പര്‍ദ്ദക്കുള്ളിലെ പാപം. (കഥ)

പര്‍ദ്ദക്കുള്ളിലെ പാപം. (കഥ)

0
527
ഷെരീഫ് ഇബ്രാഹിം.
അദ്ദേഹം എനിക്കയച്ച കത്തുകള്‍ ഞാൻ വായിച്ചു നോക്കുകയാണ്. സഹമുറിയ വത്സലയും മറ്റും നല്ല ഉറക്കത്തിലാണ്. അവരെ ശ്യല്യം ചെയ്യാതെ ഞാന്‍ കത്തുകള്‍ എടുത്ത് നോക്കി.
<< എങ്ങിനെയാണ് സംബോധന ചെയ്യേണ്ടത് എന്നറിയുകയില്ല..
എന്റെ, സോറി നമ്മുടെ മകള്‍ ജാസ്മിനെ സ്കൂളില്‍ ചേര്‍ത്തു. അന്ന് നീ കോടതിയില്‍ വെച്ച് പറഞ്ഞത് ഞാന്‍ അംഗീകരിച്ചല്ലോ? നിന്നെ അവന്റെ ഭാര്യയാക്കി അവൻ കൊണ്ട് പോയെന്നും കുറച്ചുനാൾ നീ അവന്റെ മാത്രം ഭാര്യയായിരുന്നെന്നും പിന്നീട് അവന്റെ കൂട്ടുകാരുടെയും അത് കഴിഞ്ഞു മറ്റു പലരുടേയും ഭാര്യയെപ്പോലെ ആയെന്നും ഞാനറിഞ്ഞു.
നിനക്ക് നമ്മുടെ മോളെ കാണണമെന്നില്ലേ? കൂടുതല്‍ എഴുതാന്‍ ഇപ്പോള്‍ കഴിയുന്നില്ല. പിന്നീട് എഴുതാം.>>
വർഷങ്ങളായ കത്ത് പലവട്ടം വായിച്ചിട്ടും ഇപ്പോഴും വായിക്കുമ്പോൾ ഉള്ളിലൊരു നെരിപ്പോട്. പുറത്ത് നല്ല തണുത്ത കാറ്റ്. മഴക്കുള്ള ലക്ഷണമാണെന്ന് തോന്നുന്നു.
ഞാൻ അടുത്ത കത്തെടുത്ത് വായിച്ചു.
< നമ്മുടെ മോൾ ഇപ്പോൾ എട്ടാം ക്ലാസ്സിലായ വിവരം ഞാൻ ഇതിനകം നിന്നെ അറിയീച്ചിരുന്നല്ലോ? ഇപ്പോൾ അവൾ ഋതുമതിയായി. ഒരു പെൺകുട്ടിക്ക് ഉമ്മയുടെ സാമീപ്യം ഏറ്റവും അധികം കൊതിക്കുന്ന സമയങ്ങളിൽ ഒന്നാണിത് എന്ന് സ്ത്രീയായ നിന്നോട് പറയേണ്ട ആവശ്യമില്ലല്ലോ? ഇത്രയധികം ഞാൻ നിന്നെ ഇങ്ങോട്ട് ക്ഷണിക്കുന്നത് എന്റെ ഭാര്യയാക്കാനാണ് എന്ന് നിനക്ക് തോന്നേണ്ട. അത് ആദ്യ കോടതിയിൽ വെച്ച് തന്നെ തീർന്നു. പക്ഷെ, ഇന്നെന്റെ ജീവിത ലക്‌ഷ്യം പോലും ജാസ്മിനെ ഒരു നിലയിൽ എത്തിച്ചു നല്ലൊരു ആളുടെ കയ്യിൽ വിവാഹം കൊടുത്ത് ഏൽപ്പിക്കാനാണ്. നിന്നെ ഇങ്ങോട്ട് ക്ഷണിക്കുന്നത് അവളുടെ ഉമ്മയെന്ന നിലയിൽ മാത്രമാണ്. ഒരു പെണ്‍കുട്ടിക്ക് വാപ്പാട് പറയാൻ പറ്റാത്ത കാര്യങ്ങൾ ഉമ്മയോട് പറയേണ്ടതുണ്ടാവുമല്ലോ? അതൊക്കെ ഇപ്പോൾ എന്റെ അനുജത്തിയോടാണ് അവൾ പറയുന്നത്. അനുജത്തി റംല എല്ലാം സ്വന്തം മകളെപ്പോലെ അവൾക്ക് എല്ലാം ചെയ്ത് കൊടുക്കുന്നുണ്ട്. എന്റെ മകൾക്ക് ഉറക്കം ആവാറായെന്ന് തോന്നുന്നു. നീ പോയത് മുതൽ കുറെ കാര്യങ്ങൾ ഞാനാണ് അവൾക്ക് ചെയ്ത് കൊടുത്തിരുന്നത്. അവൾ ഇപ്പോൾ എനിക്ക് ഭക്ഷണം വിളമ്പി എന്നെ കാത്തിരിക്കുകയാണ്. എന്റെ കൂടെ മാത്രമേ അവൾ ഭക്ഷണം കഴിക്കൂ. പലവട്ടം റെയ്‌ഡിൽ നിന്നെ പോലീസ് പിടിച്ചെന്നും നിന്റെ ഭർത്താവ് (?) നിന്നെ കേസിൽ നിന്ന് ഇറക്കിയെന്നും ഞാനറിഞ്ഞു. മകള്‍ ഭക്ഷണം കഴിക്കാന്‍ കാത്തിരിക്കുന്നു. ഞാന്‍ പിന്നീട് എഴുതാം >>
സമയം രാത്രി പതിനൊന്ന് കഴിഞ്ഞു. ഞാൻ ഭക്ഷണം കഴിച്ചിട്ടില്ല. വിശപ്പില്ല. പുറത്ത് മഴ തുള്ളിയായി തുടങ്ങി. കാറ്റിന് കുറച്ചു ശമനം കാണുന്നു. വാർഡൻ വന്ന് എല്ലാ റൂമുകളും പരിശോധിക്കുന്നുണ്ട്. ഞാൻ ലൈറ്റ് ഓഫ് ചെയ്തു. ഉറങ്ങുന്നപോലെ കിടന്നു. ഉറക്കം വരുന്നില്ല. വാർഡൻ പോയെന്ന് ഉറപ്പായപ്പോൾ ഞാൻ വീണ്ടും ചെറിയ ലൈറ്റ് ഓൺ ചെയ്ത് അടുത്ത കത്ത് വായിച്ചു തുടങ്ങി.
<< നമ്മുടെ മോൾ SSLC പരീക്ഷ റാങ്കിനോടടുത്ത ഡിസ്റ്റിങ്ഷനോടെ പാസ്സായി. അവളുടെ മുഖത്തെ സന്തോഷം കാണാൻ നീ വരില്ലേ? എനിക്ക് ഒരു വിവാഹജീവിതം വേണമായിരുന്നെങ്കിൽ എപ്പോഴേ ആവാമായിരുന്നു. ഇല്ല. എനിക്ക് ഈ ജീവിതത്തിൽ അങ്ങിനെയൊരു ചിന്തയില്ല. നമ്മുടെ മകൾക്ക് ഗ്രാമത്തിന്റെ വക ആദരവ് ഉണ്ട്. ഞങ്ങൾ അതിന് പോവുകയാണ്. പിന്നീട് എഴുതാം. >>
മഴയ്ക്ക് ശക്തി കൂടിയിരിക്കുന്നു. കൂടെ മിന്നലുമുണ്ട്. ഉള്ളിലെന്തോ സാധാരണയില്ലാത്ത ഭയം. എനിക്കെന്ത് പറ്റി എന്ന് ഞാനെന്നോട് തന്നെ ചോദിച്ചു.
വത്സല എഴുന്നേറ്റു ബാത്ത് റൂമിലേക്ക് പോയി. തിരിച്ചു വന്ന് എന്നോട് ചോദിച്ചു. “റാഹില, നീ ഉറങ്ങുന്നില്ലേ?”
ഇല്ല എന്ന് ഒറ്റവാക്കിൽ ഞാൻ മറുപടികൊടുത്തു.
“അല്ല. നിനക്കെന്തൊ സംഭവിച്ചിട്ടുണ്ട്. ഞാൻ കുറച്ചു ദിവസമായി ശ്രദ്ധിക്കുന്നു.”
വത്സല ഏത് നാട്ടുകാരിയാണെന്നോ അവളുടെ മാതാപിതാക്കൾ ആരാണെന്നോ അവൾക്ക് പോലും അറിയില്ല. തെരുവിൽ വിടർന്ന ജീവിതം. പക്ഷെ, അവളോട് എനിക്കൊരു ഇഷ്ടം തോന്നി.
“എനിക്ക് ഇത് വരെയില്ലാത്ത ഒരു ഭയം. മരണഭയം..”
അത്ര പറയാനേ എനിക്കായുള്ളൂ.
“റാഹില, നമുക്ക് ഇനി മരണമില്ല. നമ്മുടെ മരണം എന്നേ കഴിഞ്ഞിരിക്കുന്നു. ആദ്യമായി നമ്മളെ പോലീസ് പിടിച്ചപ്പോൾ നമ്മൾ മരിച്ചു കഴിഞ്ഞിരിക്കുന്നു. പിന്നെ പോലീസ്…. കോടതി… മണിക്കൂറുകൾക്ക് വില പറയുന്ന…”
വത്സല തത്വചിന്തകയായി. വിദ്യാഭ്യാസം ഇല്ലെങ്കിലും ജീവിതത്തിൽ നിന്നും വത്സല പലതും പഠിച്ചിരിക്കുന്നു.
“എന്തായാലും നീ കത്ത് വായിക്കുന്നത് തുടർന്നോ. ജീവിതത്തിൽ നമ്മുടെ രാവുകൾ ഉറക്കം ഇല്ലാത്തതായിരുന്നല്ലോ? ഇനി മരണം വരെ ശ്വാസം കഴിച്ചു ഉറങ്ങാം. പിന്നെ ശ്വാസം ഇല്ലാതെ ഉറങ്ങാം..”
വത്സല ഉറങ്ങാൻ പോയി.
ഞാൻ അടുത്ത കത്തെടുത്തു.
<< നീ മറുപടി ഇത് വരെ അയച്ചില്ല. അയക്കില്ലെന്ന് എനിക്കറിയാം. മറുപടി ഞാൻ പ്രതീക്ഷിക്കുന്നില്ല.
ഗൾഫിലുണ്ടായിരുന്ന ഞാൻ നിന്നെ വിവാഹം ചെയ്ത് പത്ത് വർഷം ഒന്നിച്ചു ജീവിച്ചു. എന്റെ ഡ്രൈവറുടെ കൂടെ നീ പോയി, എനിക്കൊരു മകളേയും തന്ന് കൊണ്ട്. കോടതിയിൽ മകളെ വേണമെന്ന് നീ ആവശ്യപ്പെടും എന്നാണ് ഞാൻ കരുതിയത്. അങ്ങിനെ ആവശ്യപ്പെട്ടാലും അതിനെ എതിർക്കണമെന്ന് എന്റെ വക്കീലിനോട് ഞാൻ പറഞ്ഞിരുന്നു. പക്ഷെ നീ മകളെയും ഉപേക്ഷിച്ചു.
നമ്മുടെ മോൾ MBBS പാസായി. അവളൊരു ഡോക്ടർ ആയി. അത് കാണാനെങ്കിലും നീ വരില്ലേ? നിന്നെ കാണിച്ചു ഒരു പ്രതികാരം ചെയ്യാനല്ല. അവളുടെ സന്തോഷം നിനക്ക് കാണാൻ.
അവളെ പെണ്ണ് കാണാൻ ഇന്ന് ഒരു കൂട്ടർ വരുന്നുണ്ട്. അമേരിക്കയിൽ ഹയർ ഡിഗ്രിക്ക് പഠിക്കുന്ന ഒരു ഡോക്ടർ ആണ് പയ്യൻ. എനിക്ക് ഇഷ്ടമായി. മോൾക്കും. അവർക്ക് നമ്മുടെ എല്ലാ വിവരവും അറിയാം. അവർക്ക് ഇഷ്ടക്കേടില്ലെന്നാണ് തോന്നുന്നത്. ഇതാ അവരെത്തി. ഞാൻ പിന്നീട് എഴുതാം. >>
പുറത്ത് മഴക്കും മിന്നലിനും ശക്തി കൂടിയിരിക്കുന്നു. കൂട്ടത്തോടെ ഇടിവെട്ടും. മരണദേവൻ എന്റെ അടുത്തേക്ക് വരുന്നതായി എനിക്ക് തോന്നി. എന്തായാലും ഞാൻ ആൽമഹത്യ ചെയ്യില്ല. അത് തെറ്റാണ്.
വാർഡന്റെ കാലൊച്ച കേൾക്കുന്നു. ഇല്ലല്ലോ. അത് തോന്നിയതായിരിക്കുമോ? ഒരു പക്ഷെ, മരണദൂതന്റെ കാലൊച്ച ആയിരിക്കുമോ?
റൂമിന്റെ പുറത്ത് തന്നെ ഇടിവെട്ടി. ഞാൻ ഓടിച്ചെന്ന് വത്സലയെ കെട്ടിപിടിച്ചു. പിന്നെ ഭയം നോക്കാതെ അടുത്ത കത്ത് വായിക്കാൻ തുടങ്ങി.
<< ഞാൻ കഴിഞ്ഞ കത്തിൽ എഴുതിയ കാര്യമുണ്ടല്ലോ? മോളുടെ വിവാഹകാര്യം. അവർക്ക് ഇഷ്ടപ്പെട്ടു. നോമ്പ് കഴിഞ്ഞാൽ വിവാഹമാണ്. വിവാഹം കഴിഞ്ഞാൽ നമ്മുടെ മോളെ അവർ അമേരിക്കയിലേക്ക് കൊണ്ട് പോകും.
കല്യാണത്തിന് നീ വരില്ലേ? വരണം. അവളെ അവന്റെ കയ്യിൽ ഏൽപ്പിക്കേണ്ടേ? അവളുടെ വിവാഹം കഴിഞ്ഞാലും ഞാൻ വേറെ വിവാഹം കഴിക്കുന്നില്ല.
നിന്നെ വീണ്ടും ലോഡ്ജിൽ നിന്ന് റെയ്‌ഡിൽ പിടിച്ചെന്നറിഞ്ഞു. ഇപ്രാവശ്യം അവൻ നിന്നെ രക്ഷിക്കാൻ വന്നില്ല അല്ലെ? ചുക്കിച്ചുളിഞ്ഞ നിന്നെ ഇനി ആർക്ക് വേണം. അവൻ മറ്റൊരു ഇരയെ സ്വന്തമാക്കി എന്ന് ഞാൻ അറിഞ്ഞു. ഇപ്പോൾ നിനക്ക് സ്ഥിരമായി റെസ്ക്യൂ ഷെൽട്ടറിൽ അഭയം അല്ലെ? എന്തായാലും നമ്മുടെ ബന്ധം മുറിഞ്ഞു എന്നുണ്ടെങ്കിലും മുറിച്ചാൽ മുറിയാത്ത പൊക്കിൾകൊടി ബന്ധം ഉണ്ടല്ലോ. എന്റെ കയ്യിൽ ഏൽപ്പിച്ച നമ്മുടെ മോളുടെ വിവാഹം. മറക്കരുത്. ഞാൻ പിന്നീട് എഴുതാം. >>
കാറ്റിന് ശക്തി കൂടി. കൊടുങ്കാറ്റ് ആയി മാറുന്ന പോലെ. കറന്റ് പോയി. ഭയം എന്നെ മഥിച്ചു. മരണദേവന്റെ കറുത്ത കൈ എന്റെ നേരെ നീളുകയാണ്. ഇനി രക്ഷയില്ല. ‘അള്ളാ’ ഞാൻ അട്ടഹസിച്ചു.
“നീയെന്താ റാഹില പേടിച്ചോ? ഞാൻ നിന്റെ കട്ടിലിന്റെ മുകളിലുള്ള ടോർച്ച് എടുക്കാൻ വന്നതാ.. ബാത്ത്റൂമിലേക്ക് പോകാൻ”
വത്സല അത് പറഞ്ഞപ്പോഴാണ് സമാധാനമായത്.ഇന്ന് വന്ന കത്തെടുത്ത് വായിച്ചു.
<< നമ്മുടെ മോളുടെ കല്യാണം ഗംഭീരമായി കഴിഞ്ഞു. നീ വരുമെന്ന് ഞാൻ പ്രതീക്ഷിച്ചു. ഉമ്മാടെ സ്ഥാനത്ത് എന്റെ അനുജത്തി എല്ലാം ചെയ്തു.
അവൻ എന്നെയും അമേരിക്കയിലേക്ക് കൊണ്ട് പോവുമത്രേ. ഞാൻ വരുന്നില്ലെന്ന് പറഞ്ഞു. അവൻ കാരണമൊന്നും ചോദിച്ചില്ല. അവൾ ഒരു കാര്യം പറഞ്ഞു. അത് ഞാൻ എഴുതാം. അത് വായിച്ചിട്ട് നീ നമ്മുടെ മോളെ ശപിക്കരുത്, വെറുക്കരുത്. അവൾ എന്താ പറഞ്ഞതെന്നോ.. അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം അവൾ ഡോക്ടർ ആയതോ അമേരിക്കയിലുള്ള ഡോകടർ വിവാഹം കഴിച്ചതോ അല്ല, എന്റെ മകളായി ജനിച്ചതാണത്രേ. എന്നാൽ നിന്റെ വയറ്റിൽ പിറന്നതാണത്രേ ഏറ്റവും വലിയ ദുഃഖം. നീ അവളെ വെറുക്കരുത്.
ഞാൻ ഇപ്പോൾ വീട്ടിൽ ഒറ്റക്കാണ്. അങ്ങോട്ട് ചെല്ലാൻ അവർ വിളിച്ചു. ഞാൻ പോയില്ല. എന്റെ മകളില്ലാതെ എനിക്ക് ഉറക്കം വരുന്നില്ല. എന്ത് ചെയ്യാൻ. എല്ലാം സഹിച്ചല്ലേ പറ്റൂ. ഞാൻ പിന്നീട് എഴുതാം. >>
കട്ടിലിൽ ചെന്ന് കിടന്നു. വത്സല നല്ല ഉറക്കത്തിലാണ്. ഉറക്കം വരുന്നില്ല. എപ്പോഴോ ഉറങ്ങി.
പിറ്റേന്ന് കാലത്ത് വാർഡന്റെ അനുവാദം വാങ്ങി ഞാൻ പുറത്ത് പോയി. ധരിക്കാൻ ഒരു പർദ്ദയും കണ്ണ് മാത്രം പുറത്ത് കാണുന്ന നിക്കാബും വാങ്ങി. ബസ്സിൽ എന്റെ ഗ്രാമത്തിൽ ഇറങ്ങി. ഇനി കുറച്ചു നടക്കണം. ആർക്കും എന്നെ മനസ്സിലാവാതിരിക്കാനാണ് ഞാൻ പർദ്ദ ധരിച്ചത്.
പര്‍ദ്ദ മാന്യമായ വേഷമാണ്. പക്ഷെ, ചില പര്‍ദ്ദ ധരിച്ച സ്ത്രീകളുടെ ജീവിതം കാണുമ്പോള്‍ അവരുടെ പര്‍ദ്ദ സ്വര്‍ഗത്തില്‍ പോവുമെന്ന് ഷെരീഫുക്ക എവിടെയോ എഴുതിയത് ഓര്‍മ വന്നു. പര്‍ദ്ദയെ അവഹേളിക്കുന്ന തരത്തിലുള്ള ജീവിതം. ഒരു നിലക്ക് ഞാനും ആ ഗണത്തില്‍പെടുമല്ലോ? ഇവിടെ എന്റെ ഉദ്യേശ്യം തന്നെ എന്നെ ആരും തിരിച്ചറിയരുതെന്നാണ്.
ഞാൻ ആ വീടിന്നടുത്തെത്തി. ചുറ്റും ആൾക്കൂട്ടം. എല്ലാവരും എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ട്. സ്വന്തക്കാർക്ക് പോലും എന്നെ മനസ്സിലാവുന്നില്ല. എങ്ങിനെ മനസ്സിലാവാനാണ്?
“അപ്പോൾ ഇനി മയ്യത്ത് കഫൻ ചെയ്യുകയാണ്. ഇനി മയ്യത്ത് ആർക്കെങ്കിലും കാണാനുണ്ടോ?”
ആരോ വിളിച്ചു ചോദിച്ചു. എന്റെ പഴയ ഭർത്താവ് മരിച്ചെന്ന ദുഃഖസത്യം ഉൾക്കൊള്ളാൻ എനിക്ക് പ്രയാസമായിരുന്നു. പക്ഷെ, അത് സത്യമാണ്. ഞാൻ ദുഃഖം മനസ്സിലൊതുക്കി. മയ്യിത്തിന്റെ ചുറ്റും നിന്നിരുന്നവരെ മാറ്റി ഞാൻ ആ മയ്യത്തിന്റെ തലഭാഗത്ത് ഇരുന്നു.
ഞാനാരേയും ശ്രദ്ധിക്കാൻ പോയില്ല. എനിക്ക് അദ്ദേഹത്തോട് മാപ്പു ചോദിക്കാൻ ഇനി കഴിയില്ല. അവസാനമായി ആ മനുഷ്യന്റെ മുഖത്തൊരു മുത്തം കൊടുക്കണം. അങ്ങിനെയെങ്കിലും എനിക്ക് സമാധാനിക്കാമല്ലോ?
ഞാൻ എന്റെ ചുണ്ടുകൾ ആ മനുഷ്യന്റെ ചുണ്ടിനോടടുപ്പിച്ചു.
പെട്ടെന്ന് എന്റെ മനസ്സ് മന്ത്രിച്ചു.. വേണ്ട എന്റെ ഈ ചുണ്ടും ദേഹവും ഒരു പാട് പാപക്കറ ഉള്ളതാണ്. ആ നല്ലവനായ മനുഷ്യന്റെ ദേഹത്ത് തൊടാനുള്ള യോഗ്യത ഈ എനിക്കോ പാപിയായ എന്റെ ദേഹത്തുള്ള പർദ്ദക്കോ ഇല്ല.
ഞാൻ മുത്തം കൊടുക്കാതെ എഴുനേറ്റു. മയ്യിത്ത് വഹിച്ചുള്ള കട്ടിൽ പുറത്തേക്ക്.. പള്ളികാട്ടിലേക്ക്….
പാപിയായ ഞാൻ വീണ്ടും റെസ്ക്യൂഹോമിലേക്ക്….

Share This:

Comments

comments