡിന്റെ തീരുമാനം. തീയതിയും കുറിച്ചു. ഡിസംബര്‍ 30.
എന്നാല്‍ ഡിസംബര്‍ മുപ്പതു വരേയ്ക്കും അവളുടെ ജീവനെ പിടിച്ചുനിര്‍ത്താനാകുമോ എന്ന കാര്യത്തില്‍ ചികിത്സിക്കുന്ന ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതോടെ ഡിസംബര്‍ 22 ന് അവര്‍ വിവാഹിതരായി. ബന്ധുക്കളും സുഹൃത്തുക്കളും ഹെതറിനെ വിവാഹ വസ്ത്രങ്ങള്‍ അണിയിച്ചു, ആഭരണങ്ങള്‍ അണിയിച്ചു, മുടികൊഴിഞ്ഞ തലയില്‍ വിഗ് അണിയിച്ചു. അവളെ വധുവായി ഒരുക്കി.
ആസ്പത്രിക്കിടക്കയില്‍ കിടന്ന് അവള്‍ വിവാഹ പ്രതിജ്ഞ ചൊല്ലി, കേക്ക് മുറിച്ചു. സ്നേഹത്തോടെ ഡേവിഡിന്റെ മൂക്കില്‍ കേക്കിലെ ക്രീം പുരട്ടി. അവളേറെ ആഹ്ലാദിച്ച കുറച്ച്‌ നിമിഷങ്ങള്‍. ഒടുവില്‍ മരണത്തിലേക്ക്. വിവാഹം തീരുമാനിച്ച ഡിസംബര്‍ 30നായിരുന്നു ഹെതറിന്റെ സംസ്കാരചടങ്ങുകള്‍.

Share This:

Comments

comments